ADVERTISEMENT

സോഷ്യൽ മീഡിയ വഴി പ്രശസ്തനായ ഒരു ‘സിനിമാസ്വാദകനെ’ പൊതുമധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് വിമർശനങ്ങൾ നേരിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. കക്ഷി ‘ഷേക്ക് ഹാൻഡിനായി’ കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചിലർ അവരിൽ കാണുന്ന കുറ്റം. താൻ നായികയായ ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യഷോ കാണാൻ കൊച്ചിയിലെ തിയറ്ററിൽ ഐശ്വര്യ എത്തിയപ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. സിനിമ കണ്ടിറങ്ങി വന്ന അവർക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ മേൽപ്പറഞ്ഞ കക്ഷി ക്യാമറയ്ക്ക് മുൻപിലേക്ക് തിക്കിത്തിരക്കിയെത്തുന്നു, താരത്തിനു നേരെ കൈ നീട്ടുന്നു. ഐശ്വര്യ അത് അവഗണിച്ച് മുൻപോട്ടു പോകുന്നു– വൈറലായ വിഡിയോയിലെ ദൃശ്യങ്ങൾ പറയുന്ന കഥ ഇതാണ്. പക്ഷേ, യഥാർഥത്തിൽ അവിടെ എന്താണ് സംഭവിച്ചത് ? വൈറലായ ആ വിഡിയോയിൽ കണ്ടത് മാത്രമാണോ സത്യം ? സെലിബ്രിറ്റി ആയതിനാൽ കൈ നീട്ടുന്ന എല്ലാവർക്കും അത് തിരികെ കൊടുക്കണമെന്ന് വല്ല നിയമവുമുണ്ടോ ?

തിയറ്ററിൽ സംഭവിച്ചത്

തിയറ്ററിൽ എത്തിച്ചേരും മുമ്പ് തന്നെ ഐശ്വര്യയെ കാത്ത് ക്യാമറയുമായി നിരവധി യുട്യൂബ് ചാനലുകാർ അവിടെയുണ്ടായിരുന്നു. അവർക്കു മുൻപിലേക്കാണ് ഐശ്വര്യ ലക്ഷ്മി വന്നിറങ്ങുന്നത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച താരം പുഞ്ചിരിയോടെ തിയറ്ററിലേക്ക് കയറാനൊരുങ്ങുന്നു. അപ്പോഴാണ് താരത്തിന് ‘ഓൾ ദി ബെസ്റ്റ്’ ആശംസിച്ചുകൊണ്ട് ‘സ്ഥിരം പ്രതികരണ തൊഴിലാളിയായ കക്ഷി’ ഷേക്ക് ഹാൻഡിനായി ആദ്യം കൈ നീട്ടുന്നത്. ഐശ്വര്യ ലക്ഷ്മി സൗഹൃദഭാവത്തിൽ സന്തോഷത്തോടെ ആ ഷേക്ക് ഹാൻഡ് മടക്കി നൽകി തിയറ്ററിനുള്ളിലേക്ക് പോയി. 

സിനിമയുടെ ഇടവേളയിൽ ഇതേ കക്ഷി വീണ്ടും താരത്തെ സമീപിക്കുന്നു. സിനിമയെക്കുറിച്ചു സംസാരിക്കുന്നു,‘ഓൾ ദി ബെസ്റ്റ്’ പറഞ്ഞ് ഷേക്ക് ഹാൻഡിനായി കൈ നീട്ടുന്നു. ഇതിനും സൗഹാർദ്ദപൂർവമായാണ് ഐശ്വര്യ പ്രതികരിച്ചത്. സിനിമ കഴിഞ്ഞിറങ്ങിയ ഉടനെ യുട്യൂബ് ചാനലുകളുടെ ക്യാമറക്കൂട്ടത്തിനൊപ്പം വീണ്ടും ഇതേ കക്ഷി ഐശ്വര്യയ്ക്ക് അടുത്തെത്തുന്നു. ‘ഓൾ ദി ബെസ്റ്റ്’ പറഞ്ഞുകൊണ്ട് വീണ്ടും കൈ നീട്ടുന്നു. ഇത്തവണ പക്ഷേ, ഐശ്വര്യ അതിനോടു പ്രതികരിക്കാതെ നടന്നു പോയി. ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായതും ഐശ്വര്യ ലക്ഷ്മിക്കെതിരെയുള്ള ചർച്ചകൾക്ക് വഴി വച്ചതും. 

