വെളുപ്പിനു ബാലയുടെ വീടിനു മുന്നിൽ സ്ത്രീയും കുഞ്ഞും; ‘ഇത് കെണിയാണ്’; സിസിടിവി ദൃശ്യവുമായി താരം
Mail This Article
വെളുപ്പിന് നാല് മണിയോടു കൂടി തന്റെ വീടിനു പുറത്തുനടന്ന അസാധാരണ സംഭവങ്ങളുടെ വിഡിയോയുമായി നടൻ ബാല. വീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്തു വിട്ടത്. നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ഒരു സ്ത്രീയും കുട്ടിയും അവർക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്.
വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആളുകൾ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാല ആരോപിക്കുന്നത്. കോളിങ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ബാല പറയുന്നു. ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ലെന്നും ബാല പറയുന്നു.
ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം എന്ന നിലയിലുമാണ് ബാല വിഡിയോയിൽ സംസാരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുമെന്നും താരം പറഞ്ഞു.
നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന മുൻഭാര്യ നൽകിയ പരാതിയില്‍ ബാലയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിബന്ധനകൾ വച്ച് നടന് ഹൈക്കോടതി ജാമ്യം നൽകുകയും ചെയ്തു.