ADVERTISEMENT

ജയറാം ഒരു മോശം നടനാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. (ശത്രുക്കളെന്ന് പറയാന്‍ കാര്യമായി ആരും തന്നെയില്ലാത്ത നടന്‍ കൂടിയാണ് ജയറാം) നര്‍മവും സെന്റിമെന്‍സും വേണ്ടിവന്നാല്‍ അത്യാവശ്യം ഫൈറ്റും ആക്‌‌ഷനും എല്ലാം പാകത്തിന് ചേര്‍ത്ത് അഭിനയിക്കാന്‍ അദ്ദേഹത്തിനറിയാം. തനത് ശൈലി എന്ന് വിശേഷിപ്പിക്കാന്‍ പാകത്തില്‍ ഒരു ആക്ടിങ് സ്‌റ്റൈലും ഈ നടനുണ്ട്. ഒരു കാലത്ത് ഏറ്റവും മിനിമം ഗ്യാരന്റിയുളള നടനായിരുന്നു ജയറാം. മമ്മൂട്ടിയും മോഹന്‍ലാലും മെഗാ-സൂപ്പര്‍താരപദവിയില്‍ വിരാജിക്കുന്ന കാലം. ജയറാം അടക്കമുളളവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധമുളള കലക്‌ഷന്‍ ഇവരുടെ സിനിമകള്‍ക്ക് ലഭിച്ചിരുന്നു. ടോട്ടല്‍ കലക്‌ഷന്‍ മാത്രമല്ല ഇനീഷ്യല്‍ കലക്‌ഷനിലും ഇവരുടെ സിനിമകള്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഇവരുടെ സിനിമകളില്‍ ചിലത് ഉളളടക്കം മോശമായതിന്റെ പേരില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ ഒരു കാലവുമുണ്ടായിരുന്നു. അന്നും ജയറാം സിനിമകള്‍ക്ക് മിനിമം കലക്‌ഷന്‍ ലഭിച്ചിരുന്നു. മുടക്കുമുതലും കലക്‌ഷനും തമ്മിലുളള അനുപാതം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പടങ്ങളും അക്കാലത്ത് വിജയമായിരുന്നു. 

സിനിമയിലെ ഒറ്റയാന്‍

പരാജയങ്ങളുടെ രുചി അറിയാത്ത നടന്‍ എന്നൊരു ഖ്യാതി അലങ്കരിച്ചിരുന്ന കാലം. അത്യാവശ്യം നല്ല തുകയ്ക്ക് സാറ്റലൈറ്റ് റൈറ്റ്‌സും വിറ്റുപോയിരുന്നു. ഓവര്‍സീസും ഡബ്ബിങ് റൈറ്റ്‌സും മോശമായിരുന്നില്ല. അന്ന് ഒടിടി വന്നിട്ടില്ല. പിന്നീട് ജയറാം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങി. ഒരേ തരത്തിലുളള കഥാന്തരീക്ഷവും സമാനസ്വഭാവമുളള കഥാപാത്രങ്ങളും മറ്റുമായി സ്വയം ആവര്‍ത്തിക്കപ്പെടുന്ന അവസ്ഥ. ഉപദേശകരും കോക്കസുകളുമില്ലാത്ത സിനിമയിലെ ഒരു ഒറ്റയാനായിരുന്നു എന്നും അദ്ദേഹം. ഭാര്യ പാര്‍വതിയാണ് ജയറാമിന്റെ മാനേജര്‍ എന്ന് ചിലരൊക്കെ തമാശ പറയും. അക്കാലത്ത് അദ്ദേഹത്തിന്റെ ഡേറ്റ്‌സും പ്രതിഫലം അടക്കമുളള കാര്യങ്ങളും സംസാരിച്ചിരുന്നതും പാവര്‍തിയാണെന്ന് പറയപ്പെടുന്നു. 

എന്തായാലും ആവര്‍ത്തന വിരസതയുളള സിനിമകളും ഉള്‍ക്കാമ്പില്ലാത്ത സംവിധായകരും ഒപ്പം കൂടിയതോടെ ജയറാമിന്റെ ശുക്രന്‍ പതിയെ വഴിമാറി ശനിദശ തെളിഞ്ഞു. അപ്പോഴും ഒരു കാര്യം പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പരസ്യമായി പറഞ്ഞിരുന്നു. പ്രസക്തി നഷ്ടപ്പെട്ടത് ജയറാം എന്ന നടനല്ല. അദ്ദേഹം തിരഞ്ഞെടുക്കുന്ന പ്രൊജക്ടുകള്‍ക്കാണ്. നല്ല സിനിമകളുമായി വന്നാല്‍ ഉറപ്പായും ജയറാം ശക്തമായി തിരിച്ചുവരും. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഏബ്രഹാം ഓസ്‌ലര്‍. വന്‍ഹിറ്റായിരുന്നു ചിത്രം. ആ സിനിമയുടെ വിജയത്തോടെ ഒരു യാഥാർഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു. ഇനി പണത്തിനു വേണ്ടി വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ടതില്ല. നല്ല കഥകളും കഥാപാത്രങ്ങളും ശക്തമായ തിരക്കഥയും വേറിട്ട സംവിധായകരും വന്നാല്‍ മാത്രം മതി മലയാളത്തിലെ അഭിനയം. 

പതിയെ പതിയെ ഇതര ഭാഷാ സിനിമകളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. തമിഴില്‍ പൊന്നിയിന്‍ സെല്‍വന്‍ പോലുളള പടങ്ങളില്‍ നായകവേഷമല്ലെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളില്‍ തിളങ്ങി. മുന്‍പും തമിഴ് പടങ്ങളില്‍ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയ പത്മരാജന്‍ കഴിഞ്ഞാല്‍ ജയറാമിലെ നടനെ നന്നായി പ്രയോജനപ്പെടുത്തിയത് സത്യന്‍ അന്തിക്കാടും രാജസേനനുമാണ്. എന്നാല്‍ കാലം തെറ്റിപിറന്ന മകള്‍ പോലുളള സിനിമകളിലൂടെ അവര്‍ ഒന്നിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ടീം വര്‍ക്കും ഫലപ്രദമായില്ല. ഇതൊക്കെയാണെങ്കിലും തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം മതി ജയറാമിലെ നടനെ അടയാളപ്പെടുത്താന്‍. രണ്ടും അന്തിക്കാടന്‍ സിനിമകള്‍. ഇവയ്ക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. എഴുത്ത് എന്ന പ്രക്രിയയുടെ ആഴമറിയുന്ന ലോഹിതദാസിന്റെ രചനകളാണിത്. 

