ADVERTISEMENT

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷനൊരുങ്ങുന്നത്. 

സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ വേറിട്ടൊരു മാസ്-വയലൻസ് സിനിമയൊരുക്കിക്കൊണ്ടാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ അമരക്കാരനും 'മാർക്കോ'യുടെ നിർമ്മാതാവുമായ ഷെരീഫ് മുഹമ്മദ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷനുവേണ്ടി യുഎഇയിൽ ക്യൂബ്സ് മോഷൻ പിക്ചേഴ്സ് ഡിസ്ട്രിബ്യൂഷൻ കോ. എൽ.എൽ.സി എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്ന ഫാര്‍സ് ഫിലിം ആന്‍ഡ് സ്റ്റാര്‍ സിനിമാസ് ചെയര്‍മാന്‍ അഹമ്മദ് ഗോല്‍ചിനാണ് ക്യൂബ്സ് മോഷൻ പിക്ചേഴ്സ് ലോഗോ പുറത്തിറക്കിയത്. ഇതിലൂടെ വിദേശ ചലച്ചിത്ര വിതരണ ലോകത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ പദ്ധതിയിടുകയാണ് ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. 

മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമായ 'മാർക്കോ'യിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകും. ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്‌ഷനുമായി 'മാർക്കോ' 5  ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സംഗീതം.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻ ഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. 

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സഹ നിർമാതാവ്: അബ്ദുൾ ഗദാഫ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം.ആർ., കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം–ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

Cubes International Goes Global: Distributing 'Marko' Overseas in Partnership with Phars Films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com