ശങ്കറിന്റെ പ്രതാപകാലം കഴിഞ്ഞോ? ഗെയിം ചേഞ്ചർ ടീസറിന് വൻ വിമർശനം
Mail This Article
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചേഞ്ചറിന്റെ ടീസറിനെ രൂക്ഷമായി വിമർശിച്ച് ആരാധകർ. ഒരു ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. പതിവ് ശൈലിയിലുള്ള വിഷ്വൽ ഗിമിക്കുകൾക്കപ്പുറം മറ്റൊന്നും ടീസറിൽ ഇല്ലെന്ന് ആരാധകർ പറയുന്നു.
തിയറ്ററിൽ തകർന്നു പോയ ‘ഇന്ത്യൻ 2’ന്റെ സമാനശൈലിയിൽ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ബ്രഹ്മാണ്ഡ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ല. ടീസറിലെ സംഘട്ടനരംഗത്തിനും എസ്.ജെ സൂര്യയുടെ ലുക്കിനും ഇതിനോടകം ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു.
ടീസറിലെ പശ്ചാത്തലസംഗീതത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ദൃശ്യങ്ങൾക്ക് യോജിക്കുന്ന സംഗീതമല്ലെന്നതാണ് പ്രധാന വിമർശനം. ദൃശ്യങ്ങൾക്ക് പഞ്ച് ഇല്ലാതെ പോയതിന് ഇതു കാരണമായെന്നും ചിലർ വാദിക്കുന്നു. തമനാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടുന്നുണ്ടെങ്കിലും രാം ചരണിന്റെ തെലുങ്ക് ആരാധകർ ടീസർ ഏറ്റെടുത്തു കഴിഞ്ഞു. ടീസറിന്റെ തെലുങ്ക് പതിപ്പ് ഇതിനോടകം 25 മില്യൺ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. രാംചരൺ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്‍റെ കഥ. സംക്രാന്തി റിലീസ് ആയി ചിത്രം 2025 ജനുവരിയിൽ തിയറ്ററിലെത്തും.