ADVERTISEMENT

ആശീർവാദ് സിനിമാസിന്റെ 25 വര്‍ഷത്തെ യാത്രയിൽ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’ എന്ന് ആന്റണി പെരുമ്പാവൂർ.  ഇന്ത്യൻ സിനിമാ മേഖലയിൽ റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക് കുതിച്ച ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതുകൊണ്ട് തന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു.  തന്നെപ്പോലെ മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകരായ പൃഥ്വിരാജ് മുരളി, ഗോപി എന്നിവർ ഒന്നിച്ചപ്പോൾ ആശിർവാദ് സിനിമാസിന്റെ ഏറ്റവും ഔന്നിത്യത്തിലെത്തിച്ച സിനിമയാണ് പിറന്നത്. പൃഥ്വിരാജിന് തന്നോടുള്ള അചഞ്ചലമാണ സൗഹൃദത്തിന്റെ തെളിവാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും ആശിർവാദിന്റെ  ബാനറിൽ ആണെന്നുള്ളത്. മോഹൻലാൽ എന്ന നടനെ ആരാധകരുടെ ആഗ്രഹം പോലെ അവതരിപ്പിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് മാത്രമേ കഴിയൂ എന്നും ഈ യാത്രയിൽ പങ്കാളികളായതിന് മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നന്ദിപറയുന്നുവെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു. 

‘‘ആശിർവാദ് സിനിമാസിന്റെ 24-ാമത് നിർമാണമായ ലൂസിഫർ ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന അധ്യായമായി നിലകൊള്ളുന്നു. വർഷങ്ങളായി ഞാനും ലാൽ സാറും എണ്ണമറ്റ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന പ്രോജക്റ്റ് ഞങ്ങൾ അതുവരെ ചെയ്തതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.

പൃഥ്വിരാജും മുരളി ഗോപിയും ഒരുമിച്ച ആ ചിത്രം മലയാള സിനിമയെ അഭൂതപൂർവമായ ഔന്നത്യത്തിലേക്ക് ഉയർത്തി.  വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള അപാരമായ പ്രതിഭകളുടെ ഉറവിടമാണ് നമ്മുടെ ഈ ചെറിയ ലോകമെന്ന് അവർ ഒരുമിച്ച് ഇന്ത്യൻ സിനിമാലോകത്തിന് കാണിച്ചുകൊടുത്തു.ലാൽ സാറിനും പൃഥ്വിരാജിനും എനിക്കും ഇടയിൽ ലൂസിഫർ കെട്ടിപ്പടുത്ത സൗഹൃദം പിന്നീട് ബ്രോ ഡാഡിയിലെത്തുകയും  ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാനെ രൂപപ്പെടുത്തുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ആശീർവാദ് സിനിമാസിന് ഇന്ന് ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ ഒരു കാരണം ലൂസിഫറിന്റെ വിജയമാണ്, ഞങ്ങളെ ഇത്രയും ഉയരങ്ങളിലേക്ക് ഉയർത്തിയ ഈ ബന്ധത്തിനും സൗഹൃദത്തിനും ഞാൻ നന്ദിയുള്ളവനാണ്.

ആരാധകർ ആഗ്രഹിക്കുന്നതുപോലെ മോഹൻലാൽ എന്ന നടനെ അവതരിപ്പിക്കാൻ ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന് നന്നായി അറിയാം. ലാൽ സാറിന്റെ ഏറ്റവും വലിയ ആരാധകൻ എന്ന നിലയിൽ എനിക്ക് ലൂസിഫർ എനിക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു.  എന്നെപ്പോലെ ലാൽ സാറിനോട് അളവറ്റ സ്‌നേഹവും ബഹുമാനവുമുള്ള  പൃഥ്വിരാജ്, മുരളി ഗോപി എന്നീ സുഹൃത്തുക്കളെ കണ്ടെത്തിയതിൽ ഞാൻ ഭാഗ്യവാനാണ്.

നിരവധി അവിസ്മരണീയമായ ചിത്രങ്ങൾ ആശിർവാദ് സിനിമാസ് നിർമിച്ചപ്പോൾ, മലയാള സിനിമാലോകത്ത് റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് പറന്ന് ഞങ്ങളുടെ യാത്രയെ ഔന്നിത്യത്തിലേക്ക് എത്തിച്ചത് ലൂസിഫറാണ്. പൃഥ്വിരാജ് ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ആശീർവാദ് ബാനറിൽ ആണെന്നുള്ളത് ഞങ്ങൾ പങ്കിടുന്ന അചഞ്ചലമായ സുഹൃദ് ബന്ധത്തിന്റെ തെളിവാണ്. പ്രിയപ്പെട്ട ലാൽ സാറിനും രാജുവിനും മുരളിക്കും ലൂസിഫറിന്റെ മുഴുവൻ ടീമിനും ഈ അസാധാരണ യാത്രയുടെ ഭാഗമായതിന് നന്ദി പറയുന്നു"  ആന്റണി പെരുമ്പാവൂർ കുറിച്ചു.

English Summary:

Antony Perumbavoor about Lucifer movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com