ADVERTISEMENT

ആകാശമാണ് പരിധിയെന്ന് (സ്‌കൈ ഈസ് ദ് ലിമിറ്റ്) പ്രചോദനാത്മക വിദഗ്ധര്‍ കൂടെക്കൂടെ ആവര്‍ത്തിക്കാറുണ്ട്. മനുഷ്യനേട്ടങ്ങളെക്കുറിച്ചാണ് ഈ വിശേഷണം. ആകാശത്തോളമെത്തുന്ന സ്വപ്നതുല്യമായ വിജയങ്ങള്‍. ഒരുപക്ഷേ സ്വപ്നത്തിനും അപ്പുറം നില്‍ക്കുന്ന നേട്ടങ്ങള്‍. കേരളത്തില്‍ യൂസഫലി അടക്കം അപൂര്‍വം ചിലര്‍ക്ക് മാത്രം കരഗതമായ സമാനതകളില്ലാത്ത വിജയം സിനിമ എന്ന മാധ്യമത്തില്‍ തനിച്ചു നിന്ന് പോരാടി സ്വന്തമാക്കിയ ആത്മധൈര്യത്തിന്റെ പേരാണ് നയന്‍താര. നയന്‍താര ആകാശത്തോളം എത്തുകയല്ല ചെയ്തത്. സ്വയം ഒരു ആകാശമായി പരിണമിക്കുകയായിരുന്നു. പുതുകാലത്ത് പല നായികമാരും വണ്‍ടൈം വണ്ടേഴ്‌സാണ്. ഏകസിനിമാദ്ഭുതം! ഏറി വന്നാല്‍ പത്തില്‍ താഴെ സിനിമകളില്‍ ഒതുങ്ങുന്ന വിജയപ്പെരുമ. അഞ്ച് വര്‍ഷത്തിനപ്പുറം നിലനില്‍ക്കുന്നവരുടെ പേര് തന്നെ വിരളം. എന്നാല്‍ സൂപ്പര്‍ഹിറ്റായ ആദ്യചിത്രം മുതല്‍ പടിപടിയായി മഹാവിജയങ്ങളടെ നെറുകയിലേക്ക് അടിവച്ചടി വച്ച് നടന്ന നയന്‍താരയെ വെല്ലാന്‍ താരമൂല്യത്തിന്റെ കണക്കെടുപ്പില്‍ മറ്റൊരു നായിക ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

നയന്‍താരയെ ഇന്ത്യന്‍ സിനിമാ ചരിത്രം എങ്ങനെയാവും അടയാളപ്പെടുത്തുക? 

നായികാ പ്രാധാന്യമുളള സിനിമകളില്‍ അഭിനയിക്കുകയും ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യുക വഴി അഭിനയകലയുടെ ഉദാത്ത തലങ്ങളെ സ്പര്‍ശിച്ച നിരവധി നായികമാര്‍ നമുക്കുണ്ട്. ശാരദയില്‍ തുടങ്ങി ഉര്‍വശിയിലും ഇപ്പോള്‍ പാര്‍വതി തിരുവോത്തിലും എത്തി നില്‍ക്കുന്ന നായികാ വസന്തങ്ങള്‍ക്കിടയില്‍ അല്ല നയന്‍സിന്റെ സ്ഥാനം. നയന്‍സ് അപാരസിദ്ധി വിശേഷങ്ങളുളള അഭിനേത്രിയാണെന്ന് അവര്‍ പോലും പറയില്ല. എന്ന് കരുതി അവര്‍ ഒരു ശരാശരി നടിയൊന്നുമല്ല. ‘കൊലമാവ് കോകില’യടക്കമുളള ഓഫ്ബീറ്റ് സിനിമകളിലും ‘സീത’ പോലുളള പുരാണ സിനിമകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 

ഇതൊന്നുമല്ല നയന്‍താരയുടെ പ്രസക്തി. ശ്രീദേവിയും ഐശ്വര്യ റായിയും അടക്കം ഇന്ത്യന്‍ സിനിമയെയും പ്രേക്ഷകസമൂഹത്തെയും ഒന്നാകെ മോഹിപ്പിച്ച സ്വപ്നസുന്ദരിമാര്‍ അരങ്ങ് തകര്‍ത്ത കാലത്തും അവര്‍ അഭിനയിച്ച സിനിമകളുടെ ചുക്കാന്‍ നായകന്റെ കൈകളിലായിരുന്നു. ഒരു സിനിമ തനിച്ച് നിന്ന് ഷോര്‍ഡര്‍ ചെയ്യാന്‍ തക്ക അത്യപുര്‍വമായ ജനപ്രീതി ഇവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നതായി ചലച്ചിത്രവ്യവസായം വിലയിരുത്തിയിട്ടില്ല. ഒരു നായിക ഉളളതു കൊണ്ട് മാത്രം സിനിമയ്ക്ക് ഇനീഷ്യല്‍ കലക്‌ഷന്‍ ഉണ്ടാവുന്ന പ്രവണത ആകെ സംഭവിച്ചിട്ടുളളത് ബേബി ശാലിനിയുടെ കാലത്താണ്. അന്ന് അവര്‍ ബാലതാരമായിരുന്നു എന്നതും മമ്മൂട്ടിയെ പോലെ താരമൂല്യമുളള നായകനൊപ്പം നിന്ന ഒരു ബിസിനസ് ഫാക്ടര്‍ മാത്രമായിരുന്നു. നായിക എന്ന നിലയില്‍ ആ ഇഫക്ട് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. അനിയത്തിപ്രാവും നിറവും മറ്റും വിജയിച്ചതില്‍ ശാലിനി ഒരു നിര്‍ണായക ഘടകമാണെന്ന് പറയാമെങ്കിലും അത് മാത്രമായിരുന്നില്ല ആ സിനിമകളുടെ വിജയരഹസ്യം. ഈ രണ്ട് സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നായികയായ ശാലിനി ഒരു തരംഗമായതുമില്ല. 

