18 വയസ്സിന് താഴെ ഉള്ളവർക്ക് ‘മാർക്കോ’ തിയറ്ററിൽ കാണാൻ സാധിക്കില്ല: ജഗദീഷ്
Mail This Article
18 വയസ്സിനു താഴെയുള്ളവർക്ക് ‘മാർക്കോ’ സിനിമ തിയറ്ററിൽ കാണാൻ കഴിയില്ലെന്ന് െവളിപ്പെടുത്തി ജഗദീഷ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയിൽ അതിക്രൂരനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റുന്ന കഥാപാത്രമല്ല ‘മാർക്കോ’യിെല ടോണി ഐസക് എന്നും താരം വ്യക്തമാക്കി.
ജഗദീഷിന്റെ വാക്കുകൾ: ‘വാഴ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ‘മാർക്കേ’ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. ബൊഗെയ്ൻ വില്ല സിനിമയുടെ റിലീസ് സമയത്ത് ഷറഫുദ്ദീനും ഒരുമ കമന്റ് പറഞ്ഞിരുന്നു. ‘മലയാളത്തിലെ സീനിയർ ആക്ടര്‍ ഇനി റിലീസാകാൻ പോകുന്ന പടത്തിൽ ഭയങ്കര നെഗറ്റിവ് വേഷം ചെയ്യുന്നുണ്ട്.’ ഇത്രയുമാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. മാർക്കോ സിനിമയെന്നോ ഒന്നും പറഞ്ഞില്ല. പക്ഷേ പ്രേക്ഷകർ അതൊരു സംഭവമാക്കി എടുത്തു. അപ്പോൾ എനിക്ക് മനസ്സിലായി ഈ സിനിമയുടെ പ്രതീക്ഷകൾ എത്രത്തോളം വലുതാണെന്ന്.
മാർക്കോയിലൂടെ ജഗദീഷ് പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഈ കഥാപാത്രം എന്നെ വിശ്വസിച്ചേൽപിച്ച സംവിധായകൻ ഹനീഫ് അദേനിയോട് എനിക്ക് കടപ്പാടുണ്ട്. ഹലോ മമ്മി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് ഈ കഥാപാത്രത്തെക്കുറിച്ച് ഹനീഫ് എന്നോടു പറയുന്നത്. ഹനീഫ് എങ്ങനെയാണ് ഈ കഥാപാത്രമായി എന്നെ മനസ്സിൽ കണ്ടതെന്ന് ഞാൻ ആലോചിച്ചു. സാധാരണയായി ഞാൻ ചെയ്യാറുള്ള ചെയ്യാൻ സാധ്യതയുള്ള കഥാപാത്രമല്ല ഇതിലെ ടോണി ഐസക്.
ഞാൻ എന്റെ കഴിവിന്റെ പരമാവധി ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ബാക്കി പറയേണ്ടത് പ്രേക്ഷകരാണ്. ഇതില്‍ ഓരോ ആക്‌ഷന്‍ സീക്വൻസിനും ഓരോ കാരണമുണ്ട്. അല്ലാതെ വെറുതെ കഥയിൽ വരുന്ന ഫൈറ്റുകളല്ല. പ്രത്യേകതരത്തിലുള്ള ലൈറ്റിങ് ടോൺ ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ എന്ന ആക്ടറുടെ കരിയറിലെ വലിയ സിനിമ. ആക്‌ഷൻ സീക്വൻസിൽ ഉണ്ണി ശോഭിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിൽ നിന്നാണ് വില്ലൻ വരുന്നത്. ആ വില്ലനെ കീഴടക്കാൻ തനിക്കു കഴിയുമെന്ന ഇമേജ് ഉണ്ടാക്കാൻ ഫിസിക്കലായി ഉണ്ണി ഒരുപാട് കഷ്ടപ്പെട്ടു. ചെറിയ ഗ്ലാപ്പ് കൊടുത്തതിനു ശേഷമാണ് ക്ലൈമാക്സ് വരെ ഷൂട്ട് ചെയ്തത്. അതികഠിനമായ ഡയറ്റ് ആണ് ഉണ്ണി സിനിമയ്ക്കായി എടുത്തത്.
സാധാരണ കണ്ടിട്ടുള്ള ഉണ്ണിയിൽ നിന്ന് വ്യത്യസ്തനായ ഉണ്ണിയെ മാർക്കോയിൽ കാണാം. ഇതിലൂടെ ഉണ്ണി പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറും. ഇതിലെ ആക്‌ഷൻ സീക്വൻസ് ഏത് ഇന്റർനാഷ്‌നൽ സിനിമയോടും കിടപിടിക്കുന്നതാകും. ഇത്ര ബജറ്റില്‍ തീർക്കണമെന്ന് തീരുമാനിച്ചല്ല നിർമാതാവ് ഷെരീഫ് മുഹമ്മദ് മാർക്കോ നിർമിച്ചിരിക്കുന്നത്. ഷെരീഫ് മുഹമ്മദ് എന്ന നിർമാതാവ് ഫിലിം ഇൻഡസ്ട്രിക്ക് അസറ്റ് തന്നെയാകും.
മാർക്കോ വയലന്റ് ആക്‌ഷൻ സിനിമയാണ്. 18 വയസ്സിനു താഴെയുള്ളവർക്ക് ഈ സിനിമ തിയറ്ററിൽ കാണാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കെന്ത് സംഭവിക്കുമെന്നുള്ളത് സിനിമ കണ്ട് തീരുമാനിക്കുക. ശരിയായിട്ടുള്ള കാര്യങ്ങളല്ല ഞാൻ ചെയ്യുന്നത്. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റുന്ന കഥാപാത്രമല്ല മാർക്കോയിെല ടോണി ഐസക്. മാർക്കോ ആകണമെന്നും ഞാൻ പറയുന്നില്ല. അയാളും അക്രമത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.’’
മലയാളത്തിലെ മാസ് വയലൻസ് സിനിമകൾക്ക് പുത്തനൊരു അദ്ധ്യായം കുറിക്കാനായി ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അഥേനി ഒരുക്കുന്ന മാർക്കോ എത്തുകയാണ്. പ്രഖ്യാപനം മുതൽ തന്നെ വയലൻസ് സിനിമകളുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാർക്കോയുടെ വരവിനായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ബ്ലഡ് സോങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തുക. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്‌ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.