കയ്യടി നേടി നസ്രിയ, തുടർച്ചയായ വിജയവുമായി ബേസിൽ; ‘സൂക്ഷ്മദർശിനി’ പ്രേക്ഷക റിവ്യു
Mail This Article
ബേസിൽ ജോസഫ്–നസ്രിയ നസീം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സൂക്ഷ്മദർശിനി’ക്കു ഗംഭീര പ്രതികരണം. ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് സിനിമയെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. നസ്രിയയുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. മാനുവൽ ആയി എത്തുന്ന ബേസില്‍ ജോസഫും ഇതുവരെ ചെയ്യാത്തൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരുന്നു. ത്രില്ലിങ് ആയ നിമിഷങ്ങളും ഉദ്വേഗം നിറയ്ക്കുന്ന സീക്വൻസുകളും നിറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്ന എംസി ആണ്. അൽപം ദുരൂഹത നിറയുന്ന ബേസിലിന്റെ കഥാപാത്രത്തെ നിരീക്ഷിക്കുന്ന അയൽക്കാരിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്.