ADVERTISEMENT

കാരവൻ പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെന്നു വെളിപ്പെടുത്തി ശോഭന. സെറ്റുമായും സിനിമയുമായുള്ള ബന്ധം കാരവൻ നഷ്ടപ്പെടുത്തുന്ന പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ശോഭന പറയുന്നു. കാലാവസ്ഥ നല്ലതാണെങ്കിൽ കാരവാൻ താൻ വേണ്ടെന്നു പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്. 

ശോഭനയുടെ വാക്കുകൾ: "എനിക്ക് കാരവാൻ താല്പര്യമില്ല. ഞാൻ വേണ്ടെന്നു പറഞ്ഞാലും എന്നോടു കാരവനിൽ കയറി ഇരിക്കാൻ പറയും. പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്നു പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടു പോയി തിരിച്ചു വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ മാത്രമല്ല എന്റെ തലമുറയിൽ പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞു പെരുമാറുന്നവരായിരുന്നു."

"കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിൽ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നു പോകുന്ന ഫീലാണ്. ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ട് എന്നു കരുതൂ. അവിടെ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ ആ ഇടവുമായി നമ്മൾ കണക്ട് ആകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാൻ കഴിയും. അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാൻ കഴിയും. കാരവാൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ കട്ട് ആകുന്ന പോലെ. അതിൽ കയറി ഇരിക്കുമ്പോൾ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. കുറച്ചു നേരം സോഷ്യൽ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയയ്ും. അതുകൊണ്ട്, കാലാവസ്ഥ നല്ലതാണെങ്കിൽ ഞാൻ കാരവാൻ വേണ്ടെന്നു പറയും. സെറ്റിലെ ഏതെങ്കിലും മുറിയിൽ ഇരുന്നോളാം എന്നു പറയും," ശോഭന പറയുന്നു 

"കൽക്കി സിനിമയിൽ ബച്ചൻ സർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം. ഇടയ്ക്കിടെ എഴുന്നേൽക്കും. പിന്നെ ഇരിക്കും. അദ്ദേഹത്തിന് മാത്രമായി അഞ്ചു ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാൻ അവിടെയുണ്ട്. അദ്ദേഹം പക്ഷേ, അതിനുള്ളിൽ പോകില്ല. കാരണം, അത് ഒട്ടും സുഖപ്രദമല്ല.  ഇപ്പോൾ കാരവാൻ വച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്നു തോന്നുന്നു. ഞാനിപ്പോൾ ഒറു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ട് ആണ്. അവർ ചോദിച്ചു, എന്റെ കൂടെ എത്ര പേർ കാണുമെന്ന്! ഞാൻ പറഞ്ഞു, ആരും ഉണ്ടാകില്ല എന്ന്. അവർ ഞെട്ടിപ്പോയി. പലരും ആർടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്," ശോഭന പറഞ്ഞു. 

കരിയറിന്റെ തുടക്കക്കാലത്ത് ആരും തന്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ലെന്നും ശോഭന പറയുന്നു. "എന്റെ വയസ്സിനെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. ശോഭന ഒരു ആർടിസ്റ്റാണ്. ഹിറ്റായി നിൽക്കുന്ന ഒരു നായികയാണ്. അവരെ ബുക്ക് ചെയ്യാം എന്നല്ലാതെ അയ്യോ... അവർക്ക് 15 വയസ്സല്ലേ ആയിട്ടുള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. അവർ പണം തരുന്നു. ബുക്ക് ചെയ്യുന്നു. ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നോ പാർട്ടിക്കു പോകണമെന്നോ ഒക്കെയുള്ള ചിന്തയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് ആ ചിന്തയുണ്ട്. എന്റെ മകൾ വരെ പറയും, ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്നു പുറത്തു പോകണം. ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണം. എന്റെ പ്രായത്തിലുള്ള കുട്ടികൾ പോകുന്നുണ്ടല്ലോ. അതുകൊണ്ട്, എനിക്കു പോകണം, എന്നൊക്കെ പറയും. അവർക്ക് അത് അറിയാം. പക്ഷേ, എന്റെ കാലഘട്ടത്തിൽ എനിക്ക് അത് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെങ്കിൽ സിനിമയിൽ അഭിനയിക്കണം. പാർട്ടി  എന്നാൽ എന്റെ സുഹൃത്തുക്കൾ! ഭക്ഷണം എന്നു പറഞ്ഞാൽ സെറ്റിൽ നിന്നു കിട്ടുന്നത്! എനിക്ക് അത് വലിയ നിധി കിട്ടിയ പോലെ ആയിരുന്നു. ആകെ പ്രശ്നം മലയാള സിനിമയാണ്. രാവിലെ നാലു മണിക്കു വന്നു വിളിക്കും. ‘ചേച്ചി... ചായ’ എന്നു പറഞ്ഞ് എഴുന്നേൽപ്പിക്കും. ആരും സിറ്റിയിൽ ഷൂട്ട് വയ്ക്കാറില്ല. ദൂരസ്ഥലത്താകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാൻ പറ്റൂ എന്നതാണ് ആകെയുള്ള അസൗകര്യം. ബാക്കിയെല്ലാ കാര്യങ്ങളും നല്ല പഠന അനുഭവങ്ങളായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ പഠിപ്പിച്ചത്. അവർ എന്നെ കൂട്ടിക്കൊണ്ടു പോകുന്ന സ്ഥലമാണ് ഞങ്ങൾ ആഘോഷിക്കുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യൽ ലൈഫ്. അതൊന്നും എല്ലാവർക്കും ലഭിക്കുന്ന അവസരങ്ങൾ അല്ലല്ലോ," ശോഭന വ്യക്തമാക്കി.

English Summary:

Shobhana remembering old age cinema making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com