ഐശ്വര്യ ലക്ഷ്മി. ചിത്രത്തിനു കടപ്പാട്: www.youtube.com/@jfwbinge
ഐശ്വര്യ ലക്ഷ്മി. ചിത്രത്തിനു കടപ്പാട്: www.youtube.com/@jfwbinge

കാണാതെ പോയ ദൃശ്യങ്ങൾ

ഐശ്വര്യ വന്നിറങ്ങിയപ്പോൾ മുതൽ രൂക്ഷനോട്ടവുമായി ഇൗ കക്ഷി അവരുടെ ചുറ്റും കറങ്ങുന്നത് എല്ലാ വിഡിയോ ദൃശ്യങ്ങളിലും കാണാം. ഒരു തരത്തിൽ പറഞ്ഞാൽ  ‘സ്റ്റോക്കിങ്’. ഭാരതീയ ന്യായ സംഹിതയുടെ 354 ഡി വകുപ്പ് പ്രകാരം സ്റ്റോക്കിങ് ഒരു കുറ്റകൃത്യമാണ്. തെളിയിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യം. ഇതേ കക്ഷി ഇൗ സമയത്ത് തന്നെ ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ പ്രതികരണവും ഈ സംഭവത്തോട് ചേർത്തു കാണേണ്ടി വരും. സിനിമയിൽ തനിക്ക് ലിപ്‍ലോക്ക് ചെയ്യാൻ താൽപര്യമുള്ള താരം ഐശ്വര്യ ലക്ഷ്മിയാണ് എന്നാണ് ഈ വ്യക്തി പറയുന്നത്. ‘രാവിലെ എല്ലാം ഞാൻ ഒരു വ്യക്തിയാണ്. രാത്രി ആകുമ്പോൾ ഞാനൊരു കഥാപാത്രമാകും. രാത്രിയാണ് ഞാൻ ഫ്രീ ആകുന്നത്. സിനിമയിൽ എനിക്ക് ലിപ്‌ലോക്ക് ചെയ്യാൻ ആഗ്രഹമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. അത് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്,’ എന്നാണ് ഇയാളുടെ പ്രതികരണം. ഇതു പറഞ്ഞിട്ടാണ് ഒന്നുമറിയാത്ത മട്ടിൽ അപ്പുറത്തു പോയി ഇയാൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടുന്നതും. സിനിമ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇൗ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ലൈവായി, വൈറലുമായി. സ്വാഭാവികമായി ആരെങ്കിലും ഐശ്വര്യയുടെ ശ്രദ്ധയിലും ഇത് പെടുത്തി കാണണം. സിനിമ കഴിഞ്ഞിറങ്ങി തിരികെ പോകാനായി അവർ തയാറാകുമ്പോൾ, ആ മുഖത്തു നിന്നു തന്നെ അവർ എത്രമാത്രം ‘മൂഡ് ഒാഫ്’ ആണെന്ന് തിരിച്ചറിയാൻ സാധിക്കും. 

aishwarya-lekshmi-23

താരങ്ങളുടെ സ്വകാര്യ ഇടങ്ങളിലേക്ക് ഇടിച്ചു കയറിച്ചെല്ലാൻ മടിയും കാണിക്കാത്ത ചിലർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പലപ്പോഴും ഉത്തരം പറയാൻ ബാധ്യസ്ഥരാകുന്നത് സെലിബ്രിറ്റികളാകും. സെലിബ്രിറ്റികളെ ഒന്നു തൊടാനും അവർക്കൊപ്പം ഫോട്ടോയും വിഡിയോയും പകർത്താനും വേണ്ടി മാത്രം നടക്കുന്നവർ ചെയ്യുന്ന ‘കോപ്രായങ്ങൾ’ പലപ്പോഴും ആ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടാറുമില്ല. സെലിബ്രിറ്റി ടാഗ് വന്നുകഴിഞ്ഞാൽ അതിന്റെ തുടർച്ചയായി സംഭവിക്കുന്ന ഒന്നാണ് പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ചുറ്റുമെത്തുന്ന ക്യാമറകൾ. പലപ്പോഴും സെലിബ്രിറ്റികളുടെ സ്വകാര്യ ഇടങ്ങളിലേക്കു വരെ ഈ ക്യാമറക്കണ്ണുകൾ കുത്തിത്തിരുകി എത്താം. സെലിബ്രിറ്റി ആകുന്നതിലെ ഈ പ്രിവിലജ്, ഒരു ഘട്ടം കഴിയുമ്പോൾ അലോസരമാകും. പ്രത്യേകിച്ചും ‘കണ്ടന്റി’നു വേണ്ടിയുള്ള യുട്യൂബ് ചാനലുകളുടെ മത്സരം കൂടിയാകുമ്പോൾ. അതിനായി സഭ്യതയുടെ അതിരുകൾ പോലും ഭേദിച്ചുകൊണ്ടുള്ള ചോദ്യങ്ങളുമായി ഇത്തരക്കാർ സെലിബ്രിറ്റികളെ വട്ടം ചുറ്റിക്കാറുണ്ട്. ചിലർ അത്തരം ട്രാപ്പുകളിൽ നിന്ന് ബുദ്ധിപൂർവം ഒഴിഞ്ഞുനിൽക്കുമ്പോൾ മറ്റു ചിലർ അവയോട് പരസ്യമായിത്തന്നെ പ്രതികരിക്കാറുമുണ്ട്. ക്യാമറയ്ക്കു മുൻപിലും പിൻപിലും പാലിക്കേണ്ട മാന്യതയും പ്രഫഷണലിസവും കാറ്റിൽപ്പറത്തിക്കൊണ്ടാണ് പലപ്പോഴും ഇത്തരക്കാർ ‘കണ്ടന്റ്’ സൃഷ്ടിക്കാൻ ഇറങ്ങിത്തിരിക്കുന്നത്. ഇതിന് ഇരയാകേണ്ടി വരുന്നത് പലപ്പോഴും സെലിബ്രിറ്റികളാണ്.

aishwarya-lekshmi

കൈ കൊടുക്കണോ വേണ്ടയോ ?

കൈ കൊടുക്കണോ വേണ്ടയോ, സെൽഫിക്ക് പോസ് ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എല്ലാ മനുഷ്യരെയും പോലെ സെലിബ്രിറ്റികൾക്കുമുണ്ട്. ഒരാൾ ഒരു ദിവസം പല സമയത്ത് വന്ന് ഹസ്തദാനം നടത്തുന്നത് അത്ര നിഷ്ക്കളങ്ക ഉദ്ദേശത്തോടെയല്ലെന്ന് മനസ്സിലാക്കാൻ പ്രത്യേക വൈഭവത്തിന്റെ ആവശ്യമില്ല. ഒപ്പം തൊട്ടപ്പുറത്തു നിന്ന് തന്നെ ലിപ്‌ലോക്ക് ചെയ്യണമെന്ന് പറഞ്ഞ ഒരാൾ ഇപ്പുറത്ത് വന്ന് കൈ നീട്ടുമ്പോൾ അത് തിരിച്ചു കൊടുക്കാത്തത് അവരുടെ മാന്യത. കൈ നീട്ടിയൊരെണ്ണം കൊടുത്തിരുന്നെങ്കിൽ പോലും പൊതുസമൂഹം അവരെ കുറ്റപ്പെടുത്താനും സാധ്യതയില്ല.

English Summary:

Did actress Aishwarya Lekshmi snub a fan or protect herself? A viral video sparked controversy after she refused a handshake. Was it justified? Read the full story and decide for yourself.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com