ADVERTISEMENT

തെന്നിന്ത്യന്‍ സിനിമയില്‍ ഒന്നടങ്കം ജ്വലിച്ചു നിന്ന നടിയായിരുന്നു സുകന്യ. മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായ മുന്‍നിര താരം. അഭിനയരംഗത്ത് സജീവമായിരിക്കെ അവര്‍ നിര്‍ണായകമായ ഒരു തീരുമാനം എടുത്തു. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക. അങ്ങനെ സുകന്യ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വച്ചായിരുന്നു വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ശ്രീധറിനൊപ്പം കുടുംബജീവിതം ആരംഭിക്കുകയും  ചെയ്തു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കുളളില്‍ വിവാഹബന്ധം അവസാനിപ്പിച്ച് അവര്‍ ചെന്നെയില്‍ മടങ്ങിയെത്തി. ദാമ്പത്യജീവിതത്തോട് വിരക്തി തോന്നിയ അവര്‍ പിന്നീട് തനിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇപ്പോള്‍ 55-ാം വയസ്സിലെത്തിയിട്ടും അവരുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ല. എന്താണ് അവര്‍ നേരിട്ട വിഷമതകളെന്ന് എവിടെയും വെളിപ്പെടുത്താനും സുകന്യ തയാറായില്ല. ആരെയും കുറ്റപ്പെടുത്തിയതുമില്ല. 

നര്‍ത്തകിയായി തുടങ്ങി നായികയായി

സുകന്യ റാണി എന്നതായിരുന്നു അവരുടെ ശരിക്കുളള പേര്. സിനിമയില്‍ വന്നപ്പോള്‍ അതിലെ റാണി തുടച്ചു നീക്കപ്പെട്ടു. അച്ഛന്‍ രമേശ് ബിസിനസുകാരനും അമ്മ ഭാരതി വീട്ടമ്മയുമായിരുന്നു. മദ്രാസ് കലാക്ഷേത്രയിലെ നൃത്ത വിദ്യാർഥിയായിരുന്നു സുകന്യ. ഏഴാം വയസ് മുതല്‍ നൃത്ത പഠനം ആരംഭിച്ച സുകന്യയ്ക്ക് വളരെ ചെറുപ്രായത്തില്‍ തന്നെ അംഗീകാരങ്ങള്‍ ലഭിച്ചു തുടങ്ങി.‍

sukanya-dance

ഗോര്‍ബച്ചേവും രാജീവ്ഗാന്ധിയും കുടുംബവും പങ്കെടുത്ത ഫെസ്റ്റിവല്‍ ഓഫ് യു.എസ്.എസ്.ആറിന്റെ ഉദ്ഘാടന മാമാങ്കത്തിൽ പ്രശസ്ത കൊറിയോഗ്രാഫര്‍ ചന്ദ്രലേഖയ്ക്ക് ഒപ്പം നമസ്‌കാര നൃത്തം ചെയ്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായിരുന്നു സുകന്യ. 6 വര്‍ഷം കേന്ദ്ര സർക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ അവര്‍ നൃത്തപഠനം തുടര്‍ന്നു. സിനിമ ഒരു കാലത്തും സുകന്യയുടെ സ്വപ്നമായിരുന്നില്ല. ഒന്‍പതാം ക്ലാസ് മുതല്‍ ഓഫറുകള്‍ തേടിയെത്തിയെങ്കിലും എല്ലാം അവര്‍ നിരസിച്ചു. നൃത്തമായിരുന്നു സുകന്യയുടെ ജീവന്‍. ഭാരതിരാജയുടെ സ്‌നേഹപൂര്‍വകമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 1991ല്‍ ‘പുതുനെല്ല പുതുനാത്ത്’ എന്ന ആദ്യചിത്രം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്‌മാന്റെ നായികയായി ഐ.വി.ശശി ചിത്രമായ അപാരതയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച സുകന്യ അമ്മ അമ്മായിയമ്മ, സാഗരം സാക്ഷി, തൂവല്‍ക്കൊട്ടാരം, ചന്ദ്രലേഖ, കാണാക്കിനാവ്, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉടയോന്‍, ആമയും മുയലും എന്നീ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം നോട്ട്ബുക്ക് എന്ന പടത്തില്‍ അമ്മ വേഷത്തിലും എത്തി. ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം ഡി.എന്‍.എ യാണ്. സിനിമ തീരെ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് സുകന്യയുടെ മടങ്ങി വരവും ആരും ഗൗരവമായി കണ്ടില്ല. ഇതിനിടയില്‍ നിരവധി ടിവി സീരിയലുകളിലും അവര്‍ പ്രത്യക്ഷപ്പെട്ടു. 

