ബറോസ് ട്രഷർ ഹണ്ടിന് ആവേശകരമായ തുടക്കം; ആദ്യഘട്ടം മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ
Mail This Article
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ബറോസ് ട്രഷർ ഹണ്ടി’ന് ആവേശകരമായ തുടക്കം. പ്രായഭേദമന്യേ വിദ്യാർഥികളും യുവതീയുവാക്കളും അടക്കം നിരവധി പേർ മത്സരത്തിൽ പങ്കെടുക്കാനെത്തി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സിനിമയുടെ റിലീസിന്റെ ഭാഗമായാണ് വേറിട്ട ഈ മത്സരം.
മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് കോട്ടയത്ത് ട്രഷർ ഹണ്ട് ഫ്ലാഗ് ഓഫ് ചെയ്ത് മത്സരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂർ ബറോസ് ഗിഫ്റ്റ് ഹാംബെർ ഔദ്യോഗികമായി അനാവരണം ചെയ്തു. കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ തുടക്കമായി.
റജിസ്റ്റർ ചെയ്ത ആദ്യ 25 പേർക്കു വീതമാണ് ഓരോ ജില്ലയിലും പങ്കെടുക്കാൻ അവസരം. ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ബറോസ് ട്രഷർ ഹണ്ട്’ മത്സരത്തിൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ 5 ലക്ഷം രൂപയിൽ അധികം മൂല്യം വരുന്ന സമ്മാനങ്ങൾ സ്വന്തമാക്കാം.
വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന സൂചനകൾ പിന്തുടർന്നാണ് ‘ബറോസ് നിധിപ്പെട്ടി’യുടെ താക്കോൽ മത്സരാർഥികൾ കണ്ടെത്തേണ്ടത്. ആദ്യം പെട്ടി തുറക്കുന്ന വിജയിക്ക് 10000 രൂപ, രണ്ടാമത് എത്തുന്ന ആൾക്ക് 6000 രൂപ, മൂന്നാമത് എത്തുന്ന ആൾക്ക് 4000 രൂപ എന്നിങ്ങനെയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ബറോസ് ടീഷർട് അടങ്ങിയ ഗിഫ്റ്റ് ഹാംപർ നൽകും.