ADVERTISEMENT

വലിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ മടങ്ങി എത്തിയതിലുള്ള സന്തോഷം പങ്കുവച്ച് അർച്ചന കവി. ടൊവീനോ നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലെ മികവുള്ള കഥാപാത്രത്തിലൂടെയാണ് അർച്ചനയുടെ തിരിച്ചു വരവ്. ബിഗ് സ്ക്രീനിൽ തന്റെ മുഖം കണ്ടിട്ട് 10 വർഷമായെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അർച്ചന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ‌ പറഞ്ഞു. വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പല തരത്തിൽ തന്നെ ബാധിച്ചുവെന്ന് മടങ്ങിവരവിനെക്കുറിച്ചുള്ള ദീർഘമായ കുറിപ്പിൽ അർച്ചന പറയുന്നു. 

അർച്ചനയുടെ വാക്കുകൾ: ‘ബിഗ് സ്‌ക്രീനിൽ എന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാകുന്നു. ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് വന്നത് ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു. ആ സിനിമയോടു നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ മരുന്നുകൾ ക്രമരഹിതമായിരുന്നു. വിഷാദവുമായി ഞാൻ പോരാടുകയായിരുന്നു. അപ്പോഴാണ് അഖിൽ പോൾ എന്ന സംവിധായകൻ രംഗപ്രവേശം ചെയ്യുന്നത്, പിന്നെ അദ്ദേഹം എന്റെ സുഹൃത്തായി. അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ എന്നോടൊപ്പം പ്രാർഥിച്ചു.’ 

‘ഞാൻ ഡോക്ടർമാരെ മാറ്റി. ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത്, എനിക്ക് രോഗത്തിന്റെ ഒരു സൂചന പോലും വന്നില്ല. ഞാനിപ്പോൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാൻ തയാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രസവമുറിയിൽ ആശങ്കയോടെ നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയിലാണ് ഞാൻ. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ പുറത്തിരിക്കുകയാണ്. നീലത്താമരയ്ക്ക് ശേഷം എന്റെ സിനിമ കാണാൻ മാതാപിതാക്കൾ കേരളത്തിലേക്കു വരുന്നു. ഒരു പുനർജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു.’  

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി മലയാള സിനിമയിലെത്തുന്നത്. വൻ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമായിരുന്നു അത്. മമ്മി ആൻഡ് മി, സോൾട്ട് ആൻഡ് പെപ്പർ, ഹണി ബീ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്നു വർഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അതിനിടയിൽ അർച്ചന വിവാഹമോചിതയാവുകയും ചെയ്തു.

English Summary:

Archana Kavi makes a triumphant return to Malayalam cinema after a decade-long break, starring in 'Identity' alongside Tovino Thomas. Read about her inspiring journey back to acting, her battle with depression and PMDD, and her heartfelt message.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com