മുംബൈയിൽ നിന്നും പറന്നെത്തി സുപ്രിയയുടെ സർപ്രൈസ്; വൈറലായി പൃഥ്വിയുടെ പ്രതികരണം
Mail This Article
‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ലൊക്കേഷനിലെത്തി പൃഥ്വിരാജിനു സര്‍പ്രൈസ് നൽകി ഭാര്യ സുപ്രിയ മേനോൻ. അതിരാവിലെ മുംബൈയിൽ നിന്നും ഫ്ലൈറ്റിലെത്തിയ താരം മൂന്നു മണിക്കൂർ ഡ്രൈവിനു ശേഷമാണ് പാലക്കാടുള്ള ലൊക്കേഷനിലെത്തിയത്.
എമ്പുരാന്റെ ലൊക്കേഷനിലെത്തുന്നതിന്റെയും പൃഥ്വിയെ കണ്ടുമുട്ടുന്നതിന്റെയും വിഡിയോ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. തന്നെ അപ്രതീക്ഷിതമായി കണ്ട പൃഥ്വിയുടെ പ്രതികരണത്തെക്കുറിച്ചും രസകരമായി തന്നെ സുപ്രിയ കുറിച്ചിട്ടുണ്ട്. ഭർത്താവിന്റെ ശ്രദ്ധ പരമാവധി തെറ്റിക്കുക എന്ന അർഥം വരുന്നൊരു ഹാഷ്ടാഗും കുറിപ്പിനൊപ്പം സുപ്രിയ പങ്കുവയ്ക്കുക ഉണ്ടായി.
ഇന്നു പുലർച്ചെയാണ് എമ്പുരാൻ സിനിമയ്ക്കു പാക്കപ്പ് ആകുന്നത്. ‘‘'ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി’’–പാക്കപ്പ് വിവരം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു.
അതേസമയം പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു. ബോളിവുഡിലെ എ ലിസ്റ്റിൽ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം.