ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവർ: അനുഭവവും ആദരവും പങ്കുവച്ച് ഷെല്ലി കിഷോർ
Mail This Article
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരാണെന്നും ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കണമെന്നും ചലച്ചിത്രതാരം ഷെല്ലി കിഷോർ. ഒരു സ്പെഷൽ സ്കൂളിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഷെല്ലിയുടെ വാക്കുകൾ: ‘‘എന്റെ ജീവിതം തന്നെ പറയാം.എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്, ജിഡിഡി ഉണ്ട്. ഇവിടെയുള്ള ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടാണ് ആദ്യം നന്ദി പറയാനുള്ളത്. വീട്ടിലോ മുറിക്കുള്ളിലോ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവു പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസ്സും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും വലിയ കാര്യം. എന്റെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണമെന്ന ചിന്ത നിങ്ങളുടെ മനസ്സിലുള്ളതിനാലാണ് അത്.
അധ്യാപകരോടാണ് രണ്ടാമതു നന്ദി പറയേണ്ടത്. ഈ ജോലിക്ക് ക്ഷമ ആവശ്യമാണ്. ഇവരെ സഹായിക്കാനും ഇവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും അധ്യാപകർ എടുക്കുന്ന പ്രയത്നം വളരെ വലുതാണ്. അതിനായി ഒരുപാട് ഊർജവും സമയവും വേണം. പിന്നെ നമ്മുടെ കുട്ടികൾ. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷേ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വവും ആത്മവിശ്വാസവുമാണ് ഈ കാണുന്നത്. നിങ്ങളുടെ കഴിവുകൾ ഇനിയും പുറത്തുവരണം. ആരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുക.’’– ഷെല്ലി പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴാണ് ഷെല്ലിയുടെ സ്വദേശമെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. സിവില്‍ എന്‍ജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നീടാണ് നാട്ടിലേക്ക് മടങ്ങിയത്. മാസ് കമ്യൂണിക്കേഷന്‍ പഠിച്ച ശേഷം കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്ന കാലത്താണ് അഭിനയത്തിലേക്കു കടക്കുന്നത്. മിന്നൽ മുരളി, സർക്കാർ ഉത്പന്നം എന്നിവയാണ് നടിയുടെ പ്രധാന സിനിമകൾ. നിരവധി വെബ് സീരിസുകളിലും െഷല്ലി സജീവമാണ്.