യാദൃച്ഛികതകളുടെ ഓരം പറ്റി

ഒരു സാധാരണ കുടുംബത്തിലാണ് ജയറാമിന്റെ ജനനം. അച്ഛന്‍ സുബ്രഹ്‌മണ്യം പെരുമ്പാവൂര്‍ സ്വദേശിയും അമ്മ തങ്കം തഞ്ചാവൂരുകാരിയുമായിരുന്നു. ഒരു ജ്യേഷ്ഠനും ഇളയ അനുജത്തിയുമൂള്‍പ്പെടുന്ന മൂന്ന് മക്കളില്‍ രണ്ടാമനായിരുന്നു ജയറാം. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മെഡിക്കല്‍ റപ്രസന്ററ്റീവായി ജോലിക്ക് കയറിയ ജയറാം പിന്നീട് കലാഭവനില്‍ ചേര്‍ന്ന് മിമിക്രിയില്‍ പരിശീലനം നേടി. കലാഭവന്റെ പരിപാടികളുമായി ബന്ധപ്പെട്ട് നിരവധി സ്‌റ്റേജുകളില്‍ അദ്ദേഹം മിന്നും പ്രകടനം കാഴ്ചവച്ചു. ഇതിനിടയില്‍ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലുടെ നായകനായി തന്നെ സിനിമയില്‍ അരങ്ങേറി.

ഒരുപാട് അവിചാരിതമായ സംഭവവികാസങ്ങളുടെ അരിക് പറ്റി കടന്നു വന്ന നടനാണ് ജയറാം. പത്മരാജന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് പോലും തീര്‍ത്തും യാദൃച്ഛികമായാണ്. മിമിക്രി വേദികളില്‍ ജീവിതം കണ്ടെത്തി കഴിഞ്ഞുകൂടിയിരുന്ന കാലത്ത് ഏതോ വിദേശപരിപാടിയുടെ മിമിക്രി കാസറ്റ് പത്മരാജന് മകന്‍ അനന്തപത്മനാഭന്‍ കാണിച്ചുകൊടുക്കുന്നു. അപരന്‍ എന്ന പടത്തിനായി അദ്ദേഹം ഒരു പുതുമുഖ നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം. ജയറാമിനെ ഇഷ്ടമായ അദ്ദേഹം ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചുവെങ്കിലും പത്മരാജനെന്ന് പറഞ്ഞ് ആരോ തന്നെ പറ്റിക്കുകയാണെന്ന് കരുതിയ ജയറാം അതത്ര കാര്യമാക്കിയില്ല. പിന്നീട് ഒരു ടെലഗ്രാം തേടി വന്നപ്പോഴാണ് പറ്റിയ പിഴവ് മനസിലാക്കുന്നത്. 

ജാള്യതയോടെ പത്മരാജനെ കാണാന്‍ ചെന്ന ജയറാമിന്റെ ചില ഭാവങ്ങള്‍ അദ്ദേഹം വിഡിയോ ക്യാമറയില്‍ പകര്‍ത്തി. അന്ന് തന്നെ ജയറാം എന്ന താരോദയം സംഭവിക്കുകയും ചെയ്തു. ഒന്നല്ല രണ്ട് സിനിമകളിലേക്ക് ഈ പുതുമുഖ നായകനെ അദ്ദേഹം ഒറ്റയടിക്ക് കാസ്റ്റ് ചെയ്തു. ഈ സിനിമകള്‍ പിന്നീട് അപരന്‍, മൂന്നാം പക്കം എന്നീ പേരുകളില്‍ പുറത്തിറങ്ങി. അപരനില്‍ അഭിനയിക്കാന്‍ ഉദയാ സ്റ്റുഡിയോയില്‍ എത്തിയ ജയറാമിനെ നടി സുകുമാരിയാണ് പാര്‍വതിയുമായി പരിചയപ്പെടുത്തുന്നത്. അന്ന് ജയറാം ഏറെ ബഹുമാനത്തോടെ തൊഴുകൈയുമായി പാര്‍വതിക്ക് മുന്നില്‍ നിന്നു. ഇരിക്കാന്‍ പറഞ്ഞിട്ട് പോലും അതിന് തയാറായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും പാര്‍വതിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുമ്പോള്‍ മക്കള്‍ ചിരിച്ചുകൊണ്ട് പറയും.

‘‘ഒന്നുമില്ലെങ്കിലും അപരന്റെ സെറ്റില്‍ ഒരു മണിക്കൂര്‍ അമ്മയ്ക്ക് മുന്നില്‍ തൊഴുകൈയുമായി നിന്നയാളല്ലേ. ഒന്ന് ക്ഷമിച്ചുകൊടുക്ക്’’

ജയറാം മിമിക്രി കളിച്ചു നടക്കുന്ന കാലത്ത് മലയാളത്തിലെ പ്രമുഖനടികളില്‍ ഒരാളായിരുന്നു പാര്‍വതി. അപരന്റെ സെറ്റില്‍ ജയറാമിന്റെ അച്ഛനായി അഭിനയിക്കാന്‍ നടന്‍ മധു എത്തിയപ്പോള്‍ നല്ല മിമിക്രി കലാകാരന്‍ കൂടിയായ ജയറാമിനെ പത്മരാജന്‍ പരിചയപ്പെടുത്തി. ജയറാം മധുസാറിനെയും നന്നായി അനുകരിക്കുമെന്നും ഒന്ന് കാണിച്ചുകൊടുക്കാന്‍ പത്മരാജന്‍ പറഞ്ഞപ്പോള്‍ പാവം ജയറാം അനുസരിച്ചു. പെട്ടെന്ന് ക്ഷുഭിതനായ മധു -മറ്റുളളവരുടെ കുറവുകള്‍ പര്‍വതീകരിച്ച് കാണിക്കുന്നതാണോ മിമിക്രി - എന്ന് ചോദിച്ചതായും കഥകള്‍ പരന്നു. പൊതുവെ ശാന്തസ്വഭാവിയും പക്വമതിയുമായ മധു അങ്ങനെ പ്രതികരിച്ചത് പലരും വിശ്വസിച്ചിട്ടില്ല. ഏതായാലും പില്‍ക്കാലത്ത് പല വേദികളിലും സ്‌റ്റേജില്‍ ജയറാം തന്നെ അനുകരിക്കുന്നത് കണ്ട് മധു പൊട്ടിച്ചിരിക്കുന്ന വിഡിയോ ടെലിവിഷനിലും യൂട്യൂബിലും പതിവായി.

പ്രേംനസീറായിരുന്നു ജയറാമിന്റെ ഫേവറിറ്റ് ആക്ടര്‍. നസീറിനെ ജയറാമിനോളം ഭംഗിയായി അനുകരിക്കാന്‍ കഴിയുന്ന ഒരു നടന്‍ വേറെയില്ല. മിമിക്രി വേദികളില്‍ ജയറാമിന്റെ അന്നത്തെ ഏറ്റവും ഹിറ്റ് ഐറ്റവും ഈ നസീര്‍ മിമിക് ആയിരുന്നു. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുക എന്നത് ജയറാമിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. കാലം അതും സാധിച്ചുകൊടുത്തു. നസീറിന്റെ അവസാന ചിത്രമായ ധ്വനിയില്‍ ജയറാമും അദ്ദേഹവും ഒന്നിച്ച് അഭിനയിച്ചു. അന്ന് നസീര്‍ തന്നോടുളള കാണിച്ച സ്‌നേഹവാത്സല്യങ്ങളെക്കുറിച്ച് പിന്നീട് പല സദസുകളിലും ജയറാം വാചാലനായി.

parvathy-3

ഓര്‍മയായ രക്ഷകന്‍

അപരന്‍ എന്ന ആദ്യ സിനിമയുടെ വിജയമാണ് ജയറാം എന്ന നടന്റെ നിലനില്‍പ്പ് ഉറപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി വിജയചിത്രങ്ങളുണ്ടായി. ഇടയ്ക്ക് ചില പടങ്ങള്‍ പ്രതീക്ഷിക്കാതെ വീണപ്പോള്‍ ജയറാം ഒന്ന് പകച്ചു. തന്റെ വിഷമങ്ങള്‍ അദ്ദേഹം ഗുരുനാഥനായ പത്മരാജനുമായി പങ്ക് വച്ചു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ജയറാമിന് അമൃതേത്തായി. ഇന്നും അങ്ങനെ പറയാന്‍ മറ്റൊരാളില്ല ജയറാമിന്.

‘നീ വിഷമിക്കണ്ടാ..നമ്മള്‍ തകര്‍ക്കുമെടാ.’ പിന്നീട് ജയറാം അറിയാതെ പല സുഹൃത്‌വൃന്ദങ്ങളിലും പത്മരാജന്‍ പറഞ്ഞുവത്രെ. ‘നമ്മടെ പയ്യന്‍ കുറച്ച് വിഷമത്തിലാ..സാരമില്ല..ഞാനവനെ തിരിച്ചുകൊണ്ടുവരും’

എന്നാല്‍ ആ വാക്ക് പാലിക്കാന്‍ കാലം പത്മരാജനെ അനുവദിച്ചില്ല. ഇന്നലെ എന്ന ഉശിരന്‍ സിനിമ കൂടി ജയറാമിന് സമ്മാനിച്ച ശേഷം അദ്ദേഹം കാണാമറയത്തേക്ക് പോയി. ജയറാം ആ അനുഗ്രഹവും പേറി മറ്റ് പലരുടെയും സിനിമകളിലൂടെ മലയാളവാണിജ്യ സിനിമയിലെ അവിഭാജ്യഘടകങ്ങളില്‍ ഒന്നായി മാറി. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആക്‌ടേഴ്‌സിന്റെ ഗണത്തിലേക്ക് ജയറാം നടന്നു കയറുന്ന കാഴ്ചയും കണ്ടു.

അച്ഛനും മകനും ഒന്നിച്ച്..

മകന്‍ കാളിദാസനുമായും ഒന്നിച്ചഭിനയിക്കാനുളള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. എന്റെ വീടും അപ്പൂന്റേം എന്ന പടത്തില്‍ അച്ഛനും മകനുമായി തന്നെ അഭിനയിച്ചു. മികച്ച നടനുളള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ പടത്തിലുടെ കാളിദാസിന് ലഭിച്ചു. മകന്‍ അംഗീകരിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാമിന് ദേശീയ തലത്തില്‍ ഒരു പുരസ്‌കാരം ലഭിക്കുന്നത്. രണ്ട് തവണ കേരള സംസ്ഥാന പുരസ്‌കാരവും തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ലഭിച്ച ജയറാമിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മശ്രീ സ്വന്തമായി. തമിഴ്‌നാട് സര്‍ക്കാരാണ് ഈ ബഹുമതിക്കായി അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്.ഈ വൈരുദ്ധ്യവും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

parvathy-kalidas

ദിലീപിനെ കൈപിടിച്ചുയര്‍ത്തി...

ദിലീപ് എന്ന വലിയ താരോദയത്തിന് വിത്തു പാകിയതും ജയറാമായിരുന്നു. നടനാകാന്‍ മോഹിച്ച കലാഭവനിലെ ജൂനിയറായിരുന്ന ഗോപാലകൃഷ്ണന്‍ എന്ന യുവാവിന്റെ അന്നത്തെ മെലിഞ്ഞ രൂപം ഒരു നായകന് തീരെ യോജിച്ചതായിരുന്നില്ലെന്ന യാഥാർഥ്യം ഉള്‍ക്കൊണ്ട് ജയറാം പറഞ്ഞു. ‘തത്ക്കാലം നീ കമലിനൊപ്പം സഹസംവിധായകനായി നിന്ന് സിനിമ പഠിക്ക്. അനുകൂല അവസരങ്ങള്‍ വരുമ്പോള്‍ അഭിനയിക്കാം’

വിഷ്ണുലോകം എന്ന കമല്‍ ചിത്രത്തിലുടെ സിനിമയില്‍ എഡിയായി വന്ന ദിലീപ് പിന്നീട് ജയറാം നായകനായ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മുഖത്തും ക്ലാപ്പടിച്ചു. എന്നോടിഷ്ടം കൂടാമോ എന്ന പടത്തില്‍ ചെറുവേഷത്തില്‍ മുഖം കാണിച്ച ദിലീപ് പിന്നീട് സല്ലാപത്തിലും കമലിന്റെ തന്നെ ഈ പുഴയും കടന്നിലും നായകനാകുന്നത് ജയറാം കണ്ടു. ഒരു കാലത്ത് ജയറാം തിളങ്ങി നിന്ന നര്‍മ്മാംശമുളള കുടുംബസിനിമകളിലെ നായകനായി ദിലീപ് സിനിമയില്‍ നിറയുന്നതും മമ്മൂട്ടി-ലാല്‍ ദ്വയങ്ങള്‍ക്ക് ഒപ്പം വളരുന്നതിനും ജയറാം സാക്ഷിയായി. മീശ മാധവന് ശേഷം മമ്മൂട്ടി-ലാല്‍ മാരെ പോലെ ദിലീപിനെയും മാധ്യമങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു തുടങ്ങി.നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ, ഹോട്ടല്‍ ബിസിനസ്..എന്നിങ്ങനെ ദിലീപിന്റെ ജൈത്രയാത്ര ജയറാമിന് ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായി. പക്ഷേ ജയറാമേട്ടന്റെ കൈകള്‍ രാശിയുളള ഒന്നാണെന്ന് നന്ദിയോടെ ദിലീപ് എന്നും എടുത്തു പറയുമായിരുന്നു.

parvathy-kalidas3

പാര്‍വതീ പരിണയം

സിനിമയില്‍ വരും മുന്‍പ് ലക്ഷകണക്കിന് ആരാധകരില്‍ ഒരാളായി പാര്‍വതിക്ക് കത്തയച്ചിട്ടുളള ജയറാം ആദ്യചിത്രമായ അപരനില്‍ സഹോദരനും പിന്നീട് ശുഭയാത്രയിലും പെരുവണ്ണാപുരത്തെ വിശേഷങ്ങളിലുമെല്ലാം അവരുടെ ജോഡിയുമായി. സിനിമാ സെറ്റുകളില്‍ വച്ച് വളര്‍ന്ന പ്രണയത്തെ ഒരിക്കല്‍ ശ്രീനിവാസന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ നിരീക്ഷിച്ചത് ഇങ്ങനെ. ‘‘ജയറാമും പാര്‍വതിയും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും സിനിമയില്‍ പലര്‍ക്കും അതറിയാമായിരുന്നില്ല. മറ്റുളളവര്‍ക്ക് സംശയിക്കാന്‍ പാകത്തില്‍ വിദൂരസൂചനകള്‍ പോലും നല്‍കാതെയായിരുന്നു അവരുടെ നീക്കങ്ങള്‍. ഒന്നാമത് അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണില്ല. മാത്രമല്ല സെറ്റിലായാലും പുറത്തായാലും പാര്‍വതിക്കൊപ്പം എപ്പോഴും അവരുടെ അമ്മയുണ്ടാവും. അതുകൊണ്ട് തന്നെ ആര്‍ക്കും അവരെ പ്രേമിക്കാനോ പിന്നാലെ കൂടാനോ സാധിക്കില്ല. എന്നിട്ടും ഈ അടുപ്പം ഞാന്‍ മണത്തറിഞ്ഞു. എങ്ങനെയെന്നോ? ജയറാം സെറ്റില്‍ വന്നാല്‍ എല്ലാവരെയും കണ്ട് വിഷ് ചെയ്യും. കുശലം പറയും. ഉച്ചഭക്ഷണത്തിന്റെ സമയത്തും സഹപ്രവര്‍ത്തകരോട് കളിതമാശകളും ചിരിയുമൊക്കെയായി അന്തരീക്ഷം ആകെ ഉഷാറാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. 

parvathy-jayaram

എന്നാല്‍ പാര്‍വതിയെ കണ്ട ഭാവം നടിക്കില്ല ജയറാം. ഒന്ന് മുഖത്ത് നോക്കുകയോ ചിരിക്കുക കൂടി ചെയ്യില്ല. ഇത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പാര്‍വതിയോട് എന്തെങ്കിലും വ്യക്തിവിരോധം ഉണ്ടെങ്കില്‍ ഒരിക്കലും അവരുടെ നായകനായി ജയറാം അഭിനയിക്കില്ല. അപ്പോള്‍ അതൊന്നുമല്ല പ്രശ്‌നം. എങ്കില്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു ദിവസം ഞാന്‍ സത്യന്‍ അന്തിക്കാടിനോട് വിവരം പറഞ്ഞു. എല്ലാം തന്റെ തോന്നലാണെന്ന് പറഞ്ഞ് അദ്ദേഹം തളളിക്കളഞ്ഞു. ആര്‍ക്കും സംശയിക്കാനിടയുളള ഒരു സാഹചര്യത്തിലും ഇവരെ കണ്ടിട്ടില്ലല്ലോ? ഒരു ദിവസം ഞാന്‍ ജയറാമിനോട് തന്നെ തുറന്ന് ചോദിച്ചു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ഞാന്‍ എന്റെ സ്റ്റാന്‍ഡില്‍ ഉറച്ചു നിന്നപ്പോള്‍ എങ്ങനെ മനസിലായെന്നായി ജയറാം. അതൊക്കെ മനസിലായെന്ന് ഞാനും തിരിച്ചടിച്ചു. പക്ഷേ ജയറാം അങ്ങനെയുണ്ടെന്നോ ഇല്ലെന്നോ തെളിച്ചു പറഞ്ഞില്ല. എന്തായാലും അവരുടേത് ആത്മാർഥ പ്രണയമാണെന്നും അവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്നും അന്നേ എന്റെ മനസ് പറഞ്ഞിരുന്നു.പില്‍ക്കാലത്ത് അത് യാഥാർഥ്യമാകുകയും ചെയ്തു.’’

അന്ന് ശുഭയാത്ര എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ രസകരമായ സംഭവം ഇന്നും ചലച്ചിത്രവൃത്തങ്ങളിലെ നിത്യമന്ദഹാസമാണ്. ജയറാമും പാര്‍വതിയും തമ്മില്‍ അടുപ്പത്തിലാണെന്ന് അറിഞ്ഞ പാര്‍വതിയുടെ അമ്മ അവര്‍ തമ്മില്‍ സംസാരിക്കാനുളള എല്ലാ വഴികളും അടച്ചു. ലൊക്കേഷനില്‍ ഷോട്ട് കഴിഞ്ഞാലുടന്‍ പാര്‍വതിയെ അവിടന്ന് മാറ്റും. ജയറാമിനാണെങ്കില്‍ പാര്‍വതിയോട് ഒന്ന് സംസാരിച്ചേ തീരൂ. സഹായം തേടി ജയറാം സംവിധായകന്‍ കമലിനെ സമീപിച്ചു.  അദ്ദേഹം പിറ്റേന്ന് ഒരു മാരുതി വാനില്‍ ജയറാമും പാര്‍വതിയും യാത്ര ചെയ്യുന്ന സീന്‍ ചിത്രീകരിക്കാന്‍ ഒരുങ്ങി. ഉടന്‍ തന്നെ അമ്മ ഓടി വന്ന് അതേ വാനില്‍ കയറാന്‍ ശ്രമിച്ചു. ഈ വാനില്‍ സ്ഥലമില്ലെന്നും അടുത്ത കാറില്‍ അമ്മ വന്നാല്‍ മതിയെന്നും പറഞ്ഞ് കമല്‍ തടഞ്ഞു.

വാന്‍ ഉടന്‍ തന്നെ വിട്ടുപോകുകയും ചെയ്തു. അമ്മ കയറിയ വാഹനം മുംബൈയിലെ ട്രാഫിക്കില്‍ പെട്ട് ഏറെ സമയം കിടന്നു. അന്ന് വൈകുന്നേരം വരെ ജയറാമിനും പാര്‍വതിക്കും സംസാരിക്കാന്‍ അവസരം കിട്ടി. അമ്മ ആകെ ക്ഷുഭിതയായി. വൈകിട്ട് പെട്ടിയും കിടക്കയുമെടുത്ത് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. ഏറെ പണിപ്പെട്ടാണ് അവരെ അനുനയിപ്പിച്ചത്.  ഇതെല്ലാം ഒരു അമ്മയ്ക്ക് മകളുടെ കാര്യത്തിലുളള കരുതലും സ്‌നേഹവും കൊണ്ട് സംഭവിക്കുന്നതാണെന്നും ജയറാമും പാര്‍വതിയും നന്നായി മനസിലാക്കിയിരുന്നു.

കറ പുരളാത്ത സൗഹൃദം

ആരുമായും ആഴമേറിയ സൗഹൃദം ജയറാമിനില്ലെന്ന് പരക്കെ പറയപ്പെടുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. സിനിമ കഴിഞ്ഞാല്‍ നേരെ വീടണയുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ബാച്ചിലര്‍ പാര്‍ട്ടികളില്‍ കറങ്ങുന്ന പതിവില്ല. മിമിക്രി കാലത്ത് അല്‍പ്പസ്വല്‍പ്പം കമ്പനികള്‍ കൂടുമായിരുന്ന ജയറാം വിവാഹശേഷം പൂര്‍ണമായും കുടുംബവൃത്തത്തില്‍ ഒതുങ്ങി. ഇതൊക്കെയാണെങ്കിലും സിനിമയില്‍ പലരും പല കാലങ്ങളില്‍ ചേരിതിരിഞ്ഞ് അടികൂടിയ സന്ദര്‍ഭങ്ങളില്‍ ഒരു കോക്കസിലും പെടാത്ത ജയറാം എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. ജയറാം ചെന്നെയില്‍ പ്രത്യേക സ്‌റ്റൈലിലുളള ഒരു വീട് വച്ചപ്പോള്‍ മമ്മൂട്ടി അതിനെക്കുറിച്ച് പരിചയക്കാരോടെല്ലാം വാചാലനായ കഥയും അക്കാലത്ത് പ്രസിദ്ധമായിരുന്നു. ധ്രുവം അടക്കമുളള സിനിമകളില്‍ മമ്മൂട്ടി തനിക്ക് തത്തുല്യമായ വേഷത്തില്‍ ജയറാമിനെ പരിഗണിച്ചിരുന്നു.

സമ്മര്‍ ഇന്‍ ബേത്‌ലഹേം അടക്കമുളള പടങ്ങളില്‍ സുരേഷ് ഗോപിയുമായും നിരവധി സിനിമകളില്‍ മുകേഷിനൊപ്പവും അഭിനയിച്ച ജയറാം അദ്വൈതത്തിലും മറ്റും മോഹന്‍ലാലുമായും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു. ഈ താരങ്ങളുമായെല്ലാം ഒരിക്കലും പിണങ്ങാത്ത നടനാണ് ജയറാം. പ്രായം കൊണ്ട് ഇളയതായിട്ടും ലാലും സുരേഷും മുകേഷുമൊക്കെയായി പരസ്പരം പേര് വിളിച്ച് തോളില്‍ കയ്യിടാവുന്ന ഒരു ബന്ധം ജയറാമിനുണ്ട്. എന്നാല്‍ ഒരു കാലത്തും അദ്ദേഹം ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായതുമില്ല.ആരോടും പിണങ്ങാനോ വഴക്കിടാനോ മുഖം കറപ്പിക്കാനോ ആഗ്രഹിക്കാത്ത ജയറാം അതുകൊണ്ട് തന്നെ വലിപ്പച്ചെറുപ്പമില്ലാതെ പ്രായവ്യത്യാസമില്ലാതെ പലരുടെയും ജയറാമേട്ടനായി. 

പിണങ്ങാതെ ഇണങ്ങിയ ഫ്രണ്ട്‌സ്..

കലാഭവനിലെ സഹപ്രവര്‍ത്തകരായിരുന്ന സിദ്ദിഖ്–ലാല്‍ തങ്ങളൂടെ ആദ്യസിനിമയ്ക്ക് ഡേറ്റ് ചോദിച്ച് ആദ്യം സമീപിച്ചത് ജയറാമിനെയായിരുന്നു. തുടക്കത്തില്‍ അനുകൂലമായി തന്നെയാണ് അദ്ദേഹം പ്രതികരിച്ചത്. പക്ഷേ അന്നത്തെ തിരക്കുകള്‍ മൂലം സിനിമ നടന്നില്ല. തങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തൊന്നും ജയറാമിനെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ സിദ്ദിഖ്–ലാല്‍ പുതുമുഖമായ സായികുമാറിനെ നായകനാക്കി പടമെടുത്തു എന്ന് മാത്രമല്ല മലയാള സിനിമയുടെ ഗതിമാറ്റിക്കുറിച്ചു. നര്‍മത്തിന് പുതിയ ഭാഷ്യം നല്‍കുന്നതിനൊപ്പം ഇതിവൃത്ത-ആഖ്യാന സമീപനങ്ങളില്‍ പ്രകടമായ മാറ്റം വരുത്തിയ സിദ്ദിഖ്–ലാല്‍ സിനിമകള്‍ തരംഗമായി മാറി. ജയറാമും പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലായി പിന്നീട് ആ സംവിധായകരുടെ സ്ഥാനം. ഒരിക്കല്‍ നിരാകരിച്ച അവരുടെ പടത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും അവര്‍ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ആ കൂട്ടായ്മയ്ക്ക് സംവിധായകര്‍ നല്‍കിയ പേരും അന്വര്‍ത്ഥമായി. ഫ്രണ്ട്‌സ്..! പരസ്പരം ക്ഷമിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിനപ്പുറം സൗഹൃദത്തെ ഇതിലും മനോഹരമായി എങ്ങനെയാണ് നിര്‍വചിക്കുക? 

ജയറാം, വിജയ്, മമ്മൂട്ടി
ജയറാം, വിജയ്, മമ്മൂട്ടി

രാജസേനനെ കണ്ടുമുട്ടുന്നു

രാജസേനനും ജയറാമും തമ്മിലുളള അടുപ്പവും തക്ക സമയത്തുളള ദൈവത്തിന്റെ ഇടപെടലാണ്. അഞ്ചോളം സിനിമകള്‍ ചെയ്ത സേനന്‍ ഇടക്കാലത്ത് ഒരു നീണ്ട ഗ്യാപ്പ് വന്ന് മദ്രാസ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്ന് ഒതുങ്ങിക്കഴിയുകയാണ്. പല പടങ്ങളും ചെയ്യാന്‍ ശ്രമം നടന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ഇതിനിടയില്‍ വര്‍ഷങ്ങള്‍ ചോര്‍ന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് തന്നെ സേനന്‍ കണക്ക്കൂട്ടി. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ പെട്ടെന്ന് പിടിതരും. ചിലപ്പോള്‍ കയ്യില്‍ നിന്ന് വഴുതിപ്പോകും. എത്ര ശ്രമിച്ചാലും വരുതിയില്‍ നില്‍ക്കില്ല. അങ്ങനെ കുടുംബകാര്യങ്ങളുമായി ഒതുങ്ങിക്കൂടുന്നതിനിടയില്‍ നാട്ടിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന് അതിഥിയായി ജയറാമിനെ കൊണ്ടുവരണമെന്ന് പറഞ്ഞ് സംഘാടകര്‍ സമീപിക്കുന്നത്. സേനന്‍ അന്നോളം ഒരു പടത്തിലും ജയറാമുമായി സഹകരിച്ചിട്ടില്ല. തമ്മില്‍ കണ്ടിട്ടു പോലുമില്ല. 

അങ്ങനെയൊരാളെ എങ്ങനെ ചടങ്ങിലേക്ക് ക്ഷണിക്കും. അന്ന് തലസ്ഥാനത്ത് ജയറാമിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. സംഘാടകരുടെ നിര്‍ബന്ധത്തിന് വഴങ്ങി സേനന്‍ അവര്‍ക്കൊപ്പം ജയറാമിനെ കാണാന്‍ ചെന്നു. യാതൊരു പരിചയവുമില്ലാതിരുന്നിട്ടും ഹാര്‍ദ്ദവമായാണ് ജയറാം സ്വീകരിച്ചത്. വിവരം പറഞ്ഞപ്പോള്‍ തന്നെ ഒരു മടിയും കൂടാതെ ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. സേനന് അദ്ഭുതമായി. പറഞ്ഞതു പോലെ കൃത്യസമയത്ത് വന്ന് ചടങ്ങില്‍ പങ്കെടുത്തു. തിരിച്ചുളള യാത്രക്കിടയില്‍ ഇപ്പോള്‍ പടങ്ങളൊന്നും ചെയ്യുന്നില്ലേയെന്ന് അദ്ദേഹം തിരക്കി. നായകന്‍മാര്‍ ആരെങ്കിലും ഡേറ്റ് തരണ്ടേയെന്നായി സേനന്‍. എന്റെ ഡേറ്റ് മതിയോ എന്ന് ജയറാം ചോദിച്ചപ്പോള്‍ ഒരു ഭംഗിവാക്ക് എന്നതിനപ്പുറം സേനന്‍ വലിയ പ്രാധാന്യം കൊടുത്തില്ല. 

സിനിമാക്കാര്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതും പാലിക്കാതിരിക്കുന്നതും പതിവ് കലാപരിപാടിയാണ്. വീണ്ടും കാണാം എന്ന ഉറപ്പില്‍ അന്ന് പിരിഞ്ഞെങ്കിലും സേനന് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. കുറെ നാളുകള്‍ക്ക് ശേഷം സേനന് ഒരു പ്രൊഡ്യൂസര്‍ വന്നപ്പോള്‍ ഡേറ്റിനായി ജയറാമിനെ സമീപിച്ചു. പഴയ വാക്ക് കൃത്യമായി പാലിച്ചുകൊണ്ട് സഹകരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. സേനന് വലിയ സന്തോഷമായി. ആയിടക്ക് ജയറാമിന്റെ ചില സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതോടെ നിര്‍മാതാവിന്റെ വിധം മാറി. ജയറാമിനെ മാറ്റി മറ്റൊരു നടനെ വച്ചാല്‍ പടം പിടിക്കാമെന്നായി അദ്ദേഹം. ഇടയ്ക്ക് സിനിമയുടെ പ്രോഗ്രസ് അറിയാനായി ജയറാം വിളിച്ചപ്പോള്‍ സേനന്‍ വിവരം പറഞ്ഞു. ഉടന്‍ ജയറാമിന്റെ മറുപടി ഇതായിരുന്നു.

