47–ാം വയസ്സിൽ ബാഹുബലി താരത്തിന് വിവാഹം; സന്തോഷം പങ്കിട്ട് സുബ്ബരാജു
Mail This Article
ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം. താരം തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
‘അവസാനം വിവാഹിതനായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പു പട്ടു സാരിയാണ് വധുവിന്റെ വേഷം. താരത്തിന് ആശംസകളുമായി നിരവധി പേരെത്തി. ‘അവസാനം അണ്ണനും പെണ്ണ് കിട്ടിയല്ലോ’, ‘ജീവിതം കളറാക്കൂ’, തുടങ്ങിയ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ബാഹുബലിയിൽ സുബ്ബരാജു അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയിലെ താരത്തിന്റെ ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മീം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.