പുതിയ സിനിമ പ്രഖ്യാപിച്ച് ‘ഗോളം’ ടീം; വരുന്നത് ‘വാംപയർ ആക്‌ഷൻ ത്രില്ലർ’
Mail This Article
കഴിഞ്ഞ വർഷം മലയാളത്തിൽ സർപ്രൈസ് ഹിറ്റായി മാറിയ ‘ഗോളം’ സിനിമയുടെ അണിയറക്കാർ പുതിയ സിനിമയുമായി എത്തുന്നു. ഇത്തവണയും കഥയിലും കഥാപാത്രങ്ങളിലും നിരവധി പുതുമകളുമായാണ് ഇവർ എത്തുന്നത്. ‘ഹാഫ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നു വരെ പരീക്ഷിച്ചിട്ടില്ലാത്ത ‘വാംപയർ ആക്‌ഷൻ’ ജോണർ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.
സംജാദ് ആണ് സംവിധാനം. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ. ഗോളത്തിനു തിരക്കഥ നിർവഹിച്ചതും സംജാദും പ്രവീണും ചേർന്നാകും. ‘ദ് ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രഞ്ജിത്ത് സജീവിനൊപ്പം പ്രധാനവേഷത്തിൽ ഒരു നായിക കഥാപാത്രവും ഉണ്ടാകും.
ഗോളം സിനിമയേക്കാൾ വലിയ കാൻവാസിലാണ് ഈ സിനിമയൊരുങ്ങുന്നത്. കാസ്റ്റിങിലും മലയാളത്തിനു പുറമെ മറ്റു ഭാഷകളിലുള്ള താരങ്ങളും സിനിമയിൽ ഉണ്ടാകും. കൂടാതെ സാങ്കേതിക പ്രവർത്തകരും കേരളത്തിനു പുറത്തുനിന്നുള്ളവരാകും. ഫൈറ്റിന് ഏറെ പ്രാധാന്യമുളളതിനാൽ ഫൈറ്റ് മാസ്റ്റേഴ്സ് അടക്കമുള്ളവർ ഇന്ത്യയുടെ വെളിയിൽ നിന്നാകുമെന്നാണ് സൂചന.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.