ADVERTISEMENT

സിനിമയിലെ പ്രതിഫലംകൊണ്ടു നടൻ മേഘനാഥൻ ആദ്യം വാങ്ങിയ വാഹനം വിലകൂടിയ കാറല്ല, ട്രാക്ടറാണ്. മണ്ണിൽ ചവിട്ടി ജീവിച്ച, ഒരിക്കലും താരമാകാതിരുന്ന, പോയകാലത്തു വെള്ളിത്തിരയിലെ വില്ലൻ താരമായിരുന്ന അച്ഛന്റെ മകൻ എന്ന തൃപ്തിയോടെ കടന്നുപോകുന്നു മേഘനാഥൻ.

അച്ഛൻ ബാലൻ കെ.നായരെപ്പോലെ വില്ലൻ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി, പിന്നീട് സ്വഭാവനടനായി പരിവർത്തനം സംഭവിക്കുകയായിരുന്നു. ‘പഞ്ചാഗ്നി’യിലെ രവിയെയും ‘ഈ പുഴയും കടന്നി’ലെ രഘുവിനെയും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയെയും അനശ്വര കഥാപാത്രങ്ങളാക്കി. ബാലൻ കെ.നായർ രാജ്യത്തെ മികച്ച നടനുള്ള ഭരത് പുരസ്കാരം വരെ നേടിയെങ്കിലും മകന്റെ അഭിനയജീവിതം അത്ര തിളക്കമുള്ളതായിരുന്നില്ല. വർഷത്തിൽ മൂന്നോ നാലോ സിനിമകൾ മാത്രം ചെയ്തിരുന്ന മേഘനാഥൻ സിനിമാലോകത്ത് അച്ഛന്റെ പിൻബലം ഉപയോഗിച്ചതുമില്ല.

റീൽ ജീവിതം ആരംഭിക്കുന്നത് 1983ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ സിനിമയിലെ സ്റ്റുഡിയോ ബോയിയുടെ വേഷത്തിലൂടെയാണ്. കുട്ടിക്കാലത്ത് ‘ദർശം’ എന്ന സിനിമയിൽ പല കുട്ടിക്കഥാപാത്രങ്ങളിൽ ഒരാളായി മുഖം കാണിച്ചിരുന്നു. ‘പഞ്ചാഗ്നി’യിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. പിന്നീട് ഇടവേളയ്ക്കു ശേഷം ‘ചമയ’ത്തിലൂടെ തിരിച്ചെത്തി. ‘പ്രായിക്കര പാപ്പാൻ’ ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചു പരുക്കേറ്റതിനെത്തുടർന്നു മാസങ്ങളോളം കിടപ്പിലായതും ‘കുടമാറ്റ’ത്തിന്റെ ലൊക്കേഷനിലെ അപകടവും സിനിമാജീവിതത്തിലെ ഇടവേളകളായി. ഇതിനിടയിൽ സീരിയലുകളിലേക്കു ചുവടുമാറ്റി. സ്നേഹാഞ്ജലി, മേഘജീവിതം തുടങ്ങിയ സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

സിനിമയിൽ നായകനോളം സ്ഥാനം പ്രതിനായകനും ഉണ്ടെന്നു വിശ്വസിച്ചിരുന്ന മേഘനാഥൻ എന്തു വില്ലത്തരങ്ങളും അനായാസം ചെയ്തിരുന്നു. അതിൽനിന്നു മാറ്റം വന്നത് ‘ആക്‌ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് ‘തോപ്പിൽ ജോപ്പനി’ലെ ലാസർ മാഷായും ‘കൂമനി’ലെ എസ്ഐ സുകുമാരനായും ശ്രദ്ധ നേടി. മമ്മൂട്ടി നായകനായ ‘വൺ’ സിനിമയിൽ എംഎൽഎയുടെ വേഷം വളരെ ചെറുതായിരുന്നെങ്കിലും ശ്രദ്ധേയമാക്കാൻ മേഘനാഥനായി. മുഖ്യമന്ത്രിക്കെതിരായ ഭരണപക്ഷ എംഎൽഎയുടെ വിയോജിപ്പും രോഷവും നോട്ടത്തിലൂടെയും ഭാവചലനങ്ങളിലൂടെയും മികവുറ്റതാക്കി. ബാലൻ കെ.നായരുടെ ശബ്ദത്തോടു സാമ്യമുള്ളതായിരുന്നു മേഘനാഥന്റെ ശബ്ദമെങ്കിലും നാടകീയത ഒട്ടുമില്ലാത്ത അഭിനയരീതിയായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘സമാധാന പുസ്തക’മാണ് അവസാന സിനിമ.

അച്ഛൻ ബാലൻ കെ.നായരോടൊപ്പം മേഘനാഥനും മറ്റു കുടുംബാംഗങ്ങളും.
അച്ഛൻ ബാലൻ കെ.നായരോടൊപ്പം മേഘനാഥനും മറ്റു കുടുംബാംഗങ്ങളും.

സിനിമയുടെ ഇടവേളകളിൽ ഷൊർണൂർ വാടാനാംകുറുശ്ശിയിൽ കർഷകനായി ജീവിച്ചു. അമ്മ ശാരദയ്ക്ക് ഓഹരി കിട്ടിയ സ്ഥലത്തു നെല്ല്, തെങ്ങ്, റബർ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ട്രാക്‌ടറിൽ പാടം ഉഴുതുമറിക്കാനും വിത്തുപാകാനുമൊക്കെ കൂടുമായിരുന്നു.

മേഘനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മേഘനാഥൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ജനമനസ്സുകളിൽ തങ്ങിനിൽക്കുന്നവയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

English Summary:

The first vehicle that actor Meghanathan bought with his film earnings was not an expensive car, but a tractor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com