sukanya-manju-warrier
തൂവൽക്കൊട്ടാരം എന്ന ചിത്രത്തിൽ സുകന്യയും മഞ്ജു വാരിയറും

ദശകങ്ങള്‍ നീണ്ട കരിയറില്‍ മികച്ച നടിക്കുളള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും പല തവണ ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. പ്രശസ്തിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ ഉപേക്ഷിച്ച് ദാമ്പത്യത്തിലേക്ക് പോകുന്നതും പോയ വേഗത്തില്‍ സിനിമയിലേക്ക് തിരിച്ചു വരുന്നതും.

വിവാഹവും വിവാഹമോചനവും

ആടിയ കാലും പാടിയ വായും വെറുതെയിരിക്കില്ല എന്നാണ് സുകന്യയുടെ വിവാഹമോചനത്തെക്കുറിച്ച്  രംഗനാഥന്‍ എന്ന യൂട്യൂബര്‍ അഭിപ്രായപ്പെട്ടത്. താരറാണിയായി വിലസുന്ന കാലത്ത് രാജകീയമായ സൗകര്യങ്ങളോടെ എല്ലാ സൗഭാഗ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ സുകന്യയ്ക്ക് വിവാഹം കഴിച്ച് അമേരിക്കയിലേക്ക് ചെക്കേറിയതോടെ കടുത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ട് തുടങ്ങി. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുളളില്‍ തളച്ചിടപ്പെട്ട ജീവിതം. നിരവധി പരിചാരകരുമായി മഹാറാണിയെ പോലെ വിലസിയ നടിക്ക് വീട്ടുജോലികള്‍ സ്വയം ചെയ്ത് ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടാന്‍ പ്രയാസം തോന്നി. അമേരിക്കയില്‍ ജോലിക്ക് ആളെ വയ്ക്കുന്ന രീതിയുമില്ല. അങ്ങനെ ആരെയും കിട്ടാനും നിര്‍വാഹമില്ല. വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ട സുകന്യ തന്റെ വിഷമങ്ങള്‍ ഭര്‍ത്താവുമായി പങ്ക് വച്ചു. അവരെ ആശ്വസിപ്പിക്കുന്നതിന് പകരം വളരെ രൂക്ഷമായ ഭാഷയിലാണ് ഭര്‍ത്താവ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ മോശം പെരുമാറ്റം കുടിയായപ്പോള്‍ ഇങ്ങിനെയൊരു ജീവിതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ക്ക് തോന്നി. അങ്ങനെ ആരോടും പറയാതെ ഒരു ദിവസം അവര്‍ ചെന്നെയ്ക്ക് വിമാനം കയറി. 

innathe-chinthavishayam-sukanya
ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിൽ നിന്നും (മനോരമ ആർകൈവ്സ്)

സുകന്യയുടെ വിവാഹമോചനം പോലും പുതുമയുളള ഒന്നായിരുന്നു. ചെന്നെയില്‍ മടങ്ങിയെത്തിയ അവര്‍ ഡിവോഴ്‌സ് ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ എതിര്‍കക്ഷിയായ ഭര്‍ത്താവ് ശ്രീധര്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് വാദിച്ചു. അതിനായി അദ്ദേഹം ഉന്നയിച്ച കാരണം ഇതായിരുന്നു. അമേരിക്കയില്‍ വച്ച് നടന്ന വിവാഹത്തില്‍ നിന്ന് മുക്തി നേടാന്‍ ഇന്ത്യയിലെ കോടതിയെ സമീപിക്കുന്നതിന് നിയമസാധുതയില്ല പോലും. എന്നാല്‍ എവിടെ വച്ച് വിവാഹം നടന്നാലും ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ ഭാര്യയ്ക്ക് സാധിക്കാത്തപക്ഷം നാട്ടിലെ കോടതിയിലും ഡിവോഴ്‌സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ജഡ്ജി വിധിച്ചതോടെ ശ്രീധര്‍ പത്തിമടക്കി. അങ്ങനെ സുകന്യ പൂര്‍ണസ്വതന്ത്രയായി. പിന്നീട് ഒരിക്കലും കുടുംബജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായില്ല. 

നാട്ടില്‍ വന്ന ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നായികാ പദവിയില്‍ തിളങ്ങി നിന്ന കാലത്തിന് സമാനമായ ഒരു തരംഗം  ഉണ്ടായില്ലെന്ന് മാത്രമല്ല ക്രമേണ അവര്‍ നിരാകരിക്കപ്പെടുകയും ചെയ്തു. രണ്ട് കാരണങ്ങള്‍ കൊണ്ടാണിത് സംഭവിച്ചത്.  ഒന്ന് വിവാഹിതരായ നായികമാര്‍ക്ക് പിന്നീട് വിപണനമൂല്യവും ജനപ്രീതിയും ലഭിക്കുക ദുഷ്‌കരമാണ്. രണ്ട് വളരെ ചെറിയ പെണ്‍കുട്ടികള്‍ നായികാപദവിക്കായി മത്സരിക്കുമ്പോള്‍ പ്രായം കടന്ന ആളുകളെ ഉള്‍ക്കൊളളാന്‍ പ്രേക്ഷകര്‍ക്കും ചലച്ചിത്രമേഖലയ്ക്കും പ്രയാസം നേരിട്ടു. 

സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയമായിരുന്നു മടങ്ങി വരവില്‍ അവര്‍ ചെയ്ത ശ്രദ്ധേയ വേഷം. മികച്ച സഹനടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലുടെ സ്വന്തമാക്കി. മലയാളത്തില്‍ കടമറ്റത്ത് കത്തനാര്‍ ഉള്‍പ്പെടെ പല ജനപ്രിയ സീരിയലുകളിലും സുകന്യ അഭിനയിച്ചു. മികച്ച നര്‍ത്തിയായിരുന്നിട്ടും നൃത്തത്തിന് പ്രാധാന്യമുളള അധികം കഥാപാത്രങ്ങള്‍ അവരെ തേടി എത്തിയില്ല. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം ഒഴികെ. ആ സിനിമയില്‍ മഞ്ജു വാരിയരുമായുളള നൃത്ത മത്സരത്തില്‍ അവര്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

thoovalkkottaram
തൂവൽക്കൊട്ടാരം എന്ന ചിത്രത്തിൽ നിന്നും (മനോരമ ആർകൈവ്സ്)

‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന പടത്തില്‍ നടി നന്ദിതാ ദാസിന് ശബ്ദം നല്‍കിയതും സുകന്യയാണ്. മുടിയോടും മേക്കപ്പിനോടും പ്രതിപത്തിയുളള അവര്‍ ആനന്ദം എന്ന ടിവിഷോയുടെ സെറ്റില്‍ സഹനടന്റെ ഹെയര്‍സ്‌റ്റൈല്‍ ചെയ്യുന്നതും ചര്‍ച്ചയായി. സാധാരണഗതിയില്‍ ഒരു മുന്‍നിര താരം ചെയ്യാന്‍ മടിക്കുന്ന ദൗത്യം.

അത്യാവശ്യം രാഷ്ട്രീയവും എഴുത്തും സംഗീതവുമെല്ലാം ഒപ്പമുണ്ട്. വൈഷ്ണവ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടുകയും സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് സുകന്യ. 

അഷറഫ് അറിഞ്ഞ സുകന്യ

എല്ലാവരും മറന്നു തുടങ്ങിയ സുകന്യ സമീപകാലത്ത് ഓര്‍മ്മിക്കപ്പെടാന്‍ നിമിത്തമായത് സംവിധായകന്‍ ആലപ്പി അഷറഫിന്റെ അനുഭവകഥനമാണ്.

സുകന്യയെ പരിചയപ്പെടാനിടയായ സാഹചര്യം മുതല്‍ അവരുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പങ്ക് വച്ചു.

തൊണ്ണൂറുകളില്‍ ഒരു ദിവസം രാവിലെ സംവിധായകന്‍ ഫാസില്‍ അഷറഫിനെ വിളിച്ച് പറയുന്നു, 'കാലത്ത് വീട്ടിലേക്കൊന്ന് വരണം. ബ്രേക്ക് ഫാസ്റ്റ് എന്റെ വീട്ടിലാണ്. ഇന്ന് നമുക്കൊപ്പം ഒരു ഗസ്റ്റ് കൂടിയുണ്ട്. തമിഴ് സംവിധായകന്‍ ഭാരതിരാജ.' അഷറഫ് കൃത്യസമയത്ത് തന്നെ ഫാസിലിന്റെ വീട്ടിലെത്തി. അവിടെ ഭാരതിരാജ ഉണ്ടായിരുന്നു. മൂവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. പിന്നീട് ആലപ്പുഴയിലെ കുട്ടനാടും ഉദയാ സ്റ്റുഡിയോയുമെല്ലാം കാണാന്‍ പോകുന്നു. എന്നാല്‍ ഭാരതിരാജ വന്നത് ഇതൊന്നും കാണാനായിരുന്നില്ല. 

ഫാസില്‍ അന്ന് തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ്. കാഴ്ചയില്‍ സുന്ദരനായ ഫാസിലിനെ നായകനാക്കി ഒരു പടം എടുക്കുന്ന കാര്യം സംസാരിക്കാനാണ് ഭാരതിരാജയുടെ ആഗമനം. തന്റെ തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളുകള്‍ക്കിടയില്‍ അത് സാധിക്കില്ലെന്ന് പറഞ്ഞ് ഫാസില്‍ ആ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. അന്ന് ഫാസില്‍ സമ്മതം മൂളിയിരുന്നെങ്കില്‍ സുകന്യയുടെ ആദ്യനായകനായി അദ്ദേഹം മാറുമായിരുന്നു എന്ന് മാത്രമല്ല തമിഴിലെ വലിയ ഒരു താരമായും അറിയപ്പെട്ടേനെ. ആ ചിത്രമാണ് പിന്നീട് സുകന്യയുടെ അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ പുതുനെല്ല് പുതുനാത്ത്. 

അന്ന് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഇന്‍ ഹരിഹര്‍ നഗര്‍ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അഷറഫ്. പുതുനെല്ല് പുതുനാത്ത് തിയറ്ററില്‍ തകര്‍ത്ത് ഓടുന്ന സമയത്ത് തമിഴിലെ മുന്‍നിര നിര്‍മ്മാതാവായ സൂപ്പര്‍ഗുഡ് ഫിലിംസ് ആര്‍.ബി.ചൗധരി അഷറഫിനെ വിളിച്ച് പറയുന്നു, 'നിങ്ങള്‍ ആ സിനിമ തിയറ്ററില്‍ പോയൊന്ന് കാണണം. അതില്‍ ഒരു പുതുമുഖ നായികയുണ്ട്. അവര്‍ നമ്മുടെ പടത്തിന് ചേരുമോയെന്ന് നോക്കണം'. 

നായികയെ മാത്രമല്ല വില്ലനായി അഭിനയിച്ച നെപ്പോളിയനും അഷറഫിന്റെ മനസില്‍ പതിഞ്ഞു. രണ്ടുപേരെയും അദ്ദേഹം തന്റെ പടത്തിലേക്ക് കാസ്റ്റ് ചെയ്തു. ‘എം.ജി.ആര്‍ നഗറില്‍’ എന്നായിരുന്നു സിനിമയുടെ പേര്. അഷറഫ് വീട്ടില്‍ പോയി സുകന്യയെ കണ്ടു. കഥ പറയുന്നതിന് പകരം ഹരിഹര്‍ നഗറിന്റെ കാസ്റ്റ് കാണാനായി കൊടുത്തു. അവര്‍ പടം കണ്ട് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊളളുകയും ഫോണില്‍ വിളിച്ച് കോസ്റ്റ്യൂമിനെക്കുറിച്ച് തിരക്കുകയും ചെയ്തപ്പോള്‍ അഷറഫ് പറഞ്ഞു.

'ഡ്രസ് സ്റ്റിച്ച് ചെയ്യുകയൊന്നും വേണ്ട. നമുക്ക് എല്ലാം റെഡിമെയ്ഡ് വാങ്ങാം'. ടി. നഗറിലുളള നായിഡു ഹാള്‍ എന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിലേക്ക് അഷറഫ് തന്നെ സുകന്യയെ കൂട്ടിക്കൊണ്ടു പോയി അവരുടെ അളവിലുളള വസ്ത്രങ്ങള്‍ സെലക്ട് ചെയ്തു.

സൂപ്പര്‍നായികയായി വളരുന്നു

‘എം.ജി.ആര്‍ നഗറില്‍’ ഷൂട്ടിങ് ആരംഭിച്ചു. ഓരോ ദിവസവും സുകന്യ ലൊക്കേഷനില്‍ വരുന്നത് ഹൃദ്യമായ ഒരു പുഞ്ചിരിയോടെയായിരുന്നു. അവര്‍ക്കൊപ്പം ഒന്നുകില്‍ അമ്മയോ അല്ലെങ്കില്‍ സഹോദരിയോ കാണും. പടത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെ അന്ന് സൂപ്പര്‍താരമായിരുന്ന വിജയകാന്തിന്റെ ‘ചിന്ന കൗണ്ടര്‍’ എന്ന പടത്തില്‍ നായികയായി ഓഫര്‍ ലഭിക്കുന്നു. സുകന്യയെ സംബന്ധിച്ച് അതൊരു സുവര്‍ണ്ണാവസരമാണ്. പക്ഷേ, ഈ പടം കഴിയാതെ എങ്ങനെ പോകും. ഒടുവില്‍ രാപ്പകലില്ലാതെ അഷറഫ് അവരുടെ സീനുകള്‍ ചിത്രീകരിച്ച് തീര്‍ത്തു. ചിന്ന കൗണ്ടറില്‍ അഭിനയിച്ച ശേഷം അവര്‍ക്ക് നിന്നു തിരിയാന്‍ കഴിയാത്ത വിധം തിരക്കായി. ഒരേ സമയം തമിഴിലും തെലുങ്കിലും മുന്‍നിര നായികയായി സുകന്യ. 

ആ സമയത്ത് മലയാളത്തില്‍ നിന്നും അനവധി ഓഫറുകള്‍ വന്നെങ്കിലും ഡേറ്റുണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. തിരക്കിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ നിന്നും ശ്രീധര്‍ രാജഗോപാല്‍ എന്നയാളുടെ വിവാഹാലോചന വരുന്നത്. സാധാരണ ഗതിയില്‍ നടികള്‍ സിനിമയില്‍ നിന്ന് പരമാവധി പണം വാരി ഏതാണ്ട് ഔട്ടാകുന്ന സ്ഥിതിയിലാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ സുകന്യ നേരെ മറിച്ചായിരുന്നു. ഭാര്യയും അമ്മയുമായി നല്ലൊരു കുടുംബജീവിതം നയിക്കുക എന്നത് അവരുടെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ ലക്ഷങ്ങളുടെ ഓഫറുകള്‍ വേണ്ടെന്നു വച്ച് ശ്രീധറിനെ വിവാഹം കഴിച്ച് അവര്‍ വിദേശത്ത് താമസമാക്കി. 

mammootty-sukanya
സാഗരം സാക്ഷി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സുകന്യ (മനോരമ ആർകൈവ്സ്)

വിവാഹാനന്തര ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പല കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സത്യം അതൊന്നുമായിരുന്നില്ലെന്ന് അഷറഫ് പറയുന്നു.

