ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രവുമായി ലാൽ ജോസ്; ഒരു നായകൻ ഫഹദ്
Mail This Article
ലാൽ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസിൽ. മൾടി സ്റ്റാർ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദിനൊപ്പം മറ്റൊരു സൂപ്പർതാരം കൂടി ഉണ്ടാകും. കഥ കേട്ട് ഫഹദിന് ഇഷ്ടപ്പെട്ടെന്നും രണ്ടാമത്തെ കഥാപാത്രത്തിനായുള്ള ആളെ തേടിക്കൊണ്ടിരിക്കുകയാണെന്നും ലാൽ ജോസ് പറയുന്നു. സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണിത്.
കെ.എൻ. പ്രശാന്തിന്റെ 'പൊനം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിനു ശേഷം 12 വർഷം കഴിഞ്ഞാണ് ഫഹദും ലാൽജോസും വീണ്ടും ഒന്നിക്കുന്നത്. സ്‌ക്രിപ്റ്റ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. രണ്ട് നായകന്മാരുള്ള ചിത്രത്തിൽ രണ്ടാമത്തെ നായകനായി ടൊവിനോയെ സമീപിച്ചെന്നും എന്നാൽ ഡേറ്റ് ഇല്ലാത്തതുകൊണ്ട് അദ്ദേഹം പിന്മാറിയെന്നും ലാൽ ജോസ് പറഞ്ഞു.
‘‘ഫഹദിനെപ്പോലെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ഇതിലേക്ക് വന്നാൽ ബിസിനസ്സ് നല്ല രീതിയിൽ നടക്കും. ഒരുപാട് വയലൻസും ആക്‌ഷനും ഒക്കെയുള്ള കഥയാണ്. കാടന്റെ പശ്ചാത്തലത്തിൽ ഒരു പ്രതികാര കഥ. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.’’ ലാൽ ജോസിന്റെ വാക്കുകൾ.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം. രണ്ട് ഭാഷകളിലായി ആലോചിക്കുന്ന ചിത്രത്തിന്റെ നിർമാണം കന്നടയിലെ പ്രശസ്ത നിർമാതാക്കളായ ഹോംബാലെ ഫിലിംസായിരിക്കുമെന്നും സൂചനയുണ്ട്.
വിന്‍സി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍, ജോജു ജോര്‍ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘സോളമന്റെ തേനീച്ചകളാ’ണ് ലാൽ ജോസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.