തൃഷയുടെ 22ാം വർഷം; ആഘോഷമാക്കി സൂര്യ; വിഡിയോ
Mail This Article
നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് 22 വർഷം പൂർത്തിയാകുന്നു. സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽവച്ച് തൃഷയുടെ 22ാം വർഷം ആഘോഷമാക്കി മാറ്റി. തൃഷയ്ക്കായി പ്രത്യേക കേക്കും അണിയറക്കാർ തയാറാക്കിയിരുന്നു. സൂര്യ, ആർജെ ബാലാജി, നാട്ടി തുടങ്ങിയവർ തൃഷയ്ക്ക് ആശംസകൾ നേർന്നു.
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗം പേസിയതേ എന്ന സിനിമയിലൂടെയാണ് തൃഷ നായികയായി സിനിമാ രംഗത്തെത്തുന്നത്. ഈ സിനിമയിലും നായകൻ സൂര്യ തന്നെയായിരുന്നു. പിന്നീട് സാമി, ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾ.
2016നുശേഷം ഒരു വർഷം സിനിമയിൽ നിന്നും വിട്ടുനിന്ന നടി പിന്നീട് ‘96’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ‘ലിയോ’ ആണ് തൃഷ നായികയായെത്തിയ അവസാന ചിത്രം. ഈ വർഷം റിലീസ് ചെയ്ത വിജയ് ചിത്രം ‘ഗോട്ടിൽ’ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടു.
അടുത്തവർഷം കൈനിറയെ സിനിമകളാണ് തൃഷയുടേതായി റിലീസിനൊരുങ്ങുന്നത്. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, സൂര്യ 45, തഗ് ലൈഫ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ.