2025ൽ തടി കുറച്ച് ചുള്ളനായി നിവിൻ പോളി; ചിത്രങ്ങൾ വൈറൽ
Mail This Article
നടൻ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. വണ്ണം കുറഞ്ഞ് വലിയ ട്രാൻസ്ഫർമേഷനിലാണ് നിവിനെ ചിത്രങ്ങളിൽ കാണാനാകുക. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്.
പ്രേക്ഷകരടക്കമുള്ളവർ നിവിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ഈ ചിത്രങ്ങൾക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാം. പഴയ പ്രസരിപ്പും ഊർജവും നിവിൻ കാണാനാകുന്നുണ്ടെന്നും ഇതേ ലുക്കിൽ എത്രയും പെട്ടന്നൊരു സിനിമ ചെയ്യൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
2024ൽ രണ്ടു ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തിയറ്ററുകളിലെത്തിയത്. മലയാളി ഫ്രം ഇന്ത്യയും വർഷങ്ങൾക്കു ശേഷവും. നിവിൻ അതിഥിവേഷത്തിലെത്തിയ വർഷങ്ങൾക്കു ശേഷം ബോക്സ്ഓഫിസിൽ വിജയം നേടി. ചിത്രത്തിലെ നിവിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടു.
ഫാർമയാണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ പ്രൊജക്റ്റ്. നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന ഈ വെബ് സീരീസിന്റെ സംവിധായകൻ പി.ആർ. അരുൺ ആണ്. അരുൺ തന്നെയാണ് ഫാർമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാർ, അലേഖ് കപൂർ എന്നിവരും ഫാർമയിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത് . ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ഡിയർ സ്റ്റുഡൻസ് ആണ് നിവിൻ പോളിയുടെ അടുത്ത തിയറ്റർ റിലീസ്. ‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്നു. ഒരു ഫീൽഗുഡ് എന്റർടെയ്നറായിരിക്കും സിനിമ.
ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.