ADVERTISEMENT

അച്ഛനെക്കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോൻ. അച്ഛന്റെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് സുപ്രിയയുടെ ഹൃദയസ്പർശിയായ കുറിപ്പ്. വർഷം ഇത്രയുമായിട്ടും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വേദനയിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് സുപ്രിയ പറയുന്നു. ‘ഡാഡി, താങ്കൾ എന്നെ സ്നേഹിച്ചത് പോലെ ആരും എന്നെ സ്നേഹിക്കില്ല. ഞാനെപ്പോഴും താങ്കളെ മിസ് ചെയ്യും,’ സുപ്രിയ കുറിച്ചു.

സുപ്രിയയുടെ വാക്കുകൾ: 

"ഡാഡി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം. പക്ഷേ, ഡാഡിയെക്കുറിച്ച് ചിന്തിക്കാതെ ഞങ്ങളുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഡാഡിയോടു സംസാരിക്കുന്നത് എനിക്ക് മിസ്സ് ചെയ്യുന്നു. ഓരോ ചെറിയ കാര്യങ്ങൾക്കും ഞാൻ ഫോണെടുത്ത് ഡാഡിയെ വിളിക്കുന്നത് മിസ്സ് ചെയ്യുന്നു. ആ നമ്പർ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. അത് ഇല്ലാതാക്കാൻ എനിക്കാവില്ല. 

ഞാൻ ഡാഡിയെ മിസ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങളോടുള്ള കരുതൽ കാണിക്കുന്നതിന് ഡാഡിക്ക് തന്റേതായ രീതികളുണ്ടായിരുന്നു. എവിടേക്കെങ്കിലും പോയാൽ ഞാൻ അവിടെ എത്തിയോ, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കും. ആ സമയത്ത്, ഞാൻ വലുതായി, എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാറായെന്നൊക്കെയായിരുന്നു അന്ന് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ഫോൺ കോൾ കിട്ടാൻ എന്റെ എല്ലാം നൽകാൻ ഞാൻ തയാറാണ്. 

ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും. അതുപോലെ ഞാൻ തൊടുന്നത് എങ്ങനെയാണ് ഡാഡി അറിയുന്നതെന്നും ഡാഡിയുടെ തഴമ്പുള്ള കൈകൾ എന്നെ പിടിക്കുന്ന ഓർമകളും എനിക്ക് നഷ്ടമാകുമോ എന്നു തോന്നും. ഡാഡി, താങ്കൾ എന്നെ സ്നേഹിച്ചത് പോലെ ആരും എന്നെ സ്നേഹിക്കില്ല. ഞാനെപ്പോഴും താങ്കളെ മിസ് ചെയ്യും." 

2021ലാണ് സുപ്രിയ മേനോന്റെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.

English Summary:

Supriya Menon's emotional note about her father on his third death anniversary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com