ബറോസ് കാണാൻ പ്രണവും മായയും ചെന്നൈയിൽ: വിഡിയോ
Mail This Article
മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് കാണാൻ ചെന്നൈയിലെത്തി താരത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച പ്രത്യേക പ്രിവ്യു ഷോ കാണാനെത്തിയ പ്രണവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംവിധായകൻ മണിരത്നം, തെന്നിന്ത്യൻ താരം വിജയ് സേതുപതി എന്നിവരുൾപ്പടെ നിരവധി പേർ ബറോസ് പ്രിവ്യു ഷോ കാണാനെത്തിയിരുന്നു. മോഹൻലാലിന്റെ മക്കളായ പ്രണവും മായയും ഒരുമിച്ചാണ് സിനിമ കാണാനെത്തിയത്.
നാളെയാണ് ബറോസ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ‘ബറോസ്’ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാകുമെന്ന് തീർച്ച. ആന്റണി പെരുമ്പാവൂർ ആണ് നിർമാതാവ്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.