പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നു: ആ നിവിൻ പോളി ചിത്രം ഒടിടിയിൽ വരാത്തതിനു കാരണം പറഞ്ഞ് ലിസ്റ്റിൻ
Mail This Article
നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമ ഇതുവരെ ഒടിടിയിൽ വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയുടെ റിലീസിനു മുൻപ് വലിയ തുക ഒടിടിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ റിലീസിനു ശേഷം കാര്യങ്ങൾ മാറി മറിഞ്ഞെന്നും ലിസ്റ്റിൻ പറഞ്ഞു. 20 കോടി രൂപയ്ക്കു മുകളിൽ ബജറ്റ് വന്ന സിനിമയായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ. പുതിയ ചിത്രമായ ഇ.ഡി (എക്സ്ട്രാ ഡീസന്റ്) യുടെ റിലീസിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് ഇടയിലാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോയുടെ ഒടിടി റിലീസ് ചർച്ചയായത്.
ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ: ‘‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെയും ഒടിടിയിൽ വിൽക്കാൻ കഴിഞ്ഞിട്ടില്ല. അന്ന് വലിയൊരു തുക പ്രതീക്ഷിച്ചു. അങ്ങനെയൊരു വില പറഞ്ഞതായിരുന്നു. അന്ന് കൊടുത്തില്ല. പിന്നെ, വെയ്റ്റ് ചെയ്തിരുന്നപ്പോൾ സിനിമ അത്രയും റിസൾട്ട് ഉണ്ടാക്കിയില്ല. പിന്നെ പറഞ്ഞ തുക ഒട്ടും ശരിയാവാത്തതുകൊണ്ട് സിനിമ അങ്ങനെ തന്നെ വച്ചിരിക്കുകയാണ്.’’
താരങ്ങളുടെയടക്കം പല സിനിമകളും ഇന്ന് ഒടിടിയില്‍ പോകുന്നത് പേ പെര്‍ വ്യൂവിനാണ്. മുന്‍പ് 10 കോടി, എട്ട് കോടി, അഞ്ച് കോടി എന്നിങ്ങനെയുള്ള സമവാക്യത്തിലായിരുന്നു പോയിരുന്നത്. ഇപ്പോള്‍ അതില്ല. ഏത് താരത്തിന്‍റെ സിനിമ ആയാലും ഇതുകൊണ്ട് എത്ര രൂപയുടെ ബിസിനസ് നടക്കുമെന്ന് ഒരു നിര്‍മ്മാതാവിനും ഇപ്പോള്‍ പറയാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ആ അവസ്ഥയിലൂടെയാണ് സിനിമ പൊയ്ക്കൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, എആര്‍എം, ബോഗയ്ന്‍വില്ല അടക്കം ആഫ്റ്റര്‍ റിലീസ് ആയാണ് ഒടിടി ബിസിനസ് നടന്നിരിക്കുന്നത്, ലിസ്റ്റിന്‍ പറയുന്നു. നിര്‍മ്മാതാക്കള്‍ക്ക് ഒടിടി അടക്കമുള്ള സാധ്യതകളിലൂടെ കൂടുതല്‍ വരുമാനമുണ്ടായിരുന്ന സമയത്ത് താരങ്ങള്‍ പ്രതിഫലം കൂട്ടിയെന്നും ഒടിടി ബിസിനസിന്‍റെ കാലം കഴിഞ്ഞിട്ടും പ്രതിഫലം അവിടെത്തന്നെ നില്‍ക്കുകയാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
മലയാള സിനിമയുടെ ഒടിടി വിപണിയിലെ പ്രതിസന്ധികളെക്കുറിച്ച് ഇതിനു മുൻപും ലിസ്റ്റിൻ സ്റ്റീഫൻ തുറന്നു പറഞ്ഞിട്ടുണ്ട്. മുൻനിരതാരങ്ങളുടെ അടക്കം സിനിമകൾക്ക് പ്രതീക്ഷിക്കുന്ന പ്രതികരണമല്ല ഒടിടിയിൽ നിന്നു ലഭിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണത്തിന് അനുസരിച്ച് പ്രതിഫലം കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോൾ മാറിയിട്ടുണ്ട്. മുൻപ്, വലിയ തുകയ്ക്കായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ എടുത്തിരുന്നത്. ഏതു താരത്തിന്‍റെ സിനിമ ആയാലും എത്ര രൂപയുടെ ബിസിനസ് നടക്കുമെന്ന് ഒരു നിര്‍മാതാവിനും ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യമാണ്. നിർമാതാക്കള്‍ക്ക് ഒടിടി അടക്കമുള്ള സാധ്യതകളിലൂടെ കൂടുതല്‍ വരുമാനമുണ്ടായിരുന്ന സമയത്ത് താരങ്ങള്‍ പ്രതിഫലം കൂട്ടിയെന്നും ഒടിടി ബിസിനസിന്‍റെ കാലം കഴിഞ്ഞിട്ടും പ്രതിഫലം അവിടെത്തന്നെ നില്‍ക്കുകയാണെന്നും ലിസ്റ്റിൻ പറയുന്നു.