ADVERTISEMENT

വിവാഹജീവിതത്തിൽ തനിക്ക് തുല്യത വേണ്ടെന്നും ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നതാണ് താല്‍പര്യമെന്നും നടി സ്വാസിക. ഇത് താന്‍ ഇന്നെടുത്ത തീരുമാനമല്ലെന്നും കൗമാര പ്രായത്തില്‍ തന്നെ ഇങ്ങനെ ജീവിക്കാന്‍ തീരുമാനമെടുത്തതാണെന്നും സ്വാസിക പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും വീട്ടില്‍ ആരും ഇങ്ങനെയല്ലെന്നും താരം പറഞ്ഞു. താന്‍ പറയുന്നതുകേട്ട് ആരും സ്വാധീനിക്കപ്പെടുരുതെന്നും സ്​ത്രീകള്‍ തുല്യതയില്‍ വിശ്വസിക്കണമെന്നും ‘ദി ക്യു സ്റ്റുഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു. 

രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് തൊഴുന്ന താന്‍ അദ്ദേഹത്തിന്റെ കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് നടി മുൻപ് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സ്വാസികയുടെ വാക്കുകള്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഓവറായ ചര്‍ച്ചകളിലേക്കൊന്നും തനിക്ക് പോകണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍.

‘‘എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോള്‍ തീരുമാനിച്ചതല്ല. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല. അമ്മൂമ്മയും അങ്ങനെയല്ല. ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. 

നിങ്ങൾക്ക് അത് തെറ്റായിരിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യണം, ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകൾ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. 

അച്ഛനും അമ്മയും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാന്‍ ഇതില്‍ ഹാപ്പിയാണ്, സംതൃപ്​തയാണ്. പക്ഷേ മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല.

ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താ​ഗതി മാറുമെന്ന് പറയും. പക്ഷേ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. എനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ഇത് ഞാന്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണ്.

പക്ഷേ ഞാന്‍ അത് പറഞ്ഞപ്പോള്‍ തെറ്റായ സന്ദേശം ആളുകള്‍ക്ക് കൊടുക്കുകയാണ്, സ്ത്രീകള്‍ മുന്നോട്ട് വരാന്‍ നില്‍ക്കുമ്പോള്‍ അവരെ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ വ്യക്തത വരുത്തുന്നത്. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് യഥാര്‍ഥത്തില്‍ സ്​ത്രീകള്‍ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്.’’–സ്വാസികയുടെ വാക്കുകൾ.

English Summary:

Actress Swasika said that she doesn't want equality in her marriage and prefers to live under her husband's dominance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com