സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിനു വിട, ലുക്ക് മാറ്റി അജിത്; മേക്കോവർ ചിത്രങ്ങൾ പുറത്ത്
Mail This Article
നടൻ അജിത്തിന്റെ മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു. വർഷങ്ങളായി കൊണ്ടുനടന്ന സോൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിയാണ് നടൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഈ സ്റ്റൈലിൽ ആകും അജിത് എത്തുക. ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ ആണ് അജിത്തിന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘ഈ അവസരം എനിക്കു തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിക് രവിചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പുത്തൻ ലുക്കിലുള്ള അജിത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആദികിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ തമിഴ്നാട്ടിൽ മികച്ച സാമ്പത്തിക വിജയം കൈവരിച്ച ചിത്രം കൂടിയായിരുന്നു. 2025 പൊങ്കൽ റിലീസായാണ് ‘ഗുഡ് ബാഡ് അഗ്ലി’ ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.