‘‘ഉറപ്പായും പ്രൊഡ്യൂസര്‍ പറഞ്ഞയാളെ വച്ച് സേനന്‍ പടം ചെയ്യണം. എനിക്ക് ഇതല്ലെങ്കില്‍ വേറെ പടം വരും. സേനന്റെ സ്ഥിതി അതല്ല. നിങ്ങള്‍ക്ക് വലിയ ഒരു ഗ്യാപ്പിന് ശേഷം തിരിച്ചു വരാന്‍ ദൈവം നല്‍കിയ ചാന്‍സാണ്. ഒരു കാരണവശാലും  വിട്ടുകളയരുത്’’ ജയറാമിന്റെ മറുപടി സേനനെ അത്ഭുതപ്പെടുത്തി. സേനന്റെ മറുപടി ജയറാമിനെയും. ‘‘ഏതായാലും ഇത്രയും കാലം കാത്തു. ഇനി എന്ത് സംഭവിച്ചാലും ശരി ജയറാമിനെ വച്ചേ ഞാനീ പടം ചെയ്യുന്നുളളു’’

ജയറാം എത്ര നിര്‍ബന്ധിച്ചിട്ടും സേനന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയില്ല. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് ശേഷം മറ്റൊരു നിര്‍മാതാവ് വന്നു. അങ്ങനെ കടിഞ്ഞൂല്‍കല്യാണം എന്ന പടം സംഭവിക്കുന്നു. അത് ഹിറ്റാകുന്നു. തൊട്ടുപിന്നാലെ വന്ന മേലേപ്പറമ്പില്‍ ആണ്‍വീട് സൂപ്പര്‍ഹിറ്റാകുന്നു. അതോടെ ജയറാം-രാജസേനന്‍ ജോടികള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടു. പതിനാറോളം സിനിമകള്‍ ഇതേ കോംബോയിലുണ്ടായി. എല്ലാം ഹിറ്റുകള്‍..മുപ്പതിലേറെ രാപ്പകലുകള്‍ നീണ്ട ഷൂട്ടിങ് കഴിഞ്ഞ് പിരിയുമ്പോള്‍ ജയറാമും സേനനും ഒരമ്മ പെറ്റ മക്കളെ പോലെ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നതും ഇനി എന്നാണ് അടുത്ത കൂടിക്കാഴ്ചയെന്ന് തിരക്കുന്നതും മറ്റും പല കാതുകള്‍ മറിഞ്ഞ് കേട്ടിട്ടുണ്ട്. അതിശയോക്തിയാണെങ്കിലും അല്ലെങ്കിലും ആ ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. 

jayaram-midhun

ഒരുപാട് ഇണങ്ങിയവര്‍ പിന്നീട് പിണങ്ങുമ്പോള്‍ അകല്‍ച്ചയ്ക്ക് ആക്കം കൂടുമല്ലോ?  ഇന്നും പൊതുസമൂഹത്തിന് അജ്ഞാതമായ ഏതൊക്കെയോ കാരണങ്ങളാല്‍  ഇരുവരും തമ്മില്‍ അകന്നു. പിന്നീടൊരിക്കലും ആ അകല്‍ച്ചയുടെ മഞ്ഞുരുകിയില്ല. ജയറാം തന്റെ കരിയറില്‍ പഴയ തിളക്കം നഷ്ടപ്പെട്ട താരമായി നിന്നപ്പോള്‍ ഒപ്പം സേനനും മെല്ലെ പടിയിറങ്ങുകയായിരുന്നു. ജയറാമിനെ വിട്ട് സേനന്‍ ഒരുക്കിയ സിനിമകള്‍ വിചാരിച്ച ഫലം കണ്ടില്ല.

സിനിമയ്ക്കപ്പുറം ഒരു ജീവിതം

ഫിലിമോഗ്രഫി പരിശോധിച്ചാല്‍ കുടുംബകഥകളിലാണ് ജയറാം ഏറെയും അഭിനയിച്ചിട്ടുളളത്. കുടുംബത്തിന്റെ താളലയങ്ങള്‍ക്കൊപ്പം ഇത്ര അനായാസമായി ഒഴുകാന്‍ കഴിയുന്ന മറ്റൊരു നടനില്ലെന്ന് തോന്നും ഇത്തരം സിനിമകളിലെ ജയറാമിന്റെ അഭിനയം കാണുമ്പോള്‍. ബന്ധങ്ങളുടെ ഇഴയടുപ്പവും ഊഷ്മളതയും കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന അഭിനയസമീപനം. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ഭാര്യാ ഭര്‍ത്തൃബന്ധവും അമ്മ-മകന്‍ ബന്ധവുമെല്ലാം എത്ര ഹൃദ്യവും വികാരസാന്ദ്രവുമായി അവതരിപ്പിച്ചു. വ്യക്തി ജീവിതത്തിലും അതേ മാതൃക പിന്‍തുടരുന്ന കുടുംബനാഥന്‍ എന്ന വിശേഷണം ജയറാമിന് സ്വന്തമാകുന്നു. സിനിമ മാത്രമാണ് ജീവിതമെന്ന് കരുതുന്ന നടനല്ല ജയറാം. പല താരങ്ങളുടെയും കുടുംബബന്ധങ്ങളില്‍ താളപ്പിഴകള്‍ പതിവായപ്പോള്‍ ഇഴയടുപ്പമുളള കണ്ണികള്‍ പോലെയായിരുന്നു ജയറാമും പാര്‍വതിയും.