സുകന്യയെ ശാരീരികമായും മാനസികമായും വല്ലാതെ പീഡിപ്പിച്ചിരുന്നു ഭര്‍ത്താവ്. കൊടിയ പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. അങ്ങനെ സഹിച്ച് തീര്‍ക്കാനുളളതല്ല തന്റെ ജീവിതം. 

വിവാദങ്ങള്‍ക്ക് നടുവില്‍ അമ്മയാകുന്നു

നാട്ടില്‍ വന്ന് അത്യാവശ്യം പടങ്ങളില്‍ അഭിനയിച്ച് സമാധാനമായി ജീവിച്ചു വരുമ്പോള്‍ അവരുടെ സ്വസ്ഥത കെടുത്താനായി ചില യൂട്യൂബര്‍മാര്‍ രംഗത്ത് എത്തി. സുകന്യ യുവാവായ ഒരു മന്ത്രിക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നതെന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. മറ്റ് ചില യൂട്യൂബര്‍മാരും അതേറ്റെടുത്തതോടെ സംഗതി വൈറലായി. സുകന്യ വെറുതെയിരുന്നില്ല. എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ച് തന്റെ നിരപരാധിത്വം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അടുത്ത വാര്‍ത്തയും പ്രചരിച്ചു തുടങ്ങി. സുകന്യ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായിരിക്കുന്നു. കുഞ്ഞിന്റെ ഫോട്ടോ സഹിതമാണ് വാര്‍ത്ത. ഏതായാലും ഇക്കുറി അവര്‍ എതിര്‍ക്കുകയോ കേസ് കൊടുക്കുകയോ ചെയ്തില്ല. കാരണം കുട്ടികളും കുടുംബവുമില്ലാത്ത സുകന്യയ്ക്ക് സ്വന്തം ചേച്ചിയുടെ കുഞ്ഞിന്റെ അമ്മയായി ജീവിക്കുന്നതില്‍ പരം സന്തോഷം മറ്റൊന്നില്ലായിരുന്നു. സുകന്യ തന്റെ അമ്മയാകുന്നതില്‍ ആ കുട്ടിക്കും വലിയ ആഹ്‌ളാദമായിരുന്നു. കുട്ടി തന്നോട് പറഞ്ഞ വാക്കുകള്‍ സുകന്യ പരസ്യമാക്കി, 'ഐ എം പ്രൗഡ് ഓഫ് യു മൈ മദര്‍.'

ഇതൊക്കെയാണെങ്കിലും പല സന്ദര്‍ഭങ്ങളിലും പലരും സുകന്യയോട് ചോദിച്ചു. 

'ഇനി ഒരു വിവാഹമൊക്കെ ആയിക്കൂടേ? എത്രകാലം ഇങ്ങനെ ഒറ്റയ്ക്ക് കഴിയും?'

അതിന് അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു. ‘‘50 വയസ്സ് കഴിഞ്ഞ ഞാന്‍ ഇനിയൊരു വിവാഹം കഴിച്ച് ഒരു കുട്ടി ജനിച്ച് വളര്‍ന്നു വരുമ്പോള്‍ അത് എന്നെ അമ്മുമ്മേ എന്ന് വിളിച്ചാലോ? അതുകൊണ്ട് ഇനി ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞു പോയേക്കാം'

പ്രതിസന്ധികള്‍ പൂമാലയാക്കി മാറ്റാമെന്ന് തെളിയിച്ച പെണ്‍കരുത്തിന്റെ പ്രതീകമായി സുകന്യ വിലയിരുത്തപ്പെടുന്നു. ഇത്രയൊക്കെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടും ഇന്നും മായാത്ത ആ പുഞ്ചിരി തന്നെ ഏറ്റവും വലിയ തെളിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com