മലബാറിലും ഫിലിം ഫെസ്റ്റിവൽ; ആവശ്യം ശക്തമാകുന്നു
Mail This Article
കോഴിക്കോട് ∙ മലബാർ മേഖലയിൽ നിന്നുള്ള സിനിമ ആസ്വാദകർക്ക് മികച്ച ലോക സിനിമകൾ കാണാൻ അവസരം ഒരുക്കുന്നതിന് ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവൽ കോഴിക്കോട്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം മുൻ നിർത്തി സിനിമ ആസ്വാദകരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറം എന്ന പേരിൽ കൂട്ടായ്മയ്ക്ക് രൂപം നൽകി. കേരളത്തിന്റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ (ഐഎഫ്എഫ്കെ) പിറവി കൊണ്ട കോഴിക്കോട്ട് റീജനൽ ഫിലിം ഫെസ്റ്റിവൽ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഫോറം ഭാരവാഹികൾ സാംസ്കാരിക മന്ത്രി സജി ചെറിയാന് നിവേദനം നൽകി. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചതായി ഫോറം പ്രസിഡന്റ് കെ.ജെ. തോമസ് പറഞ്ഞു.
1996 ലാണ് കോഴിക്കോട്ട് ഐഎഫ്എഫ്കെയുടെ ആദ്യ വേദിയൊരുങ്ങിയത്. സിനിമയുടെ നൂറാം വാർഷികം പ്രമാണിച്ച് 100 സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമായി അന്ന് നഗരത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. ഫിലിം സൊസൈറ്റികളുടെ സഹകരണം കൊണ്ടും സിനിമ സ്നേഹികളുടെയും സിനിമ പ്രവർത്തകരുടെയും പ്രാതിനിധ്യം കൊണ്ടും മലബാർ മേഖലയുടെ സാംസ്കാരിക ഉത്സവമായി ഐഎഫ്എഫ്കെയുടെ പ്രഥമ പതിപ്പ് അടയാളപ്പെടുത്തപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയുടെ ഊർജ സ്രോതസ്സായിരുന്നു കോഴിക്കോട്ടെ സംഘാടന വിജയമെന്ന് ഫോറം പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഫെസ്റ്റിവലിന്റെ വേദി തിരുവനന്തപുരത്തേക്ക് മാറിയത് മലബാർ മേഖലയിലെ സിനിമ ആസ്വാദകർക്കും സിനിമ പ്രവർത്തകർക്കും വലിയ ആഘാതമായിരുന്നു. തിരുവനന്തപുരത്ത് ചെന്ന് അവിടെ താമസിച്ചാണ് ഈ പ്രദേശങ്ങളിലെ നൂറുകണക്കിനു പേർ ഓരോ വർഷവും ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്. സാധാരണക്കാർ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകർക്ക് വലിയ സാമ്പത്തിക ഭാരമാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഐഎഫ്എഫ്കെയിലെ പ്രധാന സിനിമകൾ ഉൾക്കൊള്ളിച്ചു ചലച്ചിത്ര അക്കാദമി നേരത്തെ പ്രാദേശിക ചലച്ചിത്ര മേള കോഴിക്കോട്ട് നടത്താറുണ്ടായിരുന്നു. മലബാറിലെ സിനിമ ആസ്വാദകർക്കും തിരുവനന്തപുരത്ത് എത്താൻ കഴിയാത്തവർക്കും അത് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റീജനൽ ഫെസ്റ്റിവൽ കോഴിക്കോടിന് ലഭിക്കാറില്ല.
കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുഖ്യ പങ്കു വഹിച്ച ചെലവൂർ വേണു ഐഎഫ്എഫ്കെ യുടെ തുടക്കം മുതൽ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സംഘാടകനായിരുന്നു. 1980 കളിൽ കേരളത്തിൽ ആദ്യത്തെ ചലച്ചിത്രോത്സവം നടത്തിയ പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഓർമ നിലനിർത്തി റീജനൽ ഫിലിം ഫെസ്റ്റിവൽ ഇത്തവണ കോഴിക്കോട്ട് നടത്തണമെന്ന് സാംസ്കാരിക മന്ത്രിക്ക് നൽകിയ നിവേദനത്തിൽ മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറം അഭ്യർഥിച്ചു.