‘വല്ല്യേട്ടനും കുഞ്ഞേട്ടനും’; 24 വർഷത്തെ ഫോട്ടോ ചാലഞ്ചുമായി മനോജ് കെ.ജയൻ
Mail This Article
മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച സിനിമ വല്ല്യേട്ടന്റെ റി–റിലീസ് ദിനത്തിൽ കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച് മനോജ് കെ.ജയൻ. വല്ല്യേട്ടൻ സിനിമയുടെ സമയത്തും ഈയടുത്ത കാലത്തും മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു മനോജ് കെ.ജയന്റെ പോസ്റ്റ്. 24 വർഷം ചലഞ്ച് എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്.
‘വല്ല്യേട്ടനും കുഞ്ഞേട്ടനും. 24 വർഷം ചാലഞ്ച്. വല്ല്യേട്ടൻ ഇന്ന് റി–റിലീസ്,’ മനോജ് കെ.ജയൻ കുറിച്ചു. രണ്ടര ദശാബ്ദങ്ങൾക്കിപ്പുറവും രണ്ടുപേർക്കും കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കമന്റ്.
സിനിമയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ മനോജ്.കെ.ജയനും അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ അറയ്ക്കൽ മാധവനുണ്ണി ദത്തെടുക്കുന്ന സഹോദര കഥാപാത്രമായ ദാസനെയാണ് ചിത്രത്തിൽ മനോജ് കെ.ജയൻ അനശ്വരമാക്കിയത്. ‘എന്റെ അനിയൻ ദാസൻ കൂടെ പിറന്നത് അല്ല, പക്ഷേ അങ്ങനെ ആണ്,’ എന്ന മമ്മൂട്ടിയുടെ ഡയലോഗ് മനോജ് കെ.ജയന്റെ പോസ്റ്റിനു താഴെ ആരാധകർ ഓർത്തെടുത്തു കുറിച്ചിട്ടുണ്ട്.