ADVERTISEMENT

നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്‌ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരിച്ച്  നയൻതാരയുടെഅഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി.

ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ലെന്നും അഭിഭാഷകൻ രാഹുൽ ധവാൻ വിശദീകരിച്ചു. ‘‘ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയിൽ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല’’–നയൻതാരയുടെ അഭിഭാഷകന്റെ മറുപടി. കേസിൽ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയിൽ ഡിസംബർ 2ന് നടക്കും.

നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്‌ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്റെ മാനേജിങ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്.  

നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രൊഡക്‌‌ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ് ധനുഷ് കേസ് കൊടുത്തത്.  24 മണിക്കൂറിനുള്ളിൽ നയൻതാര ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷിന്റെ അഭിഭാഷക സംഘം പ്രസ്താവനയിറക്കിയത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താര ചിത്രീകരണസമയത്ത് സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ചില വിഡിയോയും ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തിരുന്നു.

English Summary:

Nayanthara's lawyer responds to Dhanush's lawsuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com