ADVERTISEMENT

രജനികാന്ത് ചിത്രം ‘വേട്ടയ്യൻ’ തിയറ്റര്‍ പ്രദർശനം ഈ ആഴ്ചയോടെ അവസാനിക്കുകയാണ്. രജനിയുടെ കരിയറിലെ മറ്റൊരു വലിയ പരാജയമാണ് വേട്ടയ്യനെന്ന് സമൂഹ മാധ്യമങ്ങളിലാകെ ആക്ഷേപമുയരുന്നുണ്ട്. 300 കോടി മുടക്കി ലൈക നിർമിച്ച ചിത്രം സത്യത്തിൽ പരാജയമാണോ? യഥാർഥത്തിൽ എത്ര കോടി ബിസിനസ്സാകും ചിത്രത്തിനു ലഭിച്ചിട്ടുണ്ടാകുക.

വേട്ടയ്യന്റെ ആഗോള ഗ്രോസ് കലക്‌ഷൻ 248 കോടിയാണ്. അതിൽ നിന്നുള്ള ഷെയർ 116 കോടിയും. 

തമിഴ്നാട് കലക്‌ഷൻ: 98.33 കോടി

തെലുങ്ക് കലക്‌ഷൻ: 19.10 കോടി

കർണാടക കലക്‌ഷൻ: 21.21 കോടി

കേരള കലക്‌ഷൻ: 16 കോടി

റെസ്റ്റ് ഓഫ് ഇന്ത്യ കലക്‌ഷൻ: 6 കോടി

ഓവർസീസ് കലക്‌ഷൻ: 80.55 കോടി

ഒടിടിയിലൂടെ ലഭിച്ചത് 90 കോടി, സാറ്റലൈറ്റ് (സൺ ടിവി) 50 കോടി. ഇതൊക്കെ കൂട്ടി നോക്കിയാലും ആകെ ലഭിക്കുന്നത് 256 കോടിയാണ്. അങ്ങനെ നോക്കുമ്പോൾ 44 കോടിയാണ് സിനിമയുടെ നഷ്ടം. ഇതിൽ ഓഡിയോ റൈറ്റ്സും ഹിന്ദി സാറ്റലൈറ്റ് റൈറ്റ്സും കൂട്ടിയിട്ടില്ല. എന്നാൽ തന്നെയും സിനിമയുടെ മുതൽ മുടക്കിന്റെ അടുത്തെത്താന്‍ പോലും ചിത്രത്തിനായില്ല.

ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലെെക്ക നിര്‍മിച്ച ചിത്രങ്ങള്‍. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല. രജനിയുടെ വമ്പൻ പ്രതിഫലം കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, റാണ ദഗുബാട്ടി എന്നിവരുടെ പ്രതിഫലവും സിനിമയുടെ ബജറ്റ് ഉയരാൻ കാരണമായി. കേരളത്തിലും ആന്ധ്രയിലുമൊക്കെ ചിത്രത്തിന് വേണ്ടത്ര കലക്‌ഷൻ നേടാനായില്ല. ഹിന്ദി പതിപ്പിനും വെറും ഏഴ് കോടിയാണ് നേടാനായത്. 

അതേസമയം ‘വേട്ടയ്യൻ’ വലിയ വിജയമായി കൊണ്ടാടുകയാണ് ലൈക പ്രൊഡക്‌ഷൻസ്. ചിത്രത്തിലെ അണിയറക്കാർക്കായി പ്രത്യേക വിജയാഘോഷ പരിപാടിയും ലൈക നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളെ ഇത്തരം പോസ്റ്റുകൾ കൊണ്ട് തള്ളുകയാണ് ലൈക. അതേസമയം ‘വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, ഈ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. 

കാർത്തിക് സുബ്ബരാജിന്റെ പേട്ട, ശങ്കറിന്റെ 2.0, നെൽസന്റെ ജയിലർ എന്നിവയാണ് കഴിഞ്ഞ ആറു വർഷത്തിനിടെ രജനിയുടെ ഹിറ്റുകൾ. 125 കോടി ബജറ്റിൽ നിര്‍മിച്ചിട്ട് ആകെ 30 കോടി നേടിയ കൊച്ചടൈയാൻ, 100 കോടി ബജറ്റില്‍ നിര്‍മിച്ച് 75 കോടി മാത്രം കിട്ടിയ ലിംഗ, 160 കോടി മുടക്കി 107കോടി പോലും എത്താനാകാതെ പോയ അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങള്‍ രജനിയുടെ കരിയറിലെ വലിയ പരാജയങ്ങളാണ്. അതേ സമയം ചിത്രം നവംബർ 8ന് ആമസോൺ പ്രൈമിലൂടെ വേട്ടയ്യൻ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. തിയറ്ററിൽ പ്രേക്ഷകർ കൈവിട്ട ചിത്രത്തിന് ഒടിടിയിൽ ചലനമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

English Summary:

Rajinikanth's Vettaiyan: 300 Crore Budget & the REAL Box Office Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com