മമ്മൂട്ടിയും മോഹന്‍ലാലും എംടിയും; ഇതിഹാസ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്
M T Vasudevan Nair Movies
Mail This Article
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമെന്ന് എംടിയെ ആദ്യം വിശേഷിപ്പിച്ചത് സാക്ഷാല്‍ മോഹന്‍ലാലാണ്. ആ വാക്കുകള്‍ പിന്നീട് വ്യാപകമായി ഏറ്റെടുക്കപ്പെട്ടു. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, പത്രാധിപര്‍... കൈവച്ച എല്ലാ മേഖലകളിലും തനത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരാള്‍ മലയാളത്തില്‍ ഇല്ലെന്ന് മോഹന്‍ലാലിനൊപ്പം നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. മലയാള സിനിമയിലെ നെടുംതൂണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയജീവിതത്തിലെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പല കഥാപാത്രങ്ങളും സൃഷ്ടിച്ചത് എംടിയാണ്.
എംടിയും ലാലും
എംടിയുടെ വളരെ കുറച്ചു സിനിമകളില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുളളു. പക്ഷേ അതിലോരോന്നും ലാലിലെ നടനെ വ്യത്യസ്തമായ തലത്തില്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അബദ്ധവശാല്‍ സ്വന്തം കൈകൊണ്ട് മരണം സംഭവിച്ച ഒരു ചെറുപ്പക്കാരന്റെ അവസ്ഥയില്‍ കുറ്റബോധം കൊണ്ട് പിടയുന്ന ഒരാള്‍ ആളറിയാതെ അയാളുടെ കുടുംബത്തിന് താങ്ങും തണലുമായി വര്‍ത്തിക്കുന്നതാണ് അമൃതം ഗമയുടെ ഇതിവൃത്തം. നിസഹായതയും കുറ്റബോധവും ആത്മനിന്ദയും പശ്ചാത്താപവും അതിനിടയില്‍ ഉത്തരവാദിത്തബോധവും കടമയും കടപ്പാടും എല്ലാം ഉള്‍ക്കൊളളുന്ന ആത്മസംഘര്‍ഷങ്ങളുടെ തീച്ചൂളയില്‍ നീറുന്ന കഥാപാത്രം മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ നിര്‍ണ്ണായകമായ ഒന്നാണ്. ലാല്‍ അത് ഭാവഗംഭീരമാക്കുകയും ചെയ്തു.
ഉയരങ്ങളില്‍ മറ്റൊരു വിതാനത്തില്‍ നില്‍ക്കുന്ന വേഷമാണ്. ആന്റിഹീറോ എന്ന് പറയാവുന്ന ഗണത്തിലാണ് അതിന്റെ സ്ഥാനം. തെറ്റുകള്‍ക്ക് മേല്‍ തെറ്റുകൾ ചെയ്തുകൂട്ടി സ്വയം ഒരു പ്രസ്ഥാനമായി മാറാന്‍ ശ്രമിക്കുന്ന യുവാവാണ് ഈ സിനിമയില്‍ ലാലിന്റെ കഥാപാത്രം. നെഗറ്റീവ് ഷേഡുളള ക്യാരക്ടര്‍ ആണെങ്കില്‍ കൂടി മനുഷ്യമനോഭാവങ്ങളിലേക്ക് ആഴത്തിലുളള എത്തിനോട്ടമായിരുന്നു സിനിമയില്‍. വൈവിധ്യങ്ങള്‍ ഷോള്‍ഡര്‍ ചെയ്യാന്‍ കെല്‍പ്പുളള ലാല്‍ തനത് പാത്രവ്യാഖ്യാനത്തിലൂടെ അതിന് ഊടും പാവും നല്‍കി.
ചുറ്റുപാടുമുളള ആളുകള്‍ നിഷ്‌കളങ്ക ബാല്യത്തിന് ഏല്‍പ്പിക്കുന്ന മുറിവുകളും പുഴുക്കുത്തുകളും കണ്ടു മനസ് മടുത്ത എക്‌സന്‍ട്രിക്കായ സത്യനാഥന്‍ എന്ന മനുഷ്യന്‍ ഒന്നിലധികം കൊലപാതകങ്ങള്‍ നിര്‍വഹിക്കുന്നതും മറ്റും സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. വിഭ്രാമകമായ അയാളുടെ മാനസികാവസ്ഥയും മറ്റും തന്റെ ശരീരഭാഷയിലൂടെയും മാനറിസങ്ങളിലൂടെയും കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു.നടന്‍ എന്ന നിലയില്‍ ലാലിന്റെ മറ്റൊരു മുഖം കാണിച്ചു തന്ന വേഷമാണ് പഞ്ചാഗ്നിയിലേത്. പത്രപ്രവര്‍ത്തകനായ റഷീദ്. പക്വമതിയായ തീര്‍ത്തും ഇരുത്തം വന്ന കഥാപാത്രമാണത്. മിതത്വത്തിന്റെ ഭംഗിയുളള അയാളുടെ ഭാവഹാവാദികള്‍ മോഹന്‍ലാല്‍ അനശ്വരമാക്കി.
അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിങ്ങനെ എം.ടിയുടെ പല സിനിമകളിലും ലാല്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒ.ടി.ടി റിലീസായി വന്ന ആന്തോളജി മൂവി മനോരഥത്തില്‍ ഓളവും തീരത്തിലെ ബാപ്പൂട്ടിയായിരുന്നു ലാല്‍. നടന്‍ എന്ന നിലയില്‍ ലാല്‍ പിന്നിട്ട ഉയരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന വേഷമായില്ല ബാപ്പൂട്ടി. ഹ്രസ്വചിത്രം എന്ന നിലയില്‍ സമയബന്ധിതമായി കഥ പറഞ്ഞു തീര്‍ക്കുക എന്ന പരിമിതിയും അതിനെ ബാധിച്ചിരിക്കാം.
മമ്മൂട്ടിയും എം.ടിയും
നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ സിദ്ധികളെക്കുറിച്ച് കൂടുതല്‍ ആദരവ് പുലര്‍ത്തുമ്പോഴും വ്യക്തിപരമായി ലാലിനേക്കാള്‍ അടുപ്പം മമ്മൂട്ടിയോടായിരുന്നു എം.ടിക്ക്. അതിന് പല കാരണങ്ങളുണ്ട്. എം.ടിയാണ് അദ്ദേഹത്തെ സിനിമയില്‍ കൊണ്ടുവന്നത്. പാതിവഴിയില്‍ നിലച്ചു പോയ ‘ദേവലോകം’ എന്ന എം.ടി ചിത്രത്തിലുടെയാണ് മമ്മൂട്ടി ആദ്യമായി ക്യാമറയെ ശരിക്കൊന്ന് അഭിമുഖീകരിക്കുന്നത്. അതിന് മുന്‍പ് കൗമാരകാലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അനുഭവങ്ങള്‍ പാളിച്ചകളിലും കാലചക്രത്തിലും പ്രത്യക്ഷപ്പെട്ടതിനെ അഭിനയം എന്ന് വിശേഷിപ്പിക്കാനാവില്ല.
അഭിഭാഷകനായിരുന്ന കാലത്ത് ഒരു യോഗത്തില്‍ സംബന്ധിക്കാനെത്തിയ എം.ടിയെ മമ്മൂട്ടി പരിചയപ്പെടുകയും തന്റെ ചലച്ചിത്രമോഹം പറയുകയും ചെയ്തു എന്നാണ് കഥ. പിന്നീട് ദേവലോകത്തിന്റെ ആലോചനാഘട്ടത്തില്‍ എം.ടി അദ്ദേഹത്തെ അഭിനയിക്കാനായി ക്ഷണിച്ചു. ആ പടം പൂര്‍ത്തിയാകാതെ പോയ കുറവ് നികത്താന്‍ എം.ടിയുടെ രചനയില്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന പടം ഒരുക്കിയപ്പോള്‍ അതില്‍ ഭേദപ്പെട്ട ഒരു റോളിലേക്ക് എം.ടി മമ്മൂട്ടിയെ ക്ഷണിച്ചു.