nayanthara-diana5

ഇന്ത്യന്‍ സിനിമ കണ്ട ‘കംപ്ലീറ്റ് ആക്ട്രസ്’ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഉര്‍വശിയുടെ പീക്ക് ടൈമില്‍ പോലും ഉര്‍വശി അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം സിനിമയുടെ ബിസിനസ് നടന്നതായി അറിവില്ല. ശോഭന, പാര്‍വതി തിരുവോത്ത്, മഞ്ജു വാരിയർ എന്നിവരുടെ കാര്യവും വിഭിന്നമല്ല. എന്നാല്‍ നയന്‍താരയുടെ സ്ഥിതി ഇതല്ല. രജനികാന്ത് നായകനായി വന്നാലും നയന്‍സിന്റെ സാന്നിധ്യം സിനിമയുടെ ഇനീഷ്യല്‍ കലക്‌ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രസക്തഘടകമായി. അവര്‍ തനിച്ച് അഭിനയിക്കുന്ന സിനിമകള്‍ക്കും വലിയ ബിസിനസ് വാല്യൂ കൈവന്നു. അഭിനയത്തിന്റെ മേന്മയ്ക്കപ്പുറം തെന്നിന്ത്യന്‍ പ്രേക്ഷകസമൂഹത്തിന് അവരോട് വലിയ ആരാധനയും മമതാ ബന്ധവും തോന്നിപ്പിക്കും വിധം ഈശ്വരന്റെ കരസ്പര്‍ശമുളള താരോദയമായിരുന്നു അവരുടേത്.

ഡയാന കുര്യന്‍ നയന്‍സാകുന്നു

നടിയാകണമെന്ന് ഒട്ടും ആഗ്രഹിക്കാതിരിക്കുകയും നിയോഗവഴിയില്‍ പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ എത്തിച്ചേരുകയും ചെയ്ത താരമാണ് നയന്‍താര. തിരുവല്ലയിലെ യാഥാസ്ഥിതിക ക്രൈസ്തവ കുടുംബമായ കൂടിയാട്ട് കുര്യന്റെയും ഓമനയുടെയും മകളായി ജനിച്ച നയന്‍സിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജാംനഗര്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു. പിതാവ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന കാലത്തായിരുന്നു ഇത്. ഏകസഹോദരന്‍ ലെനോ യുഎഇയില്‍ ജോലി ചെയ്യുന്നു. 

nayanthara-diana-mariam

പഠിക്കുന്ന കാലത്ത് ഒരു പാര്‍ടൈം ജോലിയായി അവര്‍ മോഡലിങ് ചെയ്തിരുന്നു. ഒരു വരുമാനമാര്‍ഗം എന്നതിനപ്പുറം അത് പ്രൊഫഷനാക്കുകയെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റാവുക എന്നതായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ തന്റെ രൂപഭംഗിയെക്കുറിച്ച് കരുതലുളള പെണ്‍കുട്ടിയായിരുന്നു നയന്‍താര. സ്‌കൂളില്‍ വരുന്നതിന് മുന്‍പ് അവര്‍ ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്നോ എന്ന് പോലും തങ്ങള്‍ സംശയിച്ചിരുന്നതായി സഹപാഠിയായ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. കോളജ് പഠനകാലത്ത് ‘ബെസ്റ്റ് മോഡല്‍ ഇന്‍ കേരള ഫിനാലെ’യുടെ റണ്ണര്‍ അപ്പായിരുന്നു നയന്‍സ്. അതോടെ ഡയാന കോളജില്‍ താരമായി. തിരുവല്ല മാര്‍ത്തോമാ കോളജില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിൽ ‘ചമയം’ എന്ന പരിപാടിയുടെ അവതാരകയായി. സിനിമ തന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നതായി ഒരു കാലത്തും നയന്‍സ് പറഞ്ഞിട്ടില്ല.

nayanthara-diana-mariam22

ഫഹദിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത ‘കയ്യെത്തും ദൂരത്ത്’ എന്ന പടത്തിനായി ഒരു പുതുമുഖ നായികയെ തിരയുന്ന സമയം. ഡയാന മറിയം കുര്യന്‍ എന്നായിരുന്നു അന്ന് നയന്‍സിന്റെ പേര്. നയന്‍സിന്റെ പ്രോഗ്രാം കാണാനിടയായ ഫാസില്‍ അവരെ ആ സിനിമയിലേക്ക് ക്ഷണിച്ചു. പൂര്‍ണിമാ ജയറാം, നദിയാ മൊയ്തു, ശാലിനി മുതല്‍ എത്രയോ വലിയ നായികമാരെ സൃഷ്ടിച്ച സംവിധായകനാണ് തിരുവല്ലയില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തന്റെ പടത്തിലേക്ക് ക്ഷണിക്കുന്നത്. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ പലരെയും വലിയ നായകന്‍മാരാക്കിയ സംവിധായകന്റെ മകന്‍ നായകനാകുന്ന ആദ്യചിത്രം. ഓഡിഷനും ട്രെയിനിങ്ങും കഴിഞ്ഞപ്പോള്‍ ആ കഥാപാത്രത്തിന് നയന്‍സ് യോജിക്കില്ലെന്ന് ഫാസിലിന് തോന്നി. അദ്ദേഹം ഡയാനയെ മടക്കി അയച്ചു.

ആ റോളില്‍ പിന്നീട് പഞ്ചാബിയായ നിഖിത അഭിനയിക്കുകയും ചെയ്തു. ഡയാനയ്ക്ക് വല്ലാത്ത നിരാശ തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഇനിയൊരിക്കലും സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുമ്പോഴാണ് അവിചാരിതമായി സത്യന്‍ അന്തിക്കാടിന്റെ ക്ഷണം വരുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ‘മനസ്സിനക്കരെ’ എന്ന പടത്തില്‍ ജയറാമിന്റെ നായികയായി ഒരു പെണ്‍കുട്ടി വേണം. വിവരം അറിഞ്ഞ ഫാസിലാണ് ഡയാനയുടെ പേര് നിര്‍ദ്ദേശിച്ചത്. തനിക്ക് തീരെ താത്പര്യമില്ലെന്ന് നയന്‍സ് തുറന്ന് പറഞ്ഞു. സത്യന്‍ വീണ്ടും നിര്‍ബന്ധിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ‘എന്തായാലും ഒന്ന് വന്ന് കാണൂ, അഭിനയിക്കണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാ’മെന്ന് അദ്ദേഹത്തെ പോലൊരാള്‍ സ്‌നേഹപൂര്‍വം പറഞ്ഞപ്പോള്‍ നിരസിക്കാനായില്ല. അങ്ങനെ സത്യനെ കാണാന്‍ പോയ ഡയാനയ്ക്ക് അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം മനസ് മാറാന്‍ ഇടയാക്കി. അങ്ങനെ ‘മനസ്സിനക്കരെ’യില്‍ നായികയായി.

nayanthara-diana-mariam2

സിനിമയ്ക്ക് യോജിച്ച കുറെക്കൂടി ആകര്‍ഷകമായ ഒരു പേര് നിര്‍ദ്ദേശിച്ചതും സത്യന്‍ തന്നെയായിരുന്നു. സത്യന്‍ കുറെ പേരുകള്‍ കണ്ടെത്തിയ ശേഷം അത് ഒരു കടലാസില്‍ എഴുതി ഡയാനയ്ക്ക് നല്‍കി. അതില്‍ നിന്നും അവര്‍ സ്വയം തിരഞ്ഞെടുത്ത പേരായിരുന്നു നയന്‍താര. നാളെ ഇതര ഭാഷകളിലേക്ക് പോകുമ്പോഴും ഈ പേര് പ്രയോജനം ചെയ്യുമെന്ന് സത്യന്‍ പറഞ്ഞു. ആ പ്രവചനം യാഥാർഥ്യമായി. താന്‍ വായിച്ച ഒരു ബംഗാളി നോവലില്‍ നിന്നാണ് ഈ പേര് ലഭിച്ചതെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ സത്യന്‍ പറഞ്ഞു.‌ ഗുരുത്വത്തിന് വിലയില്ലാത്ത സിനിമയില്‍ അക്കാര്യത്തിലും നയന്‍താര വ്യത്യസ്തയാണ്. തന്നെ സിനിമയില്‍ പരിചയപ്പെടുത്തിയ സത്യന്‍ അന്തിക്കാടിനെ അവര്‍ ഇടയ്‌ക്കൊക്കെ വിളിച്ച് സംസാരിക്കാറുണ്ട്. ഒരിക്കല്‍ അവര്‍ പറഞ്ഞു. 'കൃത്യനിഷ്ഠയെക്കുറിച്ച് സര്‍ നല്‍കിയ ഉപദേശം ഞാന്‍ ഇന്നും മറന്നിട്ടില്ല'. സത്യന്‍ പോലും മറന്ന് പോയ ആ വാക്കുകള്‍ അവര്‍ ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു.

ആദ്യചിത്രം സൂപ്പര്‍ഹിറ്റായ ഭാഗ്യനായിക

‘മനസ്സിനക്കരെ’ ഷീലയുടെ രണ്ടാം വരവ് കൂടി ആഘോഷിച്ച സിനിമയായിരുന്നു. പടം പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായി. നയന്‍സിന്റെ അഭിനയം കൊളളാമെന്ന് വ്യാപകമായ അഭിപ്രായം ഉണ്ടായി. അപ്പോഴും പൂര്‍ണ്ണമായി പാകപ്പെട്ട ഒരു അഭിനേത്രിയായിരുന്നില്ല നയന്‍സ്. ഒരു തുടക്കക്കാരിയുടെ അപക്വത അഭിനയത്തില്‍ എവിടെയൊക്കെയോ ദൃശ്യമായിരുന്നു. എന്നാല്‍ മനസ്സിനക്കരെയുടെ വിജയം തുടര്‍ച്ചയായി  അവസരങ്ങള്‍ കൊണ്ടുവന്നു. അന്ന് മലയാളത്തിലെ പല യുവനായികമാരുടെയും ആയുസ് കഷ്ടിച്ച് 5 വര്‍ഷമാണ്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എന്ന രീതിയിൽ  മാത്രമേ ആരംഭകാലത്ത് നയന്‍സിനെയും കണ്ടിരുന്നുളളു. മനസ്സിനക്കരെയ്ക്ക് ശേഷം ഫാസിലിന്റെ വിസ്മയത്തുമ്പത്തില്‍ നായികയായെങ്കിലും പടം പ്രതീക്ഷിച്ചത്ര വിജയം ആയില്ല. തുടര്‍ന്ന് മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രമായ നാട്ടുരാജാവിലും നായികയായി. നായകകേന്ദ്രീകൃതമായ ഒരു മാസ്പടത്തില്‍ നയന്‍സിന്റെ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

nayanthara-natturajavu

നാളെ ഒരു വലിയ താരമാവുന്നതിന്റെ വിദൂര സൂചനകള്‍ പോലും ഈ സിനിമകളൊന്നും നല്‍കിയതുമില്ല. മമ്മൂട്ടിയുടെ നായികയായി ‘തസ്‌കരവീരനി’ല്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ആ സിനിമയും വിചാരിച്ചതു പോലെ വിജയമായില്ല. കമല്‍ സംവിധാനം ചെയ്ത ‘രാപ്പകല്‍’ എന്ന മമ്മൂട്ടി ചിത്രമായിരുന്നു അടുത്തത്. പടം വിജയിച്ചു എന്ന് മാത്രമല്ല അഭിനേത്രി എന്ന നിലയില്‍ നയന്‍താരയുടെ പ്രകടനം മെച്ചപ്പെട്ട് വരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ പ്രകടമാക്കിയ ചിത്രം കൂടിയായിരുന്നു അത്. അപ്പോഴും ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്ന ഒരു താരമായി തീരുമെന്നോ ചരിത്രത്തില്‍ മറ്റാര്‍ക്കും സാധിക്കാത്ത അപൂര്‍വ നേട്ടത്തിന് ഉടമയായി തീരുമെന്നോ ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

nayanthara-diana-mariam222

തമിഴ്‌സിനിമ തുണയായി

മലയാളത്തില്‍ മറ്റേതൊരു നായികയെയും പോലെ നായകന്റെ തണലില്‍ നില്‍ക്കാന്‍  വിധിക്കപ്പെട്ട ഹീറോയിന്‍ തന്നെയായിരുന്നു നയന്‍സ്. പില്‍ക്കാലത്ത് ‘ബോഡിഗാര്‍ഡ്’ പോലുളള സിനിമകളില്‍ അതിശക്തമായ കഥാപാത്രം ചെയ്തിട്ടും ദിലീപ് എന്ന അക്കാലത്തെ മോസ്റ്റ് വാണ്ടഡ് ആക്ടറുടെ ക്രെഡിറ്റില്‍ പോയി സിനിമ. സിദ്ദീഖ് എന്ന സ്റ്റാര്‍ ഡയറക്ടറുടെ സാന്നിധ്യം വേറെ. എന്നാല്‍ തമിഴില്‍ സ്ഥിതി അതല്ല. പുതുമുഖ നായകന്‍ അഭിനയിച്ചാലും ആരു സംവിധാനം ചെയ്താലും നയന്‍സാണ് നായികയെങ്കില്‍ ജനം ഇടിച്ചു കയറും. 40ല്‍ എത്തി നില്‍ക്കുന്ന ഘട്ടത്തിലും വിവാഹിതയായിട്ടും അവരുടെ ജനപ്രീതിക്ക് തെല്ലും കുറവില്ല.

വളരെ സാധാരണ തലത്തിലുളള തുടക്കമായിരുന്നു തമിഴിലും അവരുടേത്. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയില്‍ രജനികാന്തിന് ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തില്‍ വിനയാ പ്രസാദ് ചെയ്ത കഥാപാത്രമാണ് നയന്‍സ് ചെയ്തത്. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെ ശരത്കുമാറിന്റെ അയ്യായിലും അജിത്തിന്റെ ബില്ലയിലും അവര്‍ നായികയായി. 

nayanthara-3

മൂന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കി. മൂന്ന് ചിത്രങ്ങളും വിജയമായതോടെ രാശിയുളള നായിക എന്ന വിശേഷണം തമിഴ് ഇന്‍ഡസ്ട്രി അവര്‍ക്ക് നല്‍കി. ചന്ദ്രമുഖി 800 ദിവസത്തിലധികം തിയറ്ററുകള്‍ നിറഞ്ഞോടി. പിന്നീട് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു. തമിഴിലെ ഒട്ടുമുക്കാലും മുഖ്യധാരാ നായകന്‍മാരുടെയെല്ലാം സിനിമകളില്‍ നായികയായി. ഗജിനി, ശിവകാശി, വല്ലവന്‍, യാരടി നീ മോഹിനി, കുസേലന്‍, രാജാറാണി, മായ, ഡോറ എന്നീ സിനിമകളെല്ലാം കരിയർ മാറ്റിമറിച്ചു. വെങ്കിടേഷ്, നാഗാര്‍ജുന, പ്രഭാസ് തുടങ്ങിയ നായകന്‍മാര്‍ക്കൊപ്പം തെലുങ്കിലും മോഹിപ്പിക്കുന്ന വിജയം നേടി. ബിഗില്‍ എന്ന തമിഴ് ചിത്രത്തില്‍ മറ്റൊരു കീഴ്‌വഴക്കം കൂടി അവര്‍ പൊളിച്ചടുക്കി. വിജയ് നായകനായ ആ സിനിമയില്‍ തത്തുല്യമായ വേഷത്തില്‍ നയന്‍സ് മികച്ച പ്രകടനം കാഴ്ചവച്ചു.

