ADVERTISEMENT

അമൽ നീരദ് തന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല എന്ന് നടി ജ്യോതിർമയി. ഔപചാരികമായ ഒരു പ്രൊപ്പോസൽ നടത്തിയിരുന്നെങ്കിൽ താൻ അത് നിരസിച്ചേനെ എന്നും ജ്യോതിർമയി പറയുന്നു. അമലും താനും കോളജ് കാലം മുതൽ സുഹൃത്തുക്കളായിരുന്നുവെന്നും ഇടയ്ക്ക് കോൺടാക്റ്റ് നഷ്ടപ്പെട്ടെങ്കിലും ഒടുവിൽ എങ്ങനെയോ തങ്ങളുടെ സൗഹൃദം വിവാഹത്തിലെത്തി എന്നുമാണ് ജ്യോതിർമയി പറയുന്നത്. ജ്യോതിർമയിയും അമൽ നീരദും വളരെ ലളിതമായ ചടങ്ങിലൂടെയാണ് 2015ൽ വിവാഹിതരായത്.  തങ്ങളുടെ പ്രണയ കഥ ഒരു  മീഡിയയ്ക്ക് മുന്നിലും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.  ഇപ്പോൾ ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ സൗഹൃദത്തേയും വിവാഹത്തെയും കുറിച്ച് ജ്യോതിർമയി തുറന്നു പറഞ്ഞത്.  

‘‘അമലും ഞാനും സുഹൃത്തുക്കളായിരുന്നു, കോളജിൽ പഠിക്കുന്ന കാലം തൊട്ട് അമലിനെ പരിചയമുണ്ടായിരുന്നു. കോളജിൽ ഞങ്ങളുടെ ചെയർമാനായിരുന്നു അമൽ, അതിനുശേഷം അദ്ദേഹം ബെർലിനിൽ പഠിക്കാൻ പോയി. പിന്നീട് തമ്മിൽ കോൺടാക്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ചു വന്ന് അമൽ ഒരു പരസ്യചിത്രം പ്ലാൻ ചെയ്‌തിരുന്നു. അമലിനെ മാത്രമല്ല അൻവറിനേയും ജയകൃഷ്‌ണനേയുമെല്ലാം എനിക്ക് കോളജ് കാലം മുതൽ അറിയാം.

അമലും സുഹൃത്തുക്കളും ചേർന്ന് ഒരു പരസ്യചിത്രം ചെയ്യാൻ പ്ലാനിട്ട സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോംമ്പെയറിങ്ങൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവർ എന്നെ അവർ സമീപിച്ചു. ഞങ്ങളുടെ വീടുകൾ ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്‌തു. പക്ഷേ അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല.  ഇതിനിടയിൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു.  പിന്നീട് വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ എപ്പോഴാണ് ഞങ്ങൾ അടുത്തതെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല.  എങ്ങനെയോ അത് സംഭവിക്കുകായിരുന്നു. കൃത്യമായ ഒരു പ്രൊപ്പോസൽ ഒന്നും നടത്തിയിട്ടില്ല. എല്ലായിടത്തും കാണുന്നത് പോലൊരു പ്രൊപ്പോസിങ് അമൽ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞേനെ. അമലിന് അമലിന്റേ്റേതായ ഒരു സ്റ്റൈലുണ്ട്. 

അമൽ നിർബന്ധിച്ചതിനാലാണ് ബോഗയ്ൻവില്ലയിൽ അഭിനയിച്ചത്. അന്റെ അടുത്ത് കഥ പറഞ്ഞ ശേഷം, ജ്യോതി ഈ കഥാപാത്രം ചെയ്യണമെന്ന് അമൽ പറയുകയായിരുന്നു. അത് കേട്ടപ്പോൾ ഞാൻ തന്നെ ചെയ്യണോ എന്നാണ് തിരിച്ചു ചോദിച്ചത്. കാരണം ഞാൻ കുറേ നാളുകളായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്. ജ്യോതിയാണ് എന്റെ ആദ്യത്തെയും അവസാനത്തേയും ചോയിസെന്നായിരുന്നു അമലിന്റെ മറുപടി. അങ്ങനെയാണ് എന്റെ കോൺഫിഡൻസ് അമൽ കൂട്ടിക്കൊണ്ട് വന്നത്.’’– ജ്യോതിർമയി പറയുന്നു. 

2001ൽ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും ജ്യോതിർമയി സ്വന്തമാക്കി.ലാൽ ജോസ് സംവിധാനം ചെയ്‌ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിർമയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.  അമൽ നീരദുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ജ്യോതിർമയി ഇപ്പോൾ ബോഗയ്ൻവില്ലയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

English Summary:

From Friends to Spouses: Jyothirmayi Reveals the Untold Story of Her Marriage to Director Amal Neerad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com