ദേഷ്യവും പ്രയാസവും കൊണ്ട് പ്രതികരിച്ചതാണ്; നിയമപരമായി മുന്നോട്ടുപോകും: ജോജു ജോർജ്
Mail This Article
‘പണി’ സിനിമയെ വിമർച്ചുകൊണ്ടുള്ള റിവ്യൂ പങ്കുവച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ജോജു ജോര്‍ജ്. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ വിഡിയോയില്‍ പറയുന്നു.
‘‘എന്‍റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാൻ ഇയാളെ വിളിച്ചത്. മനഃപൂർവം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചത്. നിയമപരമായി ഇക്കാര്യത്തിൽ ഞാൻ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികൾ മുടക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്.’’–ജോജു ജോർജിന്റെ വാക്കുകൾ.
അതേ സമയം ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവർ ആദർശ് തന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഓഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുന്നത് എന്നാണ് ആദർശ് പറയുന്നത്. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാൽ, അത്തരം ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.