അബ്റാം ഖുറേഷിക്ക് ചൈനീസ് വില്ലൻ; കളത്തിലിറങ്ങുന്നത് യകൂസ ഗ്യാങ്
Mail This Article
ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന വ്യക്തി ആരാണ്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിനു പിന്നാലെ ആരാധകർക്കിടയിൽ ചർച്ചകളും സജീവമാവുകയാണ്. പോസ്റ്റർ ഡികോഡിങ് വഴി രസകരമായ സാധ്യതകളാണ് ആരാധകർ കണ്ടെത്തുന്നത്.
ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന ചൈനീസ് ഗ്യാങ്ങിന്റെ തലവനാകും പോസ്റ്ററിലുള്ളതെന്ന് ഒരു കൂട്ടം ആരാധകർ വാദിക്കുന്നു. ലൂസിഫറിന്റെ അവസാനഭാഗത്ത് ആരാണ് അബ്രാം ഖുറേഷി എന്നതിന്റെ സൂചനകൾ നൽകിയിരുന്നു. ആ ഗ്യാങ്ങിനെ ചുറ്റിപ്പറ്റിയാകും എമ്പുരാൻ എന്നാണ് ആരാധകരുടെ പ്രതീക്ഷ.
രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതിനെ ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററെന്ന് ആരാധകർ വാദിക്കുന്നു. ലൂസിഫറിൽ അബ്രാം ഖുറേഷിയെക്കുറിച്ചു കാണിക്കുന്ന പത്ര കട്ടിങ്ങുകളിൽ പ്രതിപാദിക്കുന്ന ഗ്യാങ്ങിന്റെ തലവന്റെ ചിത്രമായിരിക്കാം ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിലുള്ളതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
ജാപ്പനീസ് ഓര്‍ഗനൈസ് ക്രൈം സിൻഡിക്കേറ്റ്സ് അംഗങ്ങളായ യകൂസ ഗ്യാങ് ആകും ഖുറേഷിക്കും കൂട്ടർക്കും എതിരാളികളായി വരുന്നതെന്നാണ് ചർച്ച. ഒരു ചൈനീസ് കണക്‌ഷൻ സിനിമയിൽ ഉണ്ടെന്നത് തീർച്ചയാണ്. അങ്ങനെയെങ്കിൽ ചൈനയിൽ നിന്നുള്ള മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന ഡാർക് ലോഡ്സ് ആകും വില്ലന്മാരാകുക. ഒരു വിദേശ താരമാകും പ്രതിനായകനാകുക എന്നത് ഉറപ്പ്.
ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്.