ഒറ്റക്കൊമ്പൻ ആരംഭിച്ചു, കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി
Mail This Article
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി. ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഷിബിൻ ഫ്രാൻസിസിന്റേതാണ് രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം.