6 വർഷം മുമ്പ് അമ്മയിൽ നിന്നും കിട്ടിയ സ്പാർക്ക് ആണ് സൂക്ഷ്മദർശിനി; കുറിപ്പുമായി സംവിധായകൻ
Mail This Article
ബേസിൽ ജോസഫ്–നസ്രിയ ടീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദർശിനി’ റിലീസിനൊരുങ്ങുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ എംസി. ആറുവർഷം മുമ്പ് തന്റെ അമ്മയിൽ നിന്നാണ് സൂക്ഷ്മദർശിനിയുടെ സ്പാർക്ക് കിട്ടുന്നതെന്നും അന്നുമുതൽ സൂക്ഷ്മദർശിനി മാത്രമായിരുന്നു മനസ്സിലെന്നും എംസി പറയുന്നു. സിനിമ കണ്ട് സത്യസന്ധമായ പ്രതികരണം തന്നെ അറിയിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ എംസി പറഞ്ഞു.
‘‘സൂക്ഷ്മദർശിനി -ഈ വെള്ളിയാഴ്ച. ‘നോൺസെൻസ്’ എന്ന സിനിമയ്ക്ക് ശേഷം ഞാൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി നാളെ തിയറ്ററുകളിൽ എത്തുകയാണ്. നോൺസെൻസിനു ശേഷം സൂക്ഷ്മദർശിനിയിലേയ്ക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ല. ആറുവർഷം മുമ്പ് എന്റെ അമ്മയിൽ നിന്നാണ് സൂക്ഷ്മദർശിനിയുടെ സ്പാർക്ക് എനിക്ക് കിട്ടിയത്, അന്നുമുതൽ സൂക്ഷ്മദർശിനി മാത്രമായിരുന്നു മനസ്സിൽ.
ഈ സിനിമ സംഭവിച്ചതോടൊപ്പം സന്തോഷം തരുന്ന കാര്യമാണ്, സമീർക്കയുടെയും (സമീര്‍ താഹിർ), ഷൈജുക്കയുടെയും (ഷൈജു ഖാലിദ്) കൂടെ വർക്ക് ചെയ്യാൻ സാധിച്ചത്, അവരിൽനിന്ന് കിട്ടിയ ഉൾക്കാഴ്ചകളും അറിവും എന്നും എന്റെ ഉള്ളിൽ ഉണ്ടാകും. ആ ടീമിനോട് എന്നും കടപ്പെട്ടിരിക്കും.
പോസിറ്റീവോ നെഗറ്റീവോ, എല്ലാവരും സിനിമ കണ്ടിട്ട് അഭിപ്രായം അറിയിക്കണം, എന്തുതന്നെയായാലും പ്രതികരണങ്ങൾ ആണ് എന്റെ എനർജി. അപ്പൊ സെറ്റ്! തിയറ്ററിൽ കാണാം.
പിഎസ്: ഈ സിനിമയിലെ ഓപ്പണിങ് ഇമേജും ഫൈനൽ ഇമേജും മിസ് ചെയ്യരുത്. സ്നേഹത്തോടെ എംസി’’