‘ലിയോ 2’ ഇനി ഇല്ല?; എൽസിയു അവസാനിക്കുന്നു, ഇനി മൂന്ന് സിനിമകൾ മാത്രം: ലോകേഷ് കനകരാജ്
Mail This Article
എൽസിയു ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്ത പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. അടുത്ത മൂന്ന് സിനിമകളോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ള സിനിമകൾ അവസാനിക്കുമെന്ന് ലോകേഷ് വെളിപ്പെടുത്തി. വിക്രം 2 ആയിരിക്കും ഈ യൂണിവേഴ്സിലെ അവസാന സിനിമ. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് പറയുന്നു. റോളക്‌സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലിയോ 2’ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ വിജയ് അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചതോടെ അതിനി നടക്കില്ലെന്നും ലോകേഷ് പറഞ്ഞു. ‘‘വിജയ് സർ ഇനി അഭിനയിക്കുമോ എന്നറിയില്ല. തമിഴ്നാട് മുഴുവൻ അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞെട്ടിപ്പോയി. വിജയ് സാറിന്റെ ചിന്തകള്‍ തന്നെ ഇപ്പോൾ മറ്റൊരു തലത്തിലാണ്. എന്നാൽ ആ തീരുമാനത്തെ നാം മാനിക്കണം. ഇല്ലെങ്കിൽ, ഞാൻ അദ്ദേഹത്തോടൊപ്പം ‘ലിയോ 2’ ചെയ്യുമായിരുന്നു. ഒരുപക്ഷേ ലിയോ 2 അല്ലെങ്കിൽ വിക്രം 2 എൽസിയുവിന്റെ ഗ്രാൻഡ് ഫിനാലെ ആയേനെ.’’–ലോകേഷിന്റെ വാക്കുകൾ.
2019ൽ പുറത്തിറങ്ങിയ ‘കൈതി’ എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്‌സ് തെന്നിന്ത്യ മുഴുവൻ ചർച്ചയാവുകയും ചെയ്തു. ‘ലിയോ’ എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്.