nayanthara-32

നയന്‍സിന്റെ സിനിമകള്‍ കോടികളുടെ ബിസിനസ് കൊയ്തു. സമകാലികരായ നായികമാര്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത വിസ്മയവിജയമായിരുന്നു അവരുടേത്. ശ്രീരാമരാജ്യത്തിലെ സീത, കൊലമാവ് കോകില എന്നീ സിനിമകളിലൂടെ താന്‍ വെറും ബിസിനസ് ഫാക്ടര്‍ മാത്രമല്ലെന്നും മികച്ച അഭിനേത്രി കൂടിയാണെന്നും അവര്‍ തെളിയിച്ചു. മികച്ച നടിക്കുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്ദി പുരസ്‌കാരവും ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നിരവധി തവണ ലഭിച്ചു. തമിഴിനൊപ്പം തെലുങ്കിലും നയന്‍സിന്റെ സിനിമകള്‍ക്ക് ഉയര്‍ന്ന സ്വീകാര്യത ലഭിച്ചു. മൂക്കുത്തി അമ്മന്‍ നായകനില്ലാതെ നയന്‍താരയുടെ പ്രഭാവം കൊണ്ട് മാത്രം അത്യപൂര്‍വ വിജയം സ്വന്തമാക്കി. 

നയന്‍താര അഭിനയിക്കുന്നു എന്ന ഏക കാരണത്താല്‍ ജനം തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. നിര്‍മാതാക്കള്‍ പറയുന്ന പ്രതിഫലം കൊടുത്ത് അവരെ ബുക്ക് ചെയ്യാന്‍ മത്സരിച്ചു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറി. ആമസോണ്‍ പ്രൈമും സോണി ലൈവും നെറ്റ്ഫ്‌ളിക്‌സും അവരുടെ സിനിമകളൂടെ ഒടിടി അവകാശത്തിനായി വിലപേശി. അവരുടെ സ്വകാര്യയാത്രകള്‍ പോലും വിഡിയോ ഫോര്‍മാറ്റില്‍ സംപ്രേഷണം ചെയ്യാന്‍ ഇവര്‍ കരാര്‍ വച്ചു. അപ്പോഴും അദ്ഭുതകരമായ ഒരു വൈരുദ്ധ്യം നിലനിന്നിരുന്നു. ‘ബോഡിഗാര്‍ഡ്’ പോലുളള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും ഇല്ലാത്ത സമയം കണ്ടെത്തി മാതൃഭാഷയില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടും മലയാളത്തിലെ ഒരു മുന്‍നിര താരമോ നടിയോ ആയി മാറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നയന്‍താരയുടെ പേരില്‍ ഇവിടെ വലിയ ബിസിനസും നടന്നില്ല. അവരുടെ തമിഴ് സിനിമകള്‍ക്ക് കേരളത്തിലും ഉയര്‍ന്ന സ്വീകാര്യത ലഭിച്ചു. 

വിവാഹത്തിലെത്തിയ പ്രണയം

നടി എന്ന നിലയില്‍ അചിന്ത്യമായ ഉയരങ്ങളിലേക്ക് മുന്നേറുമ്പോഴും വ്യക്തിജീവിതത്തില്‍ അവര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും ഒരു സ്ത്രീ എന്ന നിലയില്‍ അര്‍ഹിക്കുന്ന കരുതലും പരിഗണനയും സ്‌നേഹവും ആഗ്രഹിച്ച അവര്‍ ഇഷ്ടപ്പെട്ട ചിലരുമായി അത്തരം ബന്ധങ്ങളിലൂടെ കടന്നു പോയെങ്കിലും ആരും അവരോട് നീതി പുലര്‍ത്തിയില്ല. നടന്‍ ചിമ്പുവുമായുളള പ്രണയകഥകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ച അതേ വേഗതയില്‍ തമ്മില്‍ പിരിഞ്ഞ വാര്‍ത്തയും വന്നു. പിന്നീട് പ്രഭുദേവയുമായുളള അടുപ്പമായി വാര്‍ത്ത. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രഭുദേവയുടെ പേര് നയന്‍സ് തന്റെ ശരീരത്തില്‍ പച്ചകുത്തുന്ന തലത്തോളം ദൃഢമായിരുന്നു ആ ബന്ധം. അവര്‍ ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കാലാന്തരത്തില്‍ അതും വിസ്മൃതിയിലേക്ക് മറഞ്ഞു. ആത്മാര്ഥതയില്ലാത്ത ബന്ധങ്ങളിലേക്ക് പാവം മനസുളള അവര്‍ ചെന്നുപെടുകയായിരുന്നു എന്നായിരുന്നു പൊതുവെയുളള വിലയിരുത്തല്‍. 

