ഡൽഹിയിൽ സുരേഷ് ഗോപിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം; അപ്രതീക്ഷിത അതിഥിയായി പ്രാചി തെഹ്‌ലാൻ
Mail This Article
ഡൽഹിയിൽ സുരേഷ് ഗോപിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി പ്രാചി തെഹ്‌ലാൻ. ഓഫിസ് ഉദ്ഘാടനത്തിന്റെ തിരക്കിലും സുരേഷ് ഗോപി തനിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയതെന്ന് പ്രാചി മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘വരാഹം’ എന്ന സിനിമയിൽ പ്രാചിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നാലെയാണ് സുരേഷ് ഗോപി ഇലക്‌ഷനിൽ വിജയിക്കുന്നതും തുടർന്ന് കേന്ദ്രമന്ത്രി സ്ഥാനത്തെത്തുന്നതും. പിന്നീട് നേരിട്ടൊരു ആശംസ നല്‍കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോകുകയായിരുന്നുവെന്നും അതാണ് സ്വന്തം നാട്ടില്‍ വച്ച് ഇപ്പോള്‍ സാധിച്ചതെന്നും പ്രാചി പറയുന്നു.
‘‘ചില കണ്ടുമുട്ടലുകൾ അപാരമായ സന്തോഷമാണ് തരുന്നത്. ഇതിഹാസ നായകനായ സുരേഷ് ഏട്ടനെ വീണ്ടും കണ്ടുമുട്ടാൻ സാധിച്ചു. അദ്ദേഹം എന്റെ സഹനടനാണ്, മലയാളം സൂപ്പർസ്റ്റാർ, ഇപ്പോൾ ബഹുമാനപ്പെട്ട പെട്രോളിയം, ടൂറിസം മന്ത്രി. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും, അദ്ദേഹം എന്നത്തേയും പോലെ ഊഷ്മളവും വിനയപൂർവവുമായ സ്വീകരണമൊരുക്കി ഈ ദിവസത്തെ അവിസ്മരണീയമാക്കി. സുരേഷേട്ടന് ഏറ്റവും പ്രിയപ്പെട്ട കലാകാന്ദ് സമ്മാനിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷമായി, പക്ഷേ ജിലേബി അദ്ദേഹത്തിന് ഇഷ്ടമായോ എന്ന് സംശയമുണ്ട്. എല്ലാ അർഥത്തിലും ശരിക്കും ഒരു മധുരതാരമായ നിമിഷം. ഈ ആവേശകരമായ പുതിയ അധ്യായത്തിൽ സുരേഷ് ഏട്ടന് വിജയാശംസകൾ നേരുന്നു.
മന്ത്രിയായത് മുതൽ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഞങ്ങൾ ഒരുമിച്ച് 'വരാഹം' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമ പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം മന്ത്രി ആയത്. അതിനുശേഷം അദ്ദേഹം യാത്രയുടെ തിരക്കിലായിരുന്നു. ഞാൻ ഡൽഹിയിൽ എന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തിയതാണ്. അപ്പോൾ അദ്ദേഹവും ഡൽഹിയിൽ ഉണ്ടായിരുന്നു. പെട്രോളിയം-ടൂറിസം മന്ത്രിയായ അദ്ദേഹം ഡൽഹിയിലെ തന്റെ പുതിയ ഓഫിസിലേക്ക് മാറുന്ന ദിവസമായിരുന്നു അത്.
അന്നുതന്നെ അദ്ദേഹത്തെ നേരിട്ട് കണ്ടു ആശംസകൾ അർപ്പിക്കുന്നത് നല്ലതായിരിക്കും എന്ന് എനിക്ക് തോന്നി. സുരേഷ് ഏട്ടൻ എന്നത്തേയും പോലെ വളരെ ഊഷ്മളമായ വരവേൽപ്പ് നൽകി. ‘വരാഹ’ത്തിൽ അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചതിനു ശേഷം അദ്ദേഹത്തെ മന്ത്രിയായി നേരിട്ടു കാണുന്നത് എനിക്ക് ശരിക്കും അഭിമാനകരമായ നിമിഷമായിരുന്നു. മാത്രമല്ല എന്റെ സ്വന്തം നഗരത്തിൽ വച്ച് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.’’ പ്രാചി തെഹ്‌ലാൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.