സിനിമ പോയിട്ട് ഒരു സീൻ പോലും കാണാൻ വയ്യ; ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷത്തെക്കുറിച്ച് ആലീസ്
Mail This Article
ഇന്നസെന്റ് തകർത്തഭിനയിച്ച രംഗങ്ങൾ കാണുമ്പോൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്നവരാണ് മലയാളികൾ. എന്നാൽ, ആ രംഗങ്ങൾ കണ്ണിൽ നനവു പടർത്താറുണ്ടെന്ന് പറയുകയാണ് ഇന്നസെന്റിന്റെ പ്രിയപ്പെട്ട ആലീസ്. എത്ര കേട്ടാലും മതിവരാത്ത ഇന്നസെന്റ് കഥകളിലൂടെ സ്വന്തം കുടുംബത്തെയും നാടിനെയും മലയാളികളുടെ ഉള്ളിൽ കുടിയിരുത്തിയ ഇന്നസെന്റ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് ഒന്നര വർഷം കഴിയുന്നു. ആ ഓർമകൾക്കൊപ്പമുള്ള ജീവിതം ആദ്യമായി തുറന്നു പറയുകയാണ് ആലീസ്.
ഒന്നരയുഗം പോലെ
ഇന്നസെന്റ് ഒപ്പമില്ലാത്ത ഈ ഒന്നര വർഷം ഒന്നര യുഗമായിട്ടാണു ഞങ്ങൾക്കു തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന് ഞാൻ വിളി കേൾക്കും. ചിലപ്പോൾ തോന്നും ഇന്നസെന്റ് കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ല എന്ന യാഥാർഥ്യവുമായി ഞങ്ങൾ ഇന്നേവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹമൊത്തുള്ള സുന്ദരനിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്കു കരയാനേ നേരമുണ്ടായിട്ടുള്ളൂ.
ആ സിനിമകൾ കാണാൻ കഴിയുന്നില്ല
ജീവിച്ചിരുന്നപ്പോൾ ഒരാൾ നമ്മളോട് എങ്ങനെയായിരുന്നോ അതിനനുസരിച്ചാകുമല്ലോ, മരണശേഷം അദ്ദേഹത്തിനു നമ്മുടെ മനസ്സിൽ സ്ഥാനം. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണു നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്കു കഴിയില്ല. ഞാൻ മുടങ്ങാതെ ടെലിവിഷൻ കാണുന്നത് കുർബാനയ്ക്കു വേണ്ടിയാണ്. രാവിലെ 9.30 മുതൽ 10.30 വരെ. ഒരു മണിക്കൂർ കുർബാന, അല്ലാതെ ടിവി കാണലും ഇല്ല.
ഇന്നുവും അന്നയും പറഞ്ഞത്
ഇന്നസെൻ്റ് മരിച്ചതിനു ശേഷം ഇന്നുവും അന്നയും (കൊച്ചുമക്കൾ) എന്റെയടുത്താണ് ഉറക്കം. അതിനവർ മത്സരമാണ്. ഒരാഴ്ച ഇന്നുവാണെങ്കിൽ അടുത്ത ആഴ്‌ച അന്ന ഒരു ദി വസം ഞാൻ ചോദിച്ചു. എന്തിനാ എൻ്റെയടുത്ത് ഉറങ്ങാൻ വരുന്നതെന്ന്. അപ്പോഴവർ പറഞ്ഞു, അവസാനകാലത്ത് കുറച്ചു വയ്യായ്ക ഉണ്ടായിരുന്നപ്പോൾ ഇന്നസെന്റ് അവ രോടു പറഞ്ഞത്രേ 'അപ്പാപ്പൻ മരിച്ചുപോയാലും അമ്മാമ്മയെ നന്നായി നോക്കണം. അമ്മാമ്മ ഒരു പാവമാണ്. അ മ്മാമയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുത്' എന്ന്. ഇതൊക്കെ അറിയുമ്പോൾ കരയാതെ ഞാനെന്തു ചെയ്യാനാണ്.
ഇപ്പോൾ കറുപ്പാണ് കൂടുതലും
ഇന്നസെന്റിന്റെ വേർപാടിനു ശേഷം കുറേനാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല, ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ എന്റെ പട്ടുസാരികൾ സമ്മാനമായി കൊടുക്കും. അങ്ങനെ പട്ടുസാരികൾ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. പിന്നെ കുട്ടികൾ വഴക്കു പറയുകയും കുറേ നിർബന്ധിക്കുകയും ചെയ്യുന്നതു കൊണ്ട് ഇപ്പോൾ കറുപ്പു കുറച്ചു മാറ്റിയിട്ടുണ്ട്. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിൽ ചേർന്നു നിൽക്കുകയാണ്.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ സന്ദർശിക്കൂ https://www.vanitha.in/home.html