മെന്‍റലിസം വിഷയമാക്കി പുതിയ ചിത്രം ‘ഡോ. ബെന്നറ്റ്’; ടൈറ്റിൽ പുറത്തിറങ്ങി
Mail This Article
പുതിയ കാലഘട്ടത്തിൽ ഏറെ ചർച്ചയായി മാറിയ മെന്‍റലിസം വിഷയമാക്കിക്കൊണ്ട് ഒരു സിനിമ എത്തുന്നു, 'ഡോ. ബെന്നറ്റ്' എന്നാണ് ചിത്രത്തിന് പേര്. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന, ടിഎസ് സാബു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ പാലാരിവട്ടം റെനെ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ നിര്‍മ്മാതാവ് വിനോദ് വാസുദേവന്‍റെ മാതാവ് രാധാമണി, കൊച്ചച്ചൻ മുരളി, സംവിധായകൻ ടിഎസ് സാബുവിന്‍റെ പിതാവ് കോളിൻ തോമസ്, സഹോദരി ബെറ്റ്സി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കേരള കോൺഗ്രസ് എസ് ചെയർമാൻ ബിനോയ് ജോസഫ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. അതൊടൊപ്പം അദ്ദേഹം മെന്‍റലിസത്തിലുള്ള വേൾഡ് റെക്കോർഡ് മെന്‍റലിസ്റ്റ് ഷമീറിന് സമ്മാനിച്ചു. ഫ്ലവേഴ്സ് സ്റ്റാർ മാജിക് ഡയറക്ടർ അനൂപ് ജോൺ മെന്‍റലിസ്റ്റ് ഷമീറിനെ മെഡൽ അണിയിച്ച് ആദരിച്ചു.
വിആർ മൂവി ഹൗസ് പ്രൊഡക്ഷൻ ബാനറിന്‍റെ ഒഫീഷ്യൽ ലോഞ്ച് നടൻ ധർമജൻ ബോൾഗാട്ടി നിര്‍വ്വഹിച്ചു. സിനിമയുടെ ടൈറ്റിൽ നടൻ ബിബിൻ ജോർജ്ജ് പുറത്തിറക്കി. നവാഗതനായ ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷയാണ് നായികയായെത്തുന്നത്. ഐപിഎസ് കഥാപാത്രമായാണ് ആയിഷ എത്തുന്നത്. സൈക്കോ ത്രില്ലർ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചേർന്ന സിനിമയിൽ ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനയിക്കുന്നുണ്ട്. 160ഓളം സപ്പോർട്ടിംഗ് ആക്ടേഴ്സും ചിത്രത്തിലുണ്ട്.
ജനുവരി പത്തിന് കാസർകോഡും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വിആർ മൂവി ഹൗസിന്‍റെ ബാനറിൽ ടി.എസ്. സാബു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിനോദ് വാസുദേവനാണ്. ദീർഘകാലം സിനിമാ മേഖലയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന ശേഷമാണ് ടി.എസ്. സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. വിനോദ് വാസുദേവൻ ഏറെ നാൾ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു. ശ്രദ്ധേയനായ മെന്‍റലിസ്റ്റ് ഷമീർ ആണ് സിനിമയുടെ കഥയൊരുക്കുന്നത്. ഛായാഗ്രഹണം ജനീഷ് ജയാനന്ദൻ, ആർട്ട് വേലു വാഴയൂർ, മേക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യൂം സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ല, പിആർഒ ആതിര ദിൽജിത്ത്.