‘കങ്കുവ പൂർണ രൂപത്തിൽ കണ്ടു’; ആദ്യ റിവ്യു പറഞ്ഞ് മദൻ കർക്കി
Mail This Article
സൂര്യ ശിവകുമാറിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’ തമിഴകത്ത് ചരിത്രമായി മാറുമെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മദൻ കർക്കി. ഉള്ളടക്കം പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകനിലെത്തിയാൽ കങ്കുവ കോളിവുഡിൽ മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നും കങ്കുവയുടെ പ്രിവ്യു ഷോ കണ്ടതിനു ശേഷം മദൻ കർക്കി എക്‌സിൽ കുറിച്ചു.
‘‘ഇന്ന് കങ്കുവ പൂർണ രൂപത്തിൽ കണ്ടു. ഡബ്ബിങ് വേളയിൽ ഞാൻ ഓരോ സീനും നൂറിലധികം തവണ കണ്ടിട്ടുണ്ട്, എന്നിട്ടും ഓരോ കാഴ്ച്ചയിലും കങ്കുവ എന്നിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
ദൃശ്യങ്ങളുടെ ഗാംഭീര്യം, കലയുടെ സങ്കീർണമായ വിശദാംശങ്ങൾ, കഥയുടെ ആഴം, സംഗീതത്തിന്റെ പ്രഭാവം തുടങ്ങി എല്ലാം സൂര്യ സാറിന്റെ പവർഹൗസ് പ്രകടനവുമായി സംയോജിപ്പിച്ച് സൃഷ്ടിച്ച ഈ സിനിമ ഇതുവരെ വന്നതിൽ വച്ച് ഏറ്റവും മികച്ച കലാസൃഷ്ടികളിൽ ഒന്നായി മാറുന്നു.
സ്വപ്‌നങ്ങളുടെ ഈ നൂലിഴ നെയ്‌തെടുത്ത സംവിധായകൻ ശിവയ്ക്കും അദ്ദേഹം സൃഷ്ടിച്ച ഈ ഉജ്ജ്വലമായ അനുഭവത്തിന് ഒപ്പം നിന്ന സ്റ്റുഡിയോ ഗ്രീനിന്നും ഹൃദയംനിറഞ്ഞ നന്ദി.’’ മദൻ കർക്കി കുറിച്ചു.