'ടർബോ' കണ്ട് കരഞ്ഞത് സത്യം. പക്ഷേ പറഞ്ഞത് വളച്ചൊടിച്ചു; ഇബ്രാഹിംകുട്ടി പറയുന്നു
Mail This Article
മമ്മൂട്ടിയുടെയും ദുൽഖര്‍ സൽമാന്റെയും സിനിമകളിലെ ചില രംഗങ്ങൾ തന്നെ വൈകാരകമായി ബാധിക്കാറുണ്ടെന്ന് മമ്മൂട്ടിയുടെ സഹോദരനും നടനും നിർമാതാവുമായ ഇബ്രാഹിം കുട്ടി. ‘‘മമ്മൂട്ടിയെ ആരെങ്കിലും തല്ലുന്നതോ ദുൽഖറിനെ പൊലീസ് പിടിക്കുന്നതോ ആയ രംഗങ്ങൾ സിനിമയിൽ വരുമ്പോൾ കണ്ടിരിക്കാനാകില്ല. അതുകൊണ്ടാണ് ലക്കി ഭാസ്കർ കണ്ടപ്പോൾ പകുതിക്കു വച്ച് ഓഫ് ചെയ്തതും ടർബോ കണ്ടപ്പോൾ കരഞ്ഞതും. എന്നാൽ ഞാൻ പറഞ്ഞതിനെതിനെ വളച്ചൊടിച്ചാണ് പല മാധ്യമങ്ങളിലും തലക്കെട്ടുകളും വാർത്തകളും വരുന്നത്.’’–ഇബ്രാഹിംകുട്ടി മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘‘'ദുൽഖർ സിനിമ ലക്കി ഭാസ്കർ കണ്ടുകൊണ്ടിരിക്കുമ്പോൾ ദുൽഖറിന്റെ കഥാപാത്രം പിടിക്കപ്പെടും എന്നായപ്പോൾ എനിക്ക് അത് കണ്ടിരിക്കാൻ പറ്റിയില്ല. ടർബോയിലും ഇക്കയെ തല്ലുന്നത് കാണുമ്പോൾ സങ്കടം വരും. വളരെ വികാരപരമായാണ് ഞാൻ എല്ലാ കാര്യങ്ങളെയും കാണുന്നത്. സ്‌ക്രീനിൽ ആണെങ്കിലും ഇച്ചാക്കയും ദുൽഖറും വിഷമിക്കുന്നത് കാണാൻ കെൽപ്പുണ്ടാവാറില്ല. കുടുംബവുമായി അത്രയ്ക്ക് അടുപ്പമുള്ളയാളാണ് ഞാൻ. എന്റെ ഇക്കയോ, വീട്ടിലെ കുട്ടികളോ അഭിനയിക്കുന്ന സിനിമകളിൽ വിഷമമുണ്ടാകുന്ന സന്ദർഭങ്ങൾ ഉണ്ടായാൽ അത് കണ്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റാറില്ല.’’ ഇബ്രാഹിം കുട്ടി പറഞ്ഞു.
‘‘ഈ പറഞ്ഞതിനെയൊക്കെ വളച്ചൊടിച്ച്, ‘ടർബോ മോശം സിനിമയായതുകൊണ്ടാണോ, കണ്ടുകൊണ്ടിരിക്കുമ്പോൾ കരച്ചിൽ വന്നത്? ലക്കി ഭാസ്‌ക്കർ കണ്ടപ്പോൾ ടിവി ഓഫാക്കിയത് സിനിമ മോശമായതുകൊണ്ടാണ്’ എന്നൊക്കെയാണ് ചിലർ കമന്റുകളായും ട്രോളുകളായും പറയുന്നത്. നമ്മൾ ആത്മാർഥമായി പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ തിരുത്തി പറയുന്നത് കേൾക്കുമ്പോൾ വിഷമമുണ്ട്’’.–ഇബ്രാഹിം കുട്ടി കൂട്ടിച്ചേർത്തു.
ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടർബോ കണ്ടപ്പോൾ കരഞ്ഞുപോയെന്നടക്കമുള്ള കാര്യങ്ങൾ ഇബ്രാഹിംകുട്ടി തുറന്നു പറഞ്ഞത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ച് ഓൺലൈൻ മാധ്യമങ്ങളിലും മറ്റും വാർത്തകളും ട്രോളും വന്നിരുന്നു.
‘‘ദുല്‍ഖറിന്‍റെ ലക്കി ഭാസ്കര്‍ കണ്ടപ്പോള്‍ ഭാസ്കറിനെ പിടിക്കപ്പെടും എന്നായപ്പോള്‍ ഞാന്‍ സിനിമ ഓഫ് ചെയ്തു. എനിക്ക് ടെന്‍ഷനായി. രാത്രി കണ്ടാല്‍ ശരിയാവില്ല നാളെ ബാക്കി കാണാം എന്ന് വിചാരിച്ചു. ആളുകളുടെ കൂടെ ഇരുന്ന് കാണുമ്പോള്‍ അത്രയും ടെന്‍ഷന്‍ ഉണ്ടാകില്ല. ഇച്ചാക്കയുടെയോ ദുല്‍ഖറിന്‍റെയോ മക്ബൂലിന്‍റെയോ സിനിമ കാണുമ്പോഴും ഇങ്ങനെയാണ്. ഇച്ചാക്കയുടെ ടര്‍ബോ സിനിമ കണ്ടാല്‍ ഞങ്ങള്‍ക്ക് കരച്ചില്‍ വരും. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിന് കാരണം ഞങ്ങള്‍ ഇച്ചാക്കയെ കാണുമ്പോള്‍ കിട്ടുന്ന ഒരു കണക്‌ഷനാണ്. കഥാപാത്രത്തിനും മുകളില്‍ ആ വ്യക്തിയെ ഇങ്ങനെ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ ആണ് അത്. ഇച്ചാക്കയുടെ തനിയാവര്‍ത്തനത്തിന്‍റെ ക്ലൈമാക്സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. വടക്കൻ വീരഗാഥയിലെ എല്ലാ ഡയലോഗും കാണാതെ അറിയാം.’’–യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ ഇബ്രാഹിംകുട്ടി പറഞ്ഞു.