ADVERTISEMENT

‘ഒറ്റക്കൊമ്പൻ’ സിനിമ താൽക്കാലികമായി നിർത്തിവച്ചുവെന്ന റിപ്പോർട്ടുകളെ തള്ളി സുരേഷ് ഗോപി. പ്രോജക്ട് ഓൺ ആണെന്നും ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തുമെന്നും സുരേഷ് ഗോപി പറയുന്നു. സിനിമയുടെ ഒരു പോസ്റ്റർ പങ്കുവച്ചാണ് ഈ വിവരം താരം പ്രേക്ഷകരുമായി പങ്കുവച്ചത്.

കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു പോസ്റ്റര്‍ ആണ് അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല എന്ന അടിക്കുറിപപ്ും പോസ്റ്ററിനൊപ്പം സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ചു കൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

അടുത്ത വർഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാരുടെ പദ്ധതി. സിനിമ അതേ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

അതേസമയം സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ലെന്നുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫിസിലെത്താനും മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനില്ല.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ‘കടുവ’യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം നിയമകുരുക്കില്‍ അകപ്പെട്ടു.

പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

English Summary:

Ottakkomban NOT Shelved: Suresh Gopi Confirms Release, Drops New Poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com