നായികയാണെന്നു പറഞ്ഞു, പക്ഷേ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി: ‘അണ്ണാത്തെ’ ചെയ്തതിൽ നിരാശയുണ്ടെന്ന് ഖുശ്ബു
Mail This Article
രജനികാന്തിനൊപ്പം ‘അണ്ണാത്തെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിൽ നിരാശയുണ്ടെന്ന് വെളിപ്പെടുത്തി നടി ഖുശ്ബു. രജനികാന്തിന്റെ നായിക എന്നു പറഞ്ഞാണ് സിനിമയിൽ കാസ്റ്റ് ചെയ്തതെന്നും, എന്നാല്‍ അവസാനം തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെ ആയിപ്പോയെന്നും ഖുശ്ബു പറയുന്നു. വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘എന്നോട് പറഞ്ഞതു പോലെ ആയിരുന്നില്ല ആ കഥാപാത്രം സിനിമയിൽ വന്നത്. എനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രമാണെന്ന് ആയിരുന്നു ആദ്യം പറഞ്ഞത്. രജനി സാറിനൊപ്പം വേറെയാരും ജോഡിയായി അഭിനയിക്കുന്നില്ലെന്നും ഞങ്ങൾ ഉടനീളം സിനിമയിൽ ഉണ്ടാകുമെന്നും വിശ്വസിച്ചാണ് പ്രോജക്റ്റ് സ്വീകരിച്ചത്.
കോമഡിയും ഫണ്ണുമെല്ലാമുള്ള ഒരു രസകരമായ കഥാപാത്രമായിരുന്നു അത്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ രജനി സാറിന്റെ കഥാപാത്രത്തിന് ഒരു നായികയുണ്ടാകുകയും എന്റെ കഥാപാത്രം കാരിക്കേച്ചറിഷ് ചെയ്യപ്പെടുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നി.’’–ഖുശ്ബുവിന്റെ വാക്കുകൾ.
കഥാപാത്രങ്ങളിലുണ്ടായ മാറ്റം രജനീകാന്തിന്റെ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം അങ്ങനെയുള്ള ആളല്ലെന്നും ഖുശ്ബു പറഞ്ഞു. എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ആരാധകരെ പ്രീതിപ്പെടുത്താനായിരിക്കാം അല്ലെങ്കിൽ സംവിധായകന്റെയോ നിർമാതാവിന്റെയോ തീരുമാനവുമാകാം. സിനിമയുടെ തുടക്കത്തിൽ തന്റെയും മീനയുടെയും കഥാപാത്രത്തിന് രജനീകാന്തിനൊപ്പം ഡ്യുവറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയാണ് ‘അണ്ണാത്തെ’. നയൻതാര നായികയായെത്തിയ സിനിമയിൽ കീർത്തി സുരേഷ് ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.