‘തമാശ’യല്ല, നെഞ്ച് മുറിയും
Mail This Article
ഹൃദയം കൊണ്ടാണ് നിങ്ങളീ നാടകം കാണുന്നതെങ്കിൽ സൂക്ഷിക്കണം..അമ്പു തറച്ച് അവിടം കീറിമുറിയും. പലതരം മൂർച്ചയുള്ള അമ്പുകൾ, യുദ്ധത്തിന്റെ, വിഭജനത്തിന്റെ, ക്ലോൺ ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ, ഒടുവിലല്ലാതെ പെണ്ണിന്റെയും. പെണ്ണെന്നു പറഞ്ഞാൽ അമ്മയുടെ, മകളുടെ, കാമുകിയുടെ, വേശ്യയുടെ... ഈ ഓരോ അമ്പിൽനിന്നും ഇറ്റുവീഴുന്ന ചോരകൊണ്ട് എഴുതുന്ന നാടകത്തിന്റെ പേരാണ് തമാശ. ജീവിതമൊരു തമാശയാകുന്നത് എപ്പോഴാണ്. ഹിപ്പോക്രിസിക്കു മുന്നിൽ യാഥാർഥ്യം ഉറഞ്ഞു തുള്ളുമ്പോൾ. അത്തരമൊരു നൃത്തമായിരുന്നു ഈ നാടകം. ജോസ് ചിറമ്മൽ ജന്മദിനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്ററിന്റെ (കൾട്ട് ) ആഭിമുഖ്യത്തിൽ തൃശൂർ നാട്യഗൃഹത്തിൽ അവതരിപ്പിച്ച ഈ നാടകം മിനുസവും അതേസമയം ക്രൂരവുമായ ജീവിതാനുഭവങ്ങളുടെ നൃത്തമായിരുന്നു - നാൽവർ സംഘം അവതരിപ്പിച്ച അരങ്ങുപാട്ട്. പദ്മശ്രീ പുരസ്കാരം നേടിയ പഞ്ചാബിയായ പ്രമുഖ നാടക പ്രവർത്തക നീലം മാൻസിങ് ചൗധരി ആദ്യമായി സംവിധാനം ചെയ്ത മലയാള നാടകമാണ് തമാശ.
പ്രമുഖ ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മാൻതോയുടെ (1912 - 1955) ചെറുകഥകളെ ആസ്പദമാക്കിയാണ് നാടകമൊരുക്കിയത്. വിഭജനത്തിനു മുൻപ് പഞ്ചാബ് മേഖലയിലും രാജ്യത്തിന്റെ വിഭജനത്തിനുശേഷം പാക്കിസ്ഥാനിലും ജീവിച്ച മാൻതോയുടെ രചനകളിലെ പരുപരുത്ത പ്രതലത്തിന്റെ കാഠിന്യം നാടകത്തിലും കാണാം. ജീവിതാനുഭവങ്ങളെ ഒളിച്ചുവയ്ക്കാതെ അവതരിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒന്നും മറച്ചുവയ്ക്കാനുള്ളതല്ല നാടകമെന്ന് തമാശയും വ്യക്തമാക്കുന്നു. അങ്ങനെ തുറന്നു പറയുമ്പോൾ ചിലപ്പോൾ നമ്മുടെ നല്ലപിള്ളനാട്യം നാടകവുമായി ഏറ്റുമുട്ടും.
ഒരു പെട്ടിയിൽ കൊണ്ടുവന്ന കല്ലും പൊടിയും അരങ്ങിന്റെ മുന്നിലേക്ക് കുടഞ്ഞെറിഞ്ഞപ്പോഴുണ്ടായ ശാരീരികാസ്വസ്ഥത ഈ ഏറ്റുമുട്ടലിന്റെ പ്രത്യക്ഷമായ പ്രകടനമായിരിക്കാം. എത്ര പൊടിയും ചൂടും മഴയും സഹിച്ചാലും പ്രകൃതിയെ സംരക്ഷിക്കില്ലെന്നു വാശിപിടിക്കുന്ന നമുക്ക് ഈ പൊടിയൊക്കെ വെറും തമാശയായി മാറുന്നു, ഹൃദയത്തിൽ തൊടുന്നെങ്കിലും. ശരീരത്തെ മുഴുനീള പ്രോപ്പർട്ടിയായി ആഘോഷിക്കുകയാണ് അഭിനേതാക്കളായ ഷിബിൽ പറവത്തും ഗാർഗി അനന്തനും ശരത് മെറാക്കിയും അശ്വതി രാജും. നടന്റെ ആയുധം ഉടലാകെയും ശബ്ദവുമാണെന്ന തിരിച്ചറിവാണ് ഏതു നാടകത്തിന്റെയും തിളക്കം, തമാശയുടെയും.
മറ്റ് രണ്ട് പ്രധാന പ്രോപ്പർട്ടികളായ വലിയ ഇരുമ്പുകൂടും ഇരുമ്പുചെമ്പും നടന്മാരുടെ പെരുമാറ്റത്താൽ സജീവമാകുന്നു. രാജ്യങ്ങളും മനസ്സുകളും തമ്മിലുള്ള വിഭജനം ഒരു നായയ്ക്ക് ഏൽക്കുന്ന വെടിയുണ്ടച്ചോരയായി വാർന്നുവീഴുന്നു. എവിടെയുമുള്ള യുദ്ധത്തിന്റെ തീവ്രതയിലൂടെയുള്ള കടന്നുപോക്ക്, ഒരു പോലെയുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന തട്ടിപ്പുക്ലോൺ കേന്ദ്രങ്ങളുടെ ഭക്തിപാരവശ്യം, പെണ്ണ് കേന്ദ്രകഥാപാത്രമാകുന്ന വിവിധ ജീവിത സാഹചര്യങ്ങളുടെ നനുത്തതും കുത്തിക്കീറുന്നതുമായ ഇടപെടലുകൾ. എല്ലാം ഒരു മണിക്കൂറിൽ കാഴ്ചക്കാരെ ഭ്രമിപ്പിക്കും. കെ.കെ.സുബിനാണ് നാടകത്തിന്റെ രംഗസജ്ജീകരണം. രചനകളിൽ അശ്ലീലമുണ്ടെന്നതിന്റെ പേരിൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ആറുതവണ വിചാരണ ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യകാരനാണ് സാദത്ത് ഹസൻ മാൻതോ.
പക്ഷേ ഒരു തവണ പോലും ശിക്ഷിക്കപ്പെടാതിരുന്നത് ശ്ലീലത്തിനും അശ്ലീലത്തിനുമിടയിലുള്ള കപടനാട്യം തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം. അല്ലെങ്കിലും വിഭജനം കണ്ട കണ്ണുകളിൽനിന്നും കൈവിരലുകളിൽനിന്നും ഊർന്നുവീഴുന്ന രചനകൾ അത്ര സോഫ്റ്റോയിരിക്കില്ലല്ലോ. അനുനിമിഷം മാറുന്ന മനസ്സിന്റെ വ്യാപാരങ്ങളെയും തീവ്രചിന്തകളെയും സംഘർഷങ്ങളെയും വെട്ടിമുറിക്കലിന്റെ കാഠിന്യവും തുറന്നുകാണിക്കുന്നുണ്ട് തമാശ. എന്നിട്ടും ജീവിതത്തെ അനുകമ്പയുടെയും സ്നേഹത്തിന്റെയും അരുമനൂലാൽ കെട്ടുന്നുമുണ്ട് മാൻതോയും നാടകവും. പീഡനലാക്കോടെ കൊണ്ടുവരുന്ന പെൺകുട്ടിയിൽ സ്വന്തം മകളുടെ നിഷ്കളങ്കത കണ്ടെത്തുന്നതും അതുകൊണ്ടുതന്നെ.
റിഹേഴ്സൽ പഞ്ചാബിൽ
ചണ്ഡീഗഡിൽ നീലം മാൻസിങ്ങിന്റെ സ്വന്തം നാടകസംഘമായ ദി കംപനിയിലായിരുന്നു റിഹേഴ്സൽ. ഒരു മാസത്തോളം റിഹേഴ്സൽ നീണ്ടു. അവരുടെ തിയറ്റർ രീതികളിലേക്ക് എത്തിപ്പെടാൻ തന്നെ രണ്ടാഴ്ചയെടുത്തെന്ന് അഭിനേതാക്കൾ പറയുന്നു. അസാധാരണവും അതുല്യവുമായ തിയറ്റർ അനുഭവങ്ങളിലൂടെ കടന്നുപോയാണ് ശരീരത്തെയും മനസ്സിനെയും തമാശയ്ക്കായി പരുവപ്പെടുത്തിയതെന്ന് ഇവർ പറയുന്നു. മാൻസിങ്ങിന്റെ സംവിധാനത്തിൽ ഒരു നാടകം ചെയ്യണമെന്ന ആഗ്രഹമാണ് തമാശയിൽ എത്തിയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അവർക്ക് ഇവിടെ വരാനാകാത്തതിനാൽ അഭിനേതാക്കൾ അങ്ങോട്ടുപോയി. ഹസൻ മാൻതോയുടെ രചനകളെ ആസ്പദമാക്കി അഭിനേതാക്കൾ സൃഷ്ടിച്ച ചെറുപ്രകടനങ്ങൾ ഓൺലൈനിലൂടെ വിലയിരുത്തിയാണ് ഈ നാല് അഭിനേതാക്കളെയും തിരഞ്ഞെടുത്തത്. ഹൈദരാബാദിലടക്കം നാടകം അവതരിപ്പിച്ചു. ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലും ബെംഗളൂരുവിലും നേപ്പാളിലും വൈകാതെ അവതരണമുണ്ടാകും.