ADVERTISEMENT

രാജ്യം തേയില ഉൽപാദനത്തിൽ പിന്നോക്കം സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വിലക്കയറ്റം രൂക്ഷമാകുന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ്‌ തേയിലത്തോട്ടങ്ങളിൽ പ്രതിസന്ധിക്ക്‌ ഇടയാക്കുന്ന മുഖ്യഘടകം. ദക്ഷിണേന്ത്യൻ തോട്ടങ്ങളെ അപേക്ഷിച്ച്‌ ഉത്തരേന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറയുന്നതിനാൽ നടപ്പുവർഷം തേയിലവില ഇതിനകം ഏകദേശം 20 ശതമാനം വർധിച്ചു. വൻകിട തോട്ടങ്ങളെ സംബന്ധിച്ച്‌ തേയിലയ്‌ക്ക്‌ ഉയർന്ന വില ഉറപ്പുവരുത്താനാകുന്നതിനാൽ തിടുക്കത്തിൽ ഉൽപാദനം ഉയർത്തുന്നതിനോട്‌ കാര്യമായ യോജിപ്പില്ല. 

പാക്കറ്റ്‌ തേയില വിപണിയിൽ ഇറക്കുന്ന മുൻനിര ബഹുരാഷ്‌ട കമ്പനികൾ എല്ലാം തന്നെ നിരക്ക്‌ ഉയർത്തുന്നുണ്ട്‌. ഒക്‌ടോബർ‐ഡിസംബറിൽ തന്നെ ബഹുരാഷ്‌ട്ര കമ്പനികൾ അവരുടെ വലുതും ചെറുതുമായ പാക്കറ്റ്‌ തേയിലകളുടെ വില വർധിപ്പിച്ചു. ഉൽപാദനം ചുരുങ്ങിയതിനാൽ അടുത്ത വർഷം ആദ്യ പാദത്തിലും ചായയുടെ ചൂട്‌ ഒട്ടും തന്നെ കുറയില്ലെന്നു കണക്കാക്കാം. ഉത്തരേന്ത്യയിൽ ജൂൺ മുതലുള്ള നാലു മാസക്കാലയളവിലാണ്‌ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്നത്‌. ദക്ഷിണേന്ത്യയിൽ കാലവർഷത്തിന്റെ കടന്നുവരവിനിടെ കൊളുന്ത്‌ നുള്ള്‌ ഊർജിതമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടെ മഞ്ഞുവീഴ്‌ച്ച ശക്തമല്ലാത്തതിനാൽ വർഷാന്ത്യത്തിലും കൊളുന്തുനുള്ളിന്‌ ഉൽപാദകർ അവസരം കണ്ടെത്താറുണ്ട്‌. 

യുഎഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഡിമാൻഡിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ തേയില കയറ്റുമതി അളവിൽ 8.67 ശതമാനവും മൂല്യത്തിൽ 13.18 ശതമാനവും വർധന രേഖപ്പെടുത്തി. ഈ വർഷം ഏപ്രിൽ - സെപ്റ്റംബറിൽ കയറ്റുമതി അളവ് 122.55 ദശലക്ഷം കിലോയായി ഉയർന്നു, തൊട്ട്‌ മുൻ വർഷം ഇത് 112.77 കിലോ ആയിരുന്നു. ടീ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കയറ്റുമതി വരുമാനം 3403 കോടി രൂപയായി. തൊട്ട്‌ മുൻ വർഷം ഇത്‌ 3007 കോടി രൂപയായിരുന്നു. 

