ശോഭിത ഇനി നാഗചൈതന്യയ്ക്കു സ്വന്തം; ആഡംബര വിവാഹം നടന്നത് അന്നപൂര്‍ണ സ്റ്റുഡിയോയില്‍
Mail This Article
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ േവഷം. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്.
ടോളിവുഡിലെ പ്രശസ്തമായ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്തത് അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോയിലാണ്. ക്ഷണിക്കപ്പെട്ട നാനൂറോളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ സിനിമാ രംഗത്തുനിന്നെത്തി. ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
‘‘ശോഭിതയും ചായ്‌യും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായ്‌യ്ക്ക് അഭിനന്ദനങ്ങൾ, ഒപ്പം കുടുംബത്തിലേക്ക് സ്വാഗതം പ്രിയ ശോഭിത. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു കഴിഞ്ഞു.
ഈ സവിശേഷ സ്ഥലത്തു നടക്കുന്ന ആഘോഷത്തിന് കൂടുതൽ ആഴത്തിലുള്ള അർഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അക്കിനേനി നാഗേശ്വര റാവുവിന്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദിയോടെ നന്ദി പറയുന്നു.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചു.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സായ് പല്ലവിയ്ക്കൊപ്പമുള്ള 'തണ്ടേൽ' എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ 'മങ്കി മാൻ' എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.