nayanthara-vignesh

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം അവര്‍ തന്റെ യഥാർഥ പങ്കാളിയെ കണ്ടെത്തി. സംവിധായകന്‍ വിഘ്‌നേഷ് ശിവൻ. സിനിമാ മേഖലയില്‍ ആര്‍ക്കും വിയോജിപ്പില്ലാത്ത മാതൃകാപരമായ വ്യക്തിത്വം കൂടിയായിരുന്നു വിഘ്‌നേഷിന്റേത്. നാനും റൗഡി താന്‍ എന്ന പടത്തിന്റെ സെറ്റില്‍ വച്ചാണ് ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേഷുമായി നയന്‍സ് അടുക്കുന്നത്. സൈമാ അവാര്‍ഡ് ദാനവേളയില്‍ നയന്‍സിനെ സംഘാടകര്‍ സ്‌റ്റേജിലേക്ക് ക്ഷണിച്ചപ്പോള്‍ വിഘ്‌നേഷില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നതായി നയന്‍സ്  ആഗ്രഹം പ്രകടിപ്പിച്ചു. വേദിയില്‍ എത്തിയ വിഘ്‌നേഷിനെ കെട്ടിപ്പിടിച്ച് അവര്‍ സ്‌നേഹം പ്രകടിപ്പിച്ചു. ഇത് സദസില്‍ കൂട്ടച്ചിരി ഉണര്‍ത്തി എന്ന് മാത്രമല്ല അവര്‍ തമ്മിലുളള അടുപ്പത്തിന്റെ ആഴം വെളിവാക്കുകയും ചെയ്തു. 

പ്രണയത്താല്‍ പലകുറി മുറിവേറ്റിട്ടും ഒടുവില്‍ യഥാർഥ പങ്കാളിയില്‍ എത്തിച്ചേര്‍ന്ന നയന്‍സ് പ്രണയത്തെ അതിമനോഹരമായി നിര്‍വചിച്ചത് ഇങ്ങനെ: 'എന്റെ സ്വപ്നങ്ങള്‍ അയാളുടെ കൂടി സ്വപ്നമായി പരിണമിക്കുകയും ആ സ്വപ്നങ്ങള്‍ക്കൊപ്പം അയാള്‍ നിന്നു തരികയും ചെയ്യുമ്പോള്‍ മാത്രമാണ് നാം യഥാര്‍ഥത്തില്‍ പ്രണയിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്നത്'.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍  വിഘ്‌നേശും നയന്‍സും 2022 ജൂണ്‍ 9ന് മഹാബലിപുരത്തെ ഷെറാട്ടന്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ച് വിവാഹിതരായി. കോടികള്‍ ചിലവിട്ട് നടത്തിയ വിവാഹച്ചടങ്ങില്‍ ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. അതിഥികള്‍ക്ക് വിവാഹച്ചടങ്ങ് മൊബൈലില്‍ പകര്‍ത്തുന്നതിന് വിലക്കുണ്ടായിരുന്നു. ആ വിവാഹം പോലും കോടികളുടെ ഒരു ബിസിനസ് പ്രൊജക്ടായിരുന്നു. 

ഒരു വശത്ത് ബിസിനസ് താത്പര്യങ്ങള്‍ നയിക്കുമ്പോള്‍ മറുവശത്ത് മാനുഷികവും ആര്‍ദ്രവുമായ നയന്‍സിന്റെ ഹൃദയം ജനങ്ങള്‍ കണ്ടു. വിവാഹത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടിലെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലുമുളള ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അവര്‍ സദ്യ നല്‍കി. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുളളില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചത് ഏറെ വിവാദമായി. ഇത് സറോഗസിയിലുടെ സംഭവിച്ചതാണെന്ന് പ്രചരിക്കപ്പെട്ടു. ഗര്‍ഭധാരണത്തിന്റെ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ഇഷ്ടമില്ലാത്ത ദമ്പതികളുടെ അണ്ഡവും ഭ്രൂണവും സമന്വയിപ്പിച്ച് വാടകയ്ക്ക് എടുക്കപ്പെട്ട മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പ്രത്യുല്‍പ്പാദനം സാധ്യമാക്കുന്ന ഈ പ്രക്രിയ ഒരു പുതിയ സംഭവമല്ല. ഇരട്ടക്കുട്ടികള്‍ക്ക് ഈ ദമ്പതികള്‍ നല്‍കിയ പേര് പോലും ശ്രദ്ധേയം. ഉലകും ഉയിരും.

nayanthara-thaskaraveeran

ചോറ്റാനിക്കര അമ്മയുടെ ഭക്ത

പ്രഭുദേവയുമായി അടുപ്പമുണ്ടായിരുന്ന കാലത്ത് തന്നെ ചെന്നെയിലെ ആര്യസമാജം ക്ഷേത്രത്തില്‍ ദർശനം നടത്തിയിരുന്നു. ഏത് തിരക്കിനിടയിലും എല്ലാ മാസവും മുടങ്ങാതെ കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നു. മോഡലിങ്ങിലും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ഇതര ബിസിനസുകളിലും അവര്‍ ഇതിനോടകം കാല്‍വച്ചു. ഫോര്‍ബസ് ഇന്ത്യയുടെ സെലിബ്രറ്റി 100 ലിസ്റ്റില്‍ ഇടം പിടിച്ച അവര്‍ താരറാണിയെന്നാണ് വ്യാപകമായി അറിയപ്പെടുന്നത്. 

സിനിമാ സെറ്റുകളിലേക്കുളള നയന്‍സിന്റെ വരവ് പോലും ഏറെ പ്രസിദ്ധമായിരുന്നു. കാരവന്‍ സംസ്‌കാരം മലയാള സിനിമയ്ക്ക് അപ്രാപ്യമായിരുന്ന കാലത്ത് പോലും ഏറ്റവും ലക്ഷ്വറിയസായ കാരവാനില്‍ നിരവധി ബോഡി ഗാര്‍ഡ്‌സിന്റെ സുരക്ഷയോടെ രാജ്ഞിയെ പോലെ വന്നിറങ്ങുന്ന നയന്‍സിന് ഏതാണ്ട് അത്രയും തന്നെ മാനേജര്‍മാരും ഉണ്ടെന്ന് പറയപ്പെടുന്നു. സിനിമകളുടെ പ്രതിഫലം തീരുമാനിക്കുന്നതും കഥകള്‍ കേള്‍ക്കുന്നതുമെല്ലാം ഇവരാണ്. നയന്‍സുമായി നേരിട്ട് സംസാരിക്കാനുളള സാധ്യത വിരളമാണ്. 

പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിട്ടും മനസില്‍ ഇന്നും എളിമ സൂക്ഷിക്കുന്ന, ഏത് സാധാരണക്കാരോടും സ്‌നേഹപൂര്‍വമായി ഇടപെടുന്ന നയന്‍സ് പക്ഷേ ഒരു വലിയ താരത്തിന്റെ എല്ലാ വിധ പകിട്ടോടും കൂടിയാണ് ജീവിക്കുന്നത്. 

Photo Credit: Wikkiofficial / Instagram
Photo Credit: Wikkiofficial / Instagram

ചെന്നെയില്‍ അവര്‍ പണി കഴിപ്പിച്ച സ്വപ്നതുല്യമായ ഗൃഹം അക്കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നേട്ടങ്ങളൂടെ ഈഫല്‍ ഗോപുരത്തില്‍ നില്‍ക്കുമ്പോഴും ഒരു പൊതുവേദിയില്‍ വച്ച് അവര്‍ തുറന്ന് പറഞ്ഞു. 'ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനസമാധാനമാണ്. അത് നമുക്ക് തരുന്നത് മാതാപിതാക്കളാവാം. ജീവിത പങ്കാളിയാവാം. പക്ഷെ അത് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഭാഗ്യവശാല്‍ എനിക്ക് ഇന്ന് അതുണ്ട്.'

നയന്‍സ് നല്‍കുന്ന തിരിച്ചറിവുകള്‍

വ്യക്തിജീവിതത്തിലും കരിയറിലും തിരിച്ചടികളും പ്രതിസന്ധികളും നേരിട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ആരും തളര്‍ന്നു പോയേക്കാവുന്ന അത്തരം ഘട്ടങ്ങളില്‍ നയന്‍സ് സ്വീകരിച്ച ശക്തമായ നിലപാടുകള്‍ മാതൃകാപരമാണ്. കരിയറില്‍ പരമാവധി ശ്രദ്ധ ചെലുത്തുകയും തികഞ്ഞ പ്രൊഫഷനലിസത്തിലൂടെ പ്രതിസന്ധികളെ മറികടക്കുകയുമാണ് അവര്‍ ചെയ്തത്. ഇന്ന്  ഒരു സിനിമയ്ക്ക് അവര്‍ 7 മുതല്‍ 10 കോടി വരെ പ്രതിഫലം വാങ്ങുന്നതായി പറയപ്പെടുന്നു. പരസ്യചിത്രങ്ങളില്‍ നിന്നുളള വരുമാനം വേറെ.

south-indian-star-nayanthara-motherhood-glimpse

നായികമാര്‍ക്ക് ഹ്രസ്വകാലം മാത്രമേ നിലനില്‍പ്പുളളു എന്ന് പറയപ്പെടുന്ന സിനിമയില്‍ രണ്ട് പതിറ്റാണ്ടിലധികമായി നായികാ പദവിയില്‍ തുടരുക എന്ന അപൂര്‍വതയ്ക്കും നയന്‍താര നിമിത്തമായി. നയന്‍താരയുടെ സിനിമകള്‍ക്ക് മൊഴിമാറ്റം വഴി ഇന്ത്യയിലെമ്പാടും വര്‍ദ്ധിച്ച സ്വീകാര്യത ലഭിച്ചു. അങ്ങനെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹീറോയിന്‍ എന്ന വിശേഷണവും അവര്‍ക്ക് ലഭിച്ചു. 

കോടികളുടെ ആസ്തി

അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. തനിഷ്ക്, പോത്തീസ്, വാക്ക്മേറ്റ്, ടാറ്റ സ്കൈ, ദ് ലിപ് ബാം കമ്പനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നയൻതാര. ബ്രാൻഡ് എൻഡോഴ്സ്മെന്റിന് 5 മുതൽ 7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്. മാത്രമല്ല ഇപ്പോൾ സ്വന്തമായി ബ്യൂട്ടി ബ്രാൻഡ് ആരംഭിച്ചിട്ടുമുണ്ട് താരം. 9സ്കിൻ, ഫെമി 9, റൗഡി പിക്ച്ചേഴ്സ് എന്ന നിർമ്മാണകമ്പനി എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്.

നയൻ താര∙ nayanthara/ Instagram
നയൻ താര∙ nayanthara/ Instagram

ഹൈദരാബാദ്, ചെന്നൈ, കേരളം, മുംബൈ  എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലായി നയൻതാരയ്ക്ക് നിരവധി വീടുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയുടെ പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്‌തുക്കളിൽ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്പന്നമായ ഏരിയയായ ബഞ്ചാര ഹിൽസിന്റെ പരിസരത്താണ്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാര താമസിക്കുന്ന ചെന്നൈയിലെ വിശാലവും ആഡംബരപൂർണ്ണവുമായ രണ്ട് മാളികകൾക്ക് 100 കോടി രൂപയിലധികം വിലവരും. എട്ട് ആഡംബര വാഹനങ്ങളും ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട്.

എത്ര കൊടി കെട്ടിയ നടികള്‍ അഭിനയിച്ചാലും ഒരു സിനിമയുടെ ബിസിനസ് നടക്കുന്നത് നായകന്റെ  പേരിലാണ്. നായകനില്ലാത്തതോ നായകന് പ്രാധാന്യം കുറഞ്ഞതോ ആയ ഒരു പടത്തിന് കാര്യമായ തിയറ്റര്‍ ഷെയര്‍ ലഭിക്കുന്നതും ഒടിടി-സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകളില്‍  ബിസിനസ് നടക്കുന്നതും അസാധ്യമാണ്. എന്നാല്‍ നയന്‍താര ഇതെല്ലാം മാറ്റി മറിച്ചു. നായകനായി ആര് അഭിനയിച്ചാലും നയന്‍താരയുളള സിനിമകള്‍ക്ക് വലിയ വിപണന മൂല്യമുണ്ടായി. നായികയുടെ പേരിലും സിനിമയുടെ ബിസിനസ് നടക്കും എന്ന വലിയ മാറ്റത്തിന് അവര്‍ തുടക്കം കുറിച്ചു. എന്നാല്‍ അതിന് തുടര്‍ച്ചയുണ്ടായില്ല. നയന്‍സിന് മുന്‍പും അവര്‍ക്ക് ശേഷവും ഒരു സിനിമ തനിച്ച് ഷോള്‍ഡര്‍ ചെയ്യാനും വിപണനവിജയം ഉറപ്പാക്കാനും കെല്‍പ്പുളള നായികമാര്‍ ഉണ്ടായില്ല. അതുകൊണ്ട് തന്നെ നയന്‍സ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെട്ടു. 

nayanthara-private-jet

പി.ആര്‍.ഏജന്‍സികള്‍ നല്‍കിയ വിശേഷണമല്ല നയന്‍താരയെ സംബന്ധിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ പദം. അത് എല്ലാ അര്‍ത്ഥത്തിലും അവര്‍ അര്‍ഹിക്കുന്നത് തന്നെയായിരുന്നു. അങ്ങനെ ഇന്ത്യയില്‍ ഒരു നായികയ്ക്കും സാധിക്കാത്ത അപൂര്‍വ നേട്ടങ്ങള്‍ക്ക് ഉടമയായി നയന്‍താര. ആന്ധ്രയില്‍ മുന്‍നിര തെലുങ്ക് താരങ്ങളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ബഞ്ചാര അപ്പാര്‍ട്ട്‌മെന്‍സിലും നയന്‍സിന് വസതിയുണ്ട്. ചെന്നൈയിലും കൊച്ചിയിലും ഉള്‍പ്പെടെ ആറോളം വീടുകള്‍ നയന്‍താരയുടെ പേരിലുളളതായി പറയപ്പെടുന്നു. ജയലളിതയും രജനീകാന്തും അടക്കം താമസിക്കുന്ന പോഷ് ഏരിയയായ പോയസ് ഗാര്‍ഡനിലാണ് ചെന്നെയിലെ അവരുടെ വീട്. 

തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായി നായികയുടെ സോളോ കട്ടൗട്ട് ഉയര്‍ന്നതും നയന്‍തായുടേതായിരുന്നു. കാരണം നായകനൊപ്പം വിപണിമൂല്യമുളള ഒരേയൊരു നായികയായിരുന്നു അവര്‍. ബിഗില്‍ എന്ന സിനിമയുടെ വിജയാഘോഷച്ചടങ്ങില്‍ വച്ച് നടന്‍ വിജയ് ഇങ്ങനെ പരസ്യമായി പറഞ്ഞു. ‘‘ജയിക്കാനായി പോരാടുന്ന സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ ജീവിതത്തില്‍ പോരാടി ജയിച്ച നയന്‍താരയുമുളളത് അഭിമാന നിമിഷം’’. നയന്‍താരയ്ക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിലൊന്നായി ഈ വാക്കുകള്‍. ഒരു സിനിമയില്‍ നയന്‍താര പറഞ്ഞ പ്രസിദ്ധമായ സംഭാഷണ ശകലം കേട്ട് ജനലക്ഷങ്ങള്‍ കയ്യടിച്ചു. 'പാഷന്‍ എന്നത് ആണുങ്ങള്‍ക്ക് മട്ടും താനാ.. പെണ്ണുങ്ങള്‍ക്ക് ഇരിക്കക്കൂടാതാ..'! ഈ ആത്മവിശ്വാസത്തിന് തമിഴര്‍ അവര്‍ക്ക് ഒരു അപൂര്‍വ പദവി നല്‍കി.'തലൈവി..!'

അസാധ്യമായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചത് സ്വന്തം ജീവിതം കൊണ്ട് തന്നെയാണ്.

English Summary:

Nayanthara: Beyond the Sky is the Limit - The Untold Story of a South Indian Icon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com