പിന്നീട് മമ്മൂട്ടി എന്ന നടന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. നിമിത്തം എന്നൊന്നുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ട ചില സന്ദര്‍ഭങ്ങളും എം.ടി-മമ്മൂട്ടി ബന്ധത്തിലുണ്ട്. ആദ്യസിനിമ എന്ന പോലെ ആദ്യം നായകനായ ചിത്രവും എം.ടിയിലൂടെയായത് തികച്ചും യാദൃച്ഛികം. എം.ടിയുടെ രചനയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണയില്‍ ബാബു നമ്പൂതിരിയെ നായകനായി നിശ്ചയിച്ച് ഷൂട്ടിങ്ങും തുടങ്ങിയതാണ്. എന്നാല്‍ സംവിധായകന് ബാബുവിന്റെ അഭിനയം അത്ര തൃപ്തികരമായി തോന്നിയില്ല. എന്തായാലും മമ്മൂട്ടിയുടെ പേര് സിനിമയിലേക്ക് ആരോ നിര്‍ദ്ദേശിച്ചു. അങ്ങനെ എം.ടിയുടെ ഇടപെടലുകള്‍ ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ സിനിമയിലൂടെ മമ്മൂട്ടി നായകനായി. (1981ല്‍ തൃഷ്ണയ്ക്ക് തൊട്ടുമുന്‍പ് റിലീസായ മുന്നേറ്റമാണ് മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന് ശ്രീകുമാരന്‍ തമ്പി അവകാശപ്പെടുന്നുണ്ടെങ്കിലും ചിത്രത്തില്‍ രതീഷും ഒരു നായകനായ സ്ഥിതിക്ക് സോളോ ഹീറോ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കാനാവില്ല)
ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ എല്ലാ മുന്നേറ്റങ്ങളിലും എം.ടിയുടെ പങ്കുണ്ടായിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുളള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് എം.ടി തിരക്കഥയെഴുതിയ അടിയൊഴുക്കുകളിലെ (1984) പ്രകടനത്തിനായിരുന്നു. അടുത്ത സംസ്ഥാന അവാര്‍ഡ് എം.ടിയുടെ തന്നെ വടക്കന്‍ വീരഗാഥയിലെ (1989) പ്രകടനത്തിനും. ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നതും ഒരു എം.ടി ചിത്രത്തിലൂടെയാണ്, ഒരു വടക്കന്‍ വീരഗാഥ. (മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരമാണ് സര്‍ക്കാര്‍ തലത്തില്‍ മമ്മൂട്ടിക്ക് ആദ്യം ലഭിക്കുന്ന അംഗീകാരം. 1981ൽ ഇറങ്ങിയ ചിത്രം അഹിംസ, സംവിധാനം: ഐ.വി.ശശി. തിരക്കഥ: ടി.ദാമോദരന്‍)
മമ്മൂട്ടിയിലെ നടന്റെ സിദ്ധികള്‍ വളരെ ആഴത്തില്‍ പ്രയോജനപ്പെടുത്തിയ രണ്ട് പ്രധാനപ്പെട്ട സിനിമകളും എം.ടി രചിച്ചതാണ്. വീരഗാഥയും സുകൃതവും. ഏറെ സങ്കീര്‍ണ്ണമായ പ്രമേയം ഉള്‍ക്കൊളളുന്ന പ്രമേയം ഏതൊരു നടനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരുന്നു. പിരീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ അടക്കം പല വലിയ പ്രതിഭകളും വീണു പോയതായി കുഞ്ഞാലിമരക്കാര്‍, കടത്തനാടന്‍ അമ്പാടി എന്നീ സിനിമകളെ മുന്‍നിര്‍ത്തി ചിലര്‍ വാദിക്കുന്നത് കേള്‍ക്കാം. തീര്‍ത്തും അബദ്ധജടിലമായ കാഴ്ചപ്പാടാണിത്. ഏതു തരം വേഷങ്ങളും ഉള്‍ക്കൊളളാന്‍ പാകത്തിലുളള നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന് സംഭവിച്ച വീഴ്ചയും മമ്മൂട്ടിക്ക് സംഭവിച്ച നേട്ടവും ഒന്നാണ്. പഴശ്ശിരാജയിലും വടക്കൻ വീരഗാഥയിലും എം.ടിയെ പോലൊരു അതികായന്റെ തിരക്കഥയുടെ പിന്‍ബലം മമ്മൂട്ടിക്കുണ്ടായി. ഹരിഹരന്‍ എന്ന വലിയ പ്രതിഭയും സമാനമായ സംഭാവനകള്‍ നല്‍കി. എന്നാല്‍ ലാലിന്റെ രണ്ട് സിനിമകളും അപക്വമായ പ്രമേയ പരിചരണ രീതികള്‍ കൊണ്ട് അപ്രസക്തമായി.
മമ്മൂട്ടിയിലെ നടനെ വളരെ ഫലപ്രദമായി ഉപയോഗിച്ച അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ എന്നീ സിനിമകളൊക്കെ താരം എന്നതിനപ്പുറം നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായി. എം.ടി തന്റെ ആത്മാംശം ഉള്‍ക്കൊളളുന്ന രണ്ട് സിനിമകളിലും നായകനായി തെരഞ്ഞെടുത്തതും മമ്മൂട്ടിയെ തന്നെ. സുകൃതവും അക്ഷരങ്ങളും.
അപ്രസക്തരെ പ്രസക്തരാക്കിയ എം.ടി
സ്റ്റീരിയോ ടൈപ്പ് വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുകയും അഭിനയസിദ്ധിയുടെ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത ക്യാപ്റ്റന്‍ രാജുവിനും തന്നിലൊരു മികച്ച നടനുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ എം.ടി നിമിത്തമായി. വീരഗാഥയിലെ അരിങ്ങോടരായി രാജു തിളങ്ങുന്നത് കണ്ട എം.ടി രാജുവിന്റെ പുറത്ത് തട്ടി, ‘എനിക്കെന്റെ അരിങ്ങോടരെ കിട്ടി,’ എന്നു പറഞ്ഞ കഥ ക്യാപ്റ്റന്‍ തന്നെ പല വേദികളിലും ആവര്‍ത്തിച്ചിട്ടുണ്ട്.