അശ്വതി എന്ന പാര്‍വതിയുടെ യഥാര്‍ഥ പേര് ഇന്നും വിളിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ജയറാം. മക്കളായ കണ്ണനും ചക്കിയും ഇത്രയും വളര്‍ന്നതോ കാലം ഏറെ മൂന്നോട്ട് പോയതോ പലപ്പോഴും താനനിഞ്ഞിട്ടില്ലെന്ന് ജയറാം പറയും. കണ്ണടച്ച് തുറക്കും പോലെ അത്ര വേഗത്തിലായിരുന്നു എല്ലാം. പക്ഷെ ചില യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചല്ലേ മതിയാവൂ. മക്കള്‍ രണ്ടും ഒരു വര്‍ഷത്തിനുളളില്‍ വിവാഹിതരായതും കാളിദാസന്‍ നടനെന്ന നിലയില്‍ വിവിധ ഭാഷകളില്‍ അഭിനയിക്കുന്നതുമെല്ലാം ജയറാമിനെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന കാര്യങ്ങളാണ്. കഴിഞ്ഞ ദിവസം ഗുരുവായുര്‍ അമ്പല നടയില്‍ വച്ച് അദ്ദേഹം മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട ആനന്ദക്കണ്ണീര്‍ തന്നെ ഏറ്റവും വലിയ അടയാളം. സിനിമ കഴിഞ്ഞാല്‍ പിന്നെ ജയറാമിന്റെ ലോകം സിനിമയാണ്. കുട്ടത്തില്‍ ചില്ലറ പച്ചക്കറി കൃഷിയും ചെണ്ടയും ആനയുമുണ്ട്. ജയറാമിന്റെ ഭാവഹാവാദികളും ചലനങ്ങളിലുമെല്ലാം തികഞ്ഞ താളബോധമുണ്ട്. പരീശലനം ലഭിച്ച ഒരു ചെണ്ടവാദ്യ കലാകാരനാണ് അദ്ദേഹം. വിവിധ ക്ഷേത്രങ്ങളില്‍ ജയറാം അദ്ദേഹം ചെണ്ടവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമിന്റെ ആനപ്രേമവും പ്രസിദ്ധമാണ്. 

ജയറാമും പാർവതിയും മോതിരം കൈമാറുന്നു (ഇടത്), അനന്തപത്മനാഭൻ (വലത്)
ജയറാമും പാർവതിയും മോതിരം കൈമാറുന്നു (ഇടത്), അനന്തപത്മനാഭൻ (വലത്)

വീണും കരകയറിയും ഒരു കരിയര്‍..

പുതുവര്‍ഷത്തില്‍ ഗെയിം ചെയിഞ്ചറും കാന്താര 2വും പോലുളള കന്നട സിനിമകള്‍ക്കൊപ്പം തമിഴിലും തെലുങ്കിലുമായി നിറയെ സിനിമകളുണ്ട് ജയറാമിന്. അതില്‍ പലതും വലിയ പ്രതീക്ഷകള്‍ക്കിട നല്‍കുന്നു. കഴിഞ്ഞ കുറെക്കാലമായി ജയറാമും മലയാള സിനിമയും തമ്മില്‍ പഴയതു പോലെ ഒത്തുപോകുന്നില്ല. പഴയ പ്രതാപം മങ്ങിയ ഘട്ടത്തില്‍ കരകയറാനായി ജയറാം നടത്തിയ ശ്രമങ്ങളില്‍ പലതും പാളിപ്പോയി. കണ്ണന്‍ താമരക്കുളവുമായി ചേര്‍ന്ന് നാലോളം സിനിമകള്‍ ചെയ്തതില്‍ ആടുപുലിയാട്ടം കലക്‌ഷനില്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ഇതൊന്നും ജയറാമിന്റെ പഴയ പ്രഭാവം വീണ്ടെടുക്കാന്‍ സഹായിച്ചില്ല. 

ന്യൂജനറേഷന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് ജയറാം എന്തുകൊണ്ടോ അനഭിമതനായി. അദ്ദേഹം പിന്‍തുടര്‍ന്നു വന്ന തരം സിനിമകള്‍ അവരുടെ രീതിയല്ലാത്തതു കൊണ്ടോ പുതിയ രീതിയില്‍ അദ്ദേഹത്തെ പരീക്ഷിക്കാനുളള വിമുഖത കൊണ്ടോ ജയറാമിനെ വച്ച് നവതരംഗക്കാര്‍ പ്രൊജക്ടുകള്‍ ആലോചിച്ച് കണ്ടില്ല. ആകെക്കൂടി അങ്ങനെയൊരു ധൈര്യം കാണിച്ചത് മിഥുന്‍ മാനുവല്‍ തോമസാണ്. അത് ഫലം കാണുകയും ചെയ്തു. 

karthi-jayaram-4

ഒരു ദശകത്തിനുളളില്‍ വിരലിലെണ്ണാന്‍ പോലും ഹിറ്റുകളുണ്ടായില്ല എന്നത് ജയറാമിന്റെ കരിയറില്‍ പിന്നോട്ട് നടത്തത്തിന് കാരണമായി. സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് ചെയ്ത മകളും വലിയ വിജയം കൈവരിച്ചില്ല. എന്നാല്‍ ഓസ്‌ലര്‍ മൂന്നോട്ട് വയ്ക്കുന്ന ഒരു സൂചനയുണ്ട്. ജയറാം എന്ന നടന്റെ കാലം അവസാനിച്ചിട്ടില്ല. പുതിയ തരം ക്യാരക്ടര്‍ ഡിസൈനും പ്രമേയവും പ്രതിപാദന ശൈലിയും ആവശ്യപ്പെടുന്ന സിനിമകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ വീണ്ടും അദ്ഭുതങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. അതിന് മുന്‍കൈ എടുക്കേണ്ടത് സംവിധായകരും നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുക്കളുമാണ്. 

മൂന്നര പതിറ്റാണ്ടിനിടയില്‍ ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആഴത്തില്‍ അടയാളങ്ങള്‍ പതിപ്പിച്ച ഒരു മഹാനടന്‍ വീണ്ടും മലയാള സിനിമയിൽ നിറയണമെന്ന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകരും സിനിമാ ലോകവും ഉറ്റു നോക്കുന്നു. പത്മരാജനെ പോലെ ആ നടനവൈഭത്തിന്റെ മാറ്റുരയ്ക്കാന്‍ ശേഷിയുളള  ഒരു പ്രതിഭ വരുമോ ഇനിയും ജയറാമിനെ തേടി..?കാലത്തിന് മാത്രം ഉത്തരം പറയാന്‍ കഴിയുന്ന  ചോദ്യമാണിത്.

English Summary:

Jayaram: The Undisputed King of Minimum Guarantee in Mollywood's Golden Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com