ടീ ബോർഡിന്റെ കണക്കിൽ 2023-24 സെപ്റ്റംബർ വരെ ഉത്തരേന്ത്യൻ തേയിലയുടെ ശരാശരി ലേല കേന്ദ്രങ്ങളിലെ വില കിലോ 247.33 രൂപയായിരുന്നു, തൊട്ട്‌ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വില 23.98 ശതമാനം വർധിച്ചു. ദക്ഷിണേന്ത്യൻ തേയിലയുടെ ശരാശരി വില കിലോയ്ക്ക് 126.22 രൂപയായിരുന്നു, വില വർധന 16.19 ശതമാനമാണ്‌. രാജ്യത്തെ മൊത്തം തേയിലയുടെ ശരാശരി വില 215 രൂപയാണ്‌. തോട്ടം മേഖലയെ സംബന്ധിച്ച്‌ നടപ്പു വർഷം ആകർഷകമായ വില ഉറപ്പുവരുത്താനായി. അറബ്‌ രാജ്യങ്ങൾ ഇന്ത്യൻ ചരക്ക്‌ ഏറ്റവും കൂടുതലായി ഇറക്കുമതി നടത്തുന്നത്‌. 

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ഉൽപാദന നഷ്‌ടത്തിൽ തോട്ടം മേഖല സമ്മർദ്ദത്തിൽ നീങ്ങുന്നതിനിടെ പൊടിത്തേയില ലേലത്തിൽ ഉൽപന്നത്തിൽ നിരോധിത രാസവസ്തുക്കൾ ഉൾപ്പെടുത്തുന്നുണ്ടോയെന്ന പരിശോധനകൾ കർശനമാക്കിയത്‌ വിലക്കയറ്റത്തിന്‌ വേഗം പകരുന്നുണ്ട്‌.  

അതി വിപുലമായ ഒരു ആഭ്യന്തര വിപണി പാരമ്പര്യമായി തന്നെ വളർത്തിയെടുക്കാൻ ഇന്ത്യയ്ക്കായി. വിദേശത്തേക്കു തിരിഞ്ഞാൽ യുഎഇയും ഇറാക്കും രാജ്യാന്തര തലത്തിൽ നമ്മുടെ തേയിലയ്‌ക്ക്‌ വില മതിക്കാനാവാത്ത ഒരു അടിത്തറ സമ്മാനിക്കുമ്പോൾ അമേരിക്കയും റഷ്യയും യുറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ ചായക്ക്‌ കടുപ്പം പകരുന്നുണ്ട്‌. അതേ സമയം അന്താരാഷ്‌ട്ര തലത്തിൽ കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാരുമായി ശക്തമായ മത്സരത്തെയാണ്‌ ഇന്ത്യൻ ടീ അഭിമുഖീകരിക്കുന്നത്‌. 

ജനുവരി - ഒക്ടോബർ കാലയളവിൽ ഇന്ത്യൻ തേയിലയുടെ വില തൊട്ട്‌ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 18 ശതമാനം ഉയർന്നു. പ്രതികൂല കാലാവസ്ഥയിൽ കൊളുന്ത്‌ നുള്ളിൽ സംഭവിച്ച കുറവ്‌ മൊത്തം തേയില ഉൽപാദനം കുറച്ചു. 2023 ആദ്യ പത്ത്‌ മാസങ്ങളിലെ ഉൽപാദനത്തെ അപേക്ഷിച്ച്‌ 66.39 ദശലക്ഷം കിലോ കുറഞ്ഞ് 1112.11 ദശലക്ഷം കിലോയിൽ ഒതുങ്ങിയത്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കി. ദക്ഷിണേന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി 11 ശതമാനം വർധിച്ച്‌ 1139 കോടി രൂപയായി ഉയർന്നു. രാജ്യത്തെ മൊത്തം കയറ്റുമതി 3403 കോടി രൂപയിലെത്തി, തൊട്ട്‌ മുൻവർഷം ഇതേ കാലയളവിൽ കയറ്റുമതി 3007 കോടി രൂപയായിരുന്നു. 

ശൈത്യകാലവും ക്രിസ്‌മസ്‌‐ന്യൂ ഇയർ ഡിമാൻറ്റും കണക്കിലെടുത്താൽ മുന്നിലുള്ള ആഴ്‌ച്ചകളിലും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ ലേല കേന്ദ്രങ്ങളിൽ തേയിലയ്‌ക്കുള്ള ഡിമാൻറ്‌ ഉയർന്ന തലത്തിൽ തുടരാം. 

English Summary:

Soaring Tea Prices: India Grapples with Production Decline and High Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com