സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം?: ചോദ്യവുമായി സ്നേഹ ശ്രീകുമാർ
Mail This Article
സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ സിനിമാ നടി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ എന്ന ചോദ്യവുമായി നടി സ്നേഹ ശ്രീകുമാർ. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു.
‘‘സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ? അവരെയൊന്നും വേണ്ടാത്തത് എന്താണ്?? കേരളത്തിലെ നർത്തകർക്കു അവസരങ്ങൾ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവർക്കു കൊടുക്കാൻ സർക്കാർ തീരുമാനിക്കണം.’’–സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു താരം.
സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. ‘‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു.’’–മന്ത്രിയുടെ വാക്കുകൾ.