'അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്ക്’; എനിക്ക് കിട്ടിയത്': പത്താം ക്‌ളാസ് മാർക്ക് വെളിപ്പെടുത്തി മോഹൻലാൽ
Mail This Article
പത്താംക്‌ളാസിലെ മാർക്ക് എത്രയാണെന്ന രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞു മോഹൻലാൽ. സ്‌കൂളിലുണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നു പറഞ്ഞ താരം ആർക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചർമാരെ കളിയാക്കാത്ത കുട്ടികളെ പൊതുവെ അവർ ഇഷ്ടപെടുമല്ലോ എന്നും പറഞ്ഞു. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പത്താം ക്‌ളാസിലെ കറക്റ്റ് മാർക്ക് കൃത്യമായി എനിക്ക് ഓർമയില്ല. എനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലല്ലോ. പത്താം ക്‌ളാസ് കഴിഞ്ഞാൽ നേരെ പ്രീഡിഗ്രി പഠിക്കാൻ കോളജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ല.
അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അവർക്ക് എന്നോട് സ്നേഹമായിരുന്നു''.– മോഹൻലാൽ പറഞ്ഞു.