സീമയുടെ അഭിനയസിദ്ധിയുടെ മാറ്റുരച്ച മിക്കവാറും എല്ലാ കഥാപാത്രങ്ങളും എംടിയുടേതായിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ അമ്മുക്കുട്ടി മുതല്‍ അക്ഷരങ്ങളും ആരൂഢവും വരെ നീളുന്ന പട്ടിക. സീമയ്ക്ക് അടുത്തടുത്ത വര്‍ഷങ്ങളില്‍ ലഭിച്ച രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും എം.ടി രചന നിര്‍വഹിച്ച സിനിമകളിലൂടെയായിരുന്നു.തിലകന്‍ എന്ന നടനെ അടയാളപ്പെടുത്താന്‍ എം.ടിയുടെ പെരുന്തച്ചന്‍ എന്ന കഥാപാത്രം മാത്രം മതി. മോനിഷയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ആദ്യസിനിമയിലൂടെ നേടികൊടുത്തതും എം.ടിയുടെ കഥാപാത്രമാണ്. ചിത്രം :നഖക്ഷതങ്ങള്‍.
മൂന്നാംകിട സിനിമകളിലെ സഹകാരിയായിരുന്ന സലീമ എന്ന നടിയില്‍ ഒന്നാംനിര അഭിനേത്രിയുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ചിത്രങ്ങളാണ് ആരണ്യകവും നഖക്ഷതങ്ങളും. ആരണ്യകത്തിലെ അത്ര ശക്തിയുളള സ്ത്രീകഥാപാത്രം മലയാള സിനിമയില്‍ തന്നെ അത്യപൂര്‍വമാണ്. പഞ്ചാഗ്നിയിലെ ഇന്ദിര എന്ന കഥാപാത്രമാണ് മറ്റൊരു ക്ലാസിക്കല്‍ ഉദാഹരണം. തെലുങ്ക് സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചു വന്ന ഗീതയില്‍ അപാരസിദ്ധികളുളള നടിയുണ്ടെന്ന് ആ ചിത്രം നമുക്ക് കാണിച്ചു തന്നു. വലിയ നടന്‍മാരുടെ ഗണത്തില്‍ ഒരിക്കലും പരിഗണിക്കപ്പെടാത്ത ദേവനിലെ പ്രതിഭയുടെ അംശങ്ങള്‍ കണ്ടെടുക്കാനും എം.ടി വേണ്ടി വന്നു. ചിത്രം : ആരണ്യകം.
ഇനിയുമുണ്ട് എണ്ണിയാല്‍ തീരാത്തത്ര ഉദാഹരണങ്ങള്‍. സത്യനും കൊട്ടാരക്കരയും അഭിനയകലയിലെ ഉദാത്ത നിമിഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച കാലത്ത് അവരുമായുളള താരതമ്യ വിശകലനത്തില്‍ അപ്രസക്തനായി കരുതപ്പെട്ട നടനാണ് നസീര്‍. താരം എന്ന നിലയിലെ വാണിജ്യമൂല്യം മാത്രമായിരുന്നു നസീറിന്റെ മേന്മയായി പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ അതുവരെ കാണാത്ത ഒരു പ്രേംനസീറിനെ നമുക്ക് കാണിച്ചു തന്നു. ഏതു നടനും എം.ടിയുടെ കഥാപാത്രമായി പരകായപ്രവേശം നടത്തി കഴിഞ്ഞാല്‍ ഉജ്ജ്വലപ്രകടനം കാഴ്ചവയ്ക്കുന്നത് കാണാം.
വലിയ അഭിനേത്രികളുടെ പട്ടികയില്‍ ആരും പരിഗണിക്കാത്ത നടി അംബികയുടെ ഏറ്റവും ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചിത്രമാണ് നീലത്താമര. നാടകനടനായിരുന്ന പി.ജെ. ആന്റണിയെയാണ് എം.ടി നിര്‍മ്മാല്യത്തിലെ കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാടായി തെരഞ്ഞെടുത്തത്. സ്റ്റീരിയോടൈപ്പ് വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ബാലന്‍ കെ നായരെ ഓപ്പോള്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച എം.ടിയുടെ സിനിമകളിലൂടെ.പി.ജെ.ആന്റണിക്കും (നിര്‍മ്മാല്യം) ബാലന്‍ കെയ്ക്കും (ഓപ്പോള്‍) ഭരത് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ജോമോള്‍ എന്ന നവാഗതയ്ക്ക് കന്നിചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിക്കാനും ഒരു എം.ടി കഥാപാത്രം നിമിത്തമായി. ചിത്രം: എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്.