കോട്ടിനു വാടക 650, ചെറിയ ചൊറിച്ചിലും ഉണ്ട്: ലിസ്റ്റിനെ ട്രോളി ഗ്രേസ് ആന്റണി
Mail This Article
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ‘എക്സ്ട്രാ ഡീഡന്റ്’ സിനിമയുടെ പ്രസ് മീറ്റിൽ പരസ്പരം ട്രോളി താരങ്ങൾ. കോട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പരിപാടിക്ക് എത്തിയത്. വേറിട്ട ഗെറ്റപ്പിലെത്തിയതിന്റെ രഹസ്യം വെളിപ്പെടുത്തിയ താരങ്ങൾ അതിനു കാരണക്കാരനായ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ട്രോളുകയും ചെയ്തു. 650 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത കോട്ടാണ് ധരിക്കാൻ തന്നതെന്നും അതു ധരിച്ചിട്ട് ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുവെന്നും ഗ്രേസ് ആന്റണി പറഞ്ഞു. മറ്റുള്ളവരെക്കൊണ്ട് ഇതുപോലെ ഓരോന്ന് ചെയ്യിക്കാൻ കഴിവുള്ളതുകൊണ്ടാണ് ലിസ്റ്റിന്റെ ഓരോ സിനിമയും വ്യത്യസ്തമായിരിക്കുന്നതെന്നായിരുന്നു വിനയപ്രസാദിന്റെ പ്രതികരണം.
മാധ്യമങ്ങളോടു സിനിമയെക്കുറിച്ച് സംസാരിക്കാനെത്തിയ ‘എക്സ്ട്രാ ഡീഡന്റ്’ സിനിമയുടെ അണിയറപ്രവർത്തകർ കാഴ്ചയിൽ മാത്രമല്ല, പെരുമാറ്റത്തിലും ‘എക്സ്ട്രാ ഡീഡന്റ്’ ആയിരുന്നു. ലുക്കിലെ ‘ഡീസന്റ്’ ഭാവം വിടാതെ ആയിരുന്നു ഗ്രേസ് ആന്റണിയുടെ പ്രതികരണം. ഗ്രേസിന്റെ വാക്കുകൾ ഇങ്ങനെ: "എന്നോട് ലിസ്റ്റിൻ ചേട്ടൻ പറയാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ പറയുന്നത്. ഈ കോട്ടിന് ഓരോന്നിനും 650 വച്ച് ലിസ്റ്റിൻ ചേട്ടൻ റെന്റ് അടയ്ക്കുന്നുണ്ട്. സത്യം പറഞ്ഞു കഴിഞ്ഞാൽ ഈ കോട്ടിന് ചെറിയ സ്മെൽ ഉണ്ട്. ചെറുതായിട്ട് കൈ ഒക്കെ ചൊറിഞ്ഞു തുടങ്ങുന്നുണ്ട്. ലിസ്റ്റിൻ ചേട്ടൻ സ്വന്തമായിട്ടുള്ള കോട്ടാണ് ഇട്ടിരിക്കുന്നത്. പുള്ളി വാടകയ്ക്ക് എടുത്തതല്ല, പുള്ളിയുടെ സ്വന്തം കോട്ടാണ്."
അണിയറപ്രവർത്തകരെ കോട്ട് ധരിപ്പിച്ച ‘ലിസ്റ്റിൻ ബുദ്ധി’യെ പ്രത്യേകം പരാമർശിച്ചായിരുന്നു വിനയപ്രസാദ് സംസാരിച്ചത്. "ഞങ്ങൾക്ക് ഈ കോട്ട് തന്നപ്പോൾ ഞാൻ പറഞ്ഞു, ‘അയ്യോ ഈ സാരിക്ക് ഒട്ടും ചേരുന്നില്ല ഈ കോട്ട്... വേണ്ട’ എന്ന്! അപ്പോൾ ഗ്രേസ് പറഞ്ഞു, ‘അയ്യോ.. കോട്ട് വേണ്ട, കോട്ട് ഇടുന്ന പോലത്തെ ഡ്രസ്സ് അല്ല ഞാൻ ഇട്ടിരിക്കുന്നത്,’ എന്ന്. ദിൽനയും പറഞ്ഞു, കോട്ട് വേണ്ട എന്ന്. കോസ്റ്റ്യൂമർ ഇതു കൊണ്ടു തന്നപ്പോഴാണ് ഞങ്ങൾ ഇതൊക്കെ പറഞ്ഞത്. അപ്പോഴാണ് ഈ മുഴുവൻ ടീം കോട്ട് ഇട്ടിട്ട് റൂമിൽ കയറി വന്നത്. അപ്പോൾ ലിസ്റ്റിൻ പറയാൻ തുടങ്ങി, ‘നോക്കൂ നമുക്കൊരു 10 മിനിറ്റ് ഒരു പോസ് ആക്കാൻ വേണ്ടിയിട്ട് മാത്രമാണ്. ഇതൊരു വാർത്തയാകും, ഇതൊരു സംഭവമാകും. ഇതൊന്ന് ഇട്ടു നോക്കൂ, ഒരു 10 മിനിറ്റ് ഇട്ടിട്ട് മാറ്റിയാൽ മതി,’ എന്ന്. അങ്ങനെ ഞങ്ങളെ സമ്മതിപ്പിച്ച് ഇത് ഇടാനായി നിർബന്ധിച്ചു. പക്ഷേ ഞങ്ങൾ ഇതുവരെ ഇട്ടോണ്ടിരിക്കുന്നു, കംഫർട്ടബിൾ ആയി. ഇങ്ങനെ ഓരോരുത്തരെ സമ്മതിപ്പിക്കാനുള്ള ഒരു കഴിവാണ് ലിസ്റ്റിന് ഉള്ളത്. അതുകൊണ്ടാണ് അവരുടെ പടങ്ങൾ വ്യത്യസ്തമായിരിക്കുന്നത് എന്നാണ് ഞാൻ പറഞ്ഞു വന്നത്," വിനയ പ്രസാദ് പറഞ്ഞു.
‘ആയിഷ’ എന്ന ചിത്രത്തിനു ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എക്സ്ട്രാ ഡീഡന്റ്